»   » ദിലീപ് കുട്ടികളുടെ വേലന്‍

ദിലീപ് കുട്ടികളുടെ വേലന്‍

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ വിജയിക്കണമെങ്കില്‍ കുട്ടികളെ കയ്യിലെടുക്കണം. കുട്ടികള്‍ കാണണമെന്നു തീരുമാനിച്ചാല്‍ ഒരു സിനിമ വിജയിച്ചു. ഈയൊരു മനശാസ്ത്രം നന്നായി അറിയുന്ന നടനാണ് ദിലീപ്. അതുകൊണ്ടാണ് ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും കുട്ടികളെ മുന്നില്‍ക്കണ്ടുകൊണ്ട് ദിലീപ് കാര്യങ്ങള്‍ നീക്കുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ശൃംഗാരവേലന്റെയും കാര്യം മറ്റൊന്നല്ല. മുതിര്‍ന്നവര്‍ക്ക് ചിത്രം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലെങ്കിലും ചിത്രത്തിലെ തമാശ കണ്ട് കുട്ടികള്‍ തിയറ്റര്‍ ഇളക്കി മറിക്കുകയാണ്. അവിടെയാണ് ചിത്രത്തിന്റെ വിജയവും.

ദിലീപ് ചിത്രങ്ങള്‍ക്കൊരു രീതിയുണ്ട്. ഏതു സീരിയസ് ചിത്രമാണെങ്കിലും അതില്‍ കുട്ടികളെ വീഴ്ത്താന്‍ പറ്റിയ കുറേ കോമഡികളുണ്ടായിരിക്കും. കുട്ടികളുടെ പ്രസിദ്ധീകരണം വായിക്കുന്നതു പോലെയായിരിക്കും ദിലീപ് ചിത്രങ്ങളും. സിഐഡി മൂസയുടെ വിജയത്തോടെയാണ് ദിലീപ് ഈ രീതി സ്ഥിരമാക്കിയത്. സീന്‍ ബൈ സീന്‍ തമാശയായിരുന്നു മുസയുടെ വിജയം. ആ ചിത്രം ഇപ്പോഴും കാണുന്നത് കുട്ടികള്‍തന്നെ. കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ചിത്രങ്ങള്‍ വീണ്ടും വിജയിപ്പിച്ചെടുക്കാമെന്ന് ദിലീപിനും കഥയും തിരക്കഥയുമെഴുതുന്ന സിബിക്കും ഉദയനും മനസ്സിലായി.

Dileep

ദിലീപ് തമാശ കുറവായ ചിത്രായിരുന്നു കൊച്ചീ രാജാവും ഇന്‍സ്‌പെക്ടര്‍ ഗരുഡും. ആ ചിത്രം മൂസയുടെ വിജയം ആവര്‍ത്തിച്ചതുമില്ല. എന്നാല്‍ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിലെല്ലാം ദിലീപ് മൂസ സ്റ്റൈല്‍ തമാശകള്‍ കൊണ്ടുവന്നിരുന്നു. മായാമോഹിനിയും മൈ ബോസും മിസ്റ്റര്‍ മരുമകനുമെല്ലാം ഇങ്ങനെ പരീക്ഷിച്ച വിജയങ്ങളായിരുന്നു. അത് ക്ലിക്കാകുകയും ചെയ്തു. അതോടെ ഇതേരീതി തന്നെ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

തമാശയും സെന്റിമെന്റ്‌സും ആള്‍മാറാട്ടവും പകരക്കാരനായി വരുന്നതുമൊക്കെയാണ് ദിലീപ് ചിത്രങ്ങളുടെ രീതി. ശൃംഗാരവേലനും അതുതന്നെയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ മിക്കയിടത്തും കുട്ടികളെ ചിരിപ്പിച്ച് കീഴടക്കാനുള്ള വിദ്യകള്‍ തിരക്കഥാകൃത്തുക്കള്‍ പ്രയോഗിച്ചിട്ടുണ്ട്. ലോജിക് നോക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഇഷ്ടപ്പെടില്ല. എന്നാല്‍ അടുത്തിരിക്കുന്ന കുട്ടികള്‍ തലതല്ലി ചിരിക്കുകയും ചെയ്യും. കുട്ടികളുടെ സന്തോഷമാണല്ലോ രക്ഷിതാക്കളുടെ സന്തോഷം. അതോടെ ലോജിക്കിന്റെ കാര്യം അവര്‍ മറക്കും. ചിത്രം വിജയിക്കുകയുംചെയ്യും. കുട്ടികളുടെ വേലന്‍ മാത്രമല്ല ദിലീപ് വേന്ദ്രന്‍ കൂടിയാണ്.

English summary
Jose Thomas' movie Srigaravelan staring Dileep it's also for children,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam