»   » ഡയല്‍ 1091ന്റെ തിരക്കഥയെഴുതുന്നത് പൊലീസ്

ഡയല്‍ 1091ന്റെ തിരക്കഥയെഴുതുന്നത് പൊലീസ്

Posted By:
Subscribe to Filmibeat Malayalam
Dial 1091
പലസംഭവങ്ങളും കേസുകളും കേള്‍ക്കുമ്പോള്‍ നമ്മള്‍ ചോദിച്ചുപോകാറുണ്ട്, ഈ പൊലീസുകാര്‍ മനുഷ്യര്‍ തന്നെയല്ലേയെന്ന്, ഇത്തരം ചോദ്യങ്ങള്‍ പൊസിറ്റീവ് ആയും നെഗറ്റീവ് ആയും പതിവായി കേള്‍ക്കുകയോ ചോദിക്കുകയോ ചെയ്യുന്നതാണ്. ചില പൊലീസുകാര്‍ മനുഷ്യത്വത്തിന്റെ ഒരു കണിക പോലും കാണിയ്ക്കാതെ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മറ്റുചിലര്‍ വളരെ വൈകാരികമായും സ്വന്തം പ്രശ്‌നമെന്ന പോലെയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്.

എന്തായാലും പൊലീസുകാര്‍ കഥ പറയുന്നൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്, പൊലീസുകാര്‍തന്നെയാണ് ചിത്രം തയ്യാറാക്കുന്നത്.

ഡയല്‍ 1091 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഒരു റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സാന്റോ തട്ടില്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിന് മുമ്പ് തൃശൂര്‍ ജില്ലയിലെ പൊലീസുകാരില്‍ ചിലര്‍ രാഹുല്‍ വ്യാസ് 15 എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു, ഇതില്‍ യുവാക്കളിലെ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റുമായിരുന്നു വിഷയമാ3ക്കിയത്. എം സുരേന്ദ്രന്‍ തന്നെയായിരുന്നു കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. തന്റെ ഔദ്യോഗിക ജീവിതത്തിനിടെ താന്‍ നേരിട്ടുകണ്ട കാര്യങ്ങളാണ് അദ്ദേഹം ചിത്രത്തിലൂടെ കാണിച്ചത്.

ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് താനീ വിഷയത്തില്‍ ഒരു ചിത്രമെടുക്കുന്ന കാര്യം ചിന്തിച്ചതെന്ന് അദ്ദേഹം പറയുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരേ നടക്കുന്ന ഒട്ടേറെ അക്രമങ്ങളും അതുമായി ബന്ധപ്പെട്ട കേസുകളും ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതില്‍ ചെറിയൊരു ശതമാനം മാത്രമാണ് വാര്‍ത്തയാകുന്നത്. മൊബൈല്‍ ഫോണിന്റെയും മറ്റും അമിതമായ ഉപയോഗത്തിലൂടെ ഒട്ടേറെ പെണ്‍കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരകളായിപ്പോകുന്നുണ്ട്. ചിലര്‍ വീട്ടിനുള്ളില്‍ അച്ഛനുള്‍പ്പെടെയുള്ളവരാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.

ഇത്തരം സംഭവങ്ങള്‍ക്കുപിന്നാലെ ആത്മഹത്യയുടെ വക്കിലെത്തിയ ഒട്ടേറെ പെണ്‍കുട്ടികളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്, പലരെയും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഈ അനുഭവങ്ങളെല്ലമാണ് ഈ വിഷയത്തില്‍ ഒരു ചിത്രമെടുക്കണമെന്ന ലക്ഷ്യത്തിന് പിന്നില്‍- സുരേന്ദ്രന്‍ പറയുന്നു.

ആളുകളെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കണമെന്ന് ആഗ്രഹമുണ്ട്. ആദ്യം ഒരു ഹ്രസ്വചിത്രമെടുക്കുന്നതിനെക്കുറിച്ചായിരുന്നു ആലോചന. എന്നാല്‍ പലരും അത് സാധാരണ ചലച്ചിത്രമാക്കണമെന്ന് ആവശ്യപ്പെട്ടു, അങ്ങനെയാണ് ഫീച്ചര്‍ ഫിലിം തന്നെയാക്കാം എന്ന് തീരുമാനിച്ചത്- സുരേന്ദ്രന്‍ വിശദീകരിച്ചു.

ആറ് പെണ്‍കുട്ടികള്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ മാസത്തില്‍ തുടങ്ങും. ലാലു അലക്‌സ്, രാജീവ് മേനോന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെഡികെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
A full length feature film Dial 1091 dealing with the atrocities against women is being directed by civil police officer Santo Thattil with screenplay by Kodungalloor Circle Inspector M. Surendran.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam