»   » ഡാഡി കൂളിന്റെ ഗാന ചിത്രീകരണം അമേരിക്കയില്‍

ഡാഡി കൂളിന്റെ ഗാന ചിത്രീകരണം അമേരിക്കയില്‍

Posted By:
Subscribe to Filmibeat Malayalam
Daddy Cool
ആഷിക്‌ അബുവിന്റെ മമ്മൂട്ടി ചിത്രമായ ഡാഡി കൂളിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. പ്രധാന ലൊക്കേഷന്‍ എറണാകുളത്തായിരുന്നെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ ചിത്രീകരിച്ചത്‌ ചെന്നൈയിലായിരുന്നു. ഇനി ചില ഗാനരംഗങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കാനുള്ളൂ.

ഡാഡി കൂളിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയ ശേഷം മെയ്‌ തുടക്കത്തില്‍ മമ്മൂട്ടി കുടുംബ സമേതം അമേരിക്കയിലേക്ക്‌ പോകും. താരത്തിന്റെ കുടുംബ സുഹൃത്തായ അഡ്വക്കേറ്റ്‌ സ്‌റ്റാലിന്‍ കളത്തറയുടെ പ്രത്യേക ക്ഷണപ്രകാരമാണ്‌ അമേരിക്കന്‍ സന്ദര്‍ശനം.

അതിനിടെ ഡാഡി കൂളിന്റെ ചില ഗാനരംഗങ്ങള്‍ വിദേശത്ത്‌ ചിത്രീകരിയ്‌ക്കാന്‍ സിനിമയുടെ അണിയറക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതറിഞ്ഞ മമ്മൂട്ടി തന്നെ അമേരിക്കന്‍ യാത്രയില്‍ ഈ ഗാനരംഗങ്ങള്‍ ചിത്രീകരിയ്‌ക്കാം എന്ന്‌ നിര്‍ദ്ദേശിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഈ മാസം തന്നെ പൂര്‍ത്തിയാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.

മൂന്നാഴ്‌ചത്തെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന സൂപ്പര്‍ താരം വന്ദേമാതരത്തിന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ്‌ പദ്ധതിയിട്ടിരിയ്‌ക്കുന്നത്‌. ഇതിന്‌ ശേഷം ജയരാജ്‌, ഗിരീഷ്‌ എന്‍കെ എന്നിവര്‍ ഒരുക്കുന്ന ചിത്രങ്ങളുടെ വര്‍ക്കുകളിലേക്ക്‌ കടക്കും. ഇതില്‍ ഗിരീഷ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ണമായി മലേഷ്യയിലായിരിക്കും.

അമ്പത്‌ ദിവസമാണ്‌ ഈ ചിത്രത്തിന്‌ വേണ്ടി മമ്മൂട്ടി നീക്കിവെച്ചിരിയ്‌ക്കുന്നത്‌. അറബിക്കഥയുടെ നിര്‍മാതാവായ സക്കീര്‍ ഹുസൈനാണ്‌ ഈ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌.

പട്ടണത്തില്‍ ഭൂതം, കുട്ടിസ്രാങ്ക്‌, പഴശ്ശിരാജ, വന്ദേമാതരം, ഡാഡി കൂള്‍ എന്നിങ്ങനെ അഞ്ച്‌ മമ്മൂട്ടി ചിത്രങ്ങള്‍ ഇതോടെ പ്രദര്‍ശന സജ്ജമാവുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam