ശരിക്കും തത്വമസി എന്താണ്? ചിരിയുടെ അമിട്ടുമായി സച്ചിന്‍ വരുന്നു! വലിയ കളികളില്ല ചെറിയ കളികള്‍ മാത്രം
ചിരിയുടെ അമിട്ട് പൊട്ടിക്കാന്‍ കിടിലനൊരു സിനിമ വരികയാണ്. സച്ചിന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അന്ന രാജന്‍, എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയുന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.
സച്ചിന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. അമ്പലത്തിന് മുന്നില്‍ എഴുതി വെച്ചിരിക്കുന്ന തത്വമസിയുടെ അര്‍ത്ഥം അന്വേഷിച്ച് നടക്കുന്ന സച്ചിനെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ധ്യാനിനൊപ്പം അജു വര്‍ഗീസ്, അപ്പനി ശരത്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

തികച്ചും ഒരു കോമഡി എന്റര്‍ടെയിനറായി നിര്‍മ്മിച്ചിരിക്കുന്ന സച്ചിന്‍ സമകാലിക സംഭവങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ജെജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്നസ് സുധീര്‍, ജൂബി നൈനാന്‍, എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് സച്ചിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരുടെതാണ് സംഗീതം.
ടീസര്‍ പങ്കുവെച്ച് കൊണ്ട് രമേഷ് പിഷാരടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രാജന്‍, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയുന്ന ചിത്രം 'സച്ചിന്‍' ടീസര്‍..! ഷൊഹൈബ് അക്തര്‍, ഷൈന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഇവരൊന്നും അല്ലെങ്കിലും അജു വര്‍ഗീസ്, അപ്പനി ശരത്, ഹരീഷ് കണാരന്‍, എന്നിങ്ങനെ കളിക്കാര്‍ ഒരുപട്.. വലിയ കളികള്‍ ഇല്ല ചെറിയ കളികള്‍ മാത്രം. എന്നുമാണ് ഫേസ്ബുക്കിലൂടെ പിഷാരടി പറയുന്നത്.


Click it and Unblock the Notifications











