»   » ആസിഫ് അലി എന്തുകൊണ്ട് ഓമനക്കുട്ടന്‍ പ്രമോട്ട് ചെയ്തില്ല, സിനിമയുടെ ഈ അവസ്ഥയ്ക്ക് കാരണം ആസിഫ് ?

ആസിഫ് അലി എന്തുകൊണ്ട് ഓമനക്കുട്ടന്‍ പ്രമോട്ട് ചെയ്തില്ല, സിനിമയുടെ ഈ അവസ്ഥയ്ക്ക് കാരണം ആസിഫ് ?

By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയിട്ടും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ ലഭിയ്ക്കാത്തതാണ് ഇപ്പോള്‍ മലയാള സിനിമയിലെ ചര്‍ച്ചാ വിഷയം. സംഭവത്തില്‍ വികാരഭരിതനായി ആസിഫ് അലി ഫേസ്ബുക്കിലെത്തി.

ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കണമെന്ന് ആസിഫ് അലിയുടെ അപേക്ഷ, എന്തുകൊണ്ട് കിട്ടുന്നില്ല?


ഫേസ്ബുക്ക് ലൈവില്‍ വന്ന് ആരാധകരുമായി നേരിട്ട് സംവദിയ്ക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് എഴുതുകയുമായിരുന്നു. താന്‍ സിനിമ പ്രമോട്ട് ചെയ്യാതിരുന്നതിന്റെ കാരണവും ചിത്രത്തിന് ഡിസ്ട്രിബ്യൂഷന്‍ ലഭിക്കാത്തതിന്റെ കാരണവും ആസിഫ് പറയുന്നു.


വേഗം പോയി കാണൂ..

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം റിലീസായി. വേഗം പോയി സിനിമ കാണൂ, അല്ലെങ്കില്‍ തിയേറ്ററില്‍ നിന്ന് സിനിമ പോകുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രോഹിത്ത് ഫേസ്ബുക്ക് പോസ്റ്റിലെഴുതിയിരുന്നു. അത് തന്നെയാണ് എനിക്കും പറയാനുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് ആസിഫ് തുടങ്ങിയത്.


ഒരുപാട് പേരുടെ കഷ്ടപ്പാട്

ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട് ഈ സിനിമയില്‍. രണ്ട് വര്‍ഷം മുന്‍പേ തുടങ്ങിയതാണ് സിനിമയുടെ ഷൂട്ടിങ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഒരു ടീം വര്‍ക്കിന്റെ ഫലമാണ് ഈ സിനിമ. ഭാവനയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു ഈ സിനിമയ്ക്ക്. ഷൂട്ടിങിനിടെയാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്. എന്നിട്ടും ഞങ്ങളുടെ കൂടെ ലൊക്കേഷനില്‍ വന്ന് ഭാവന സഹകരിച്ചു.


ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ട്

സിനിമയ്ക്ക് ആവശ്യമായ പ്രമോഷന്‍ നല്‍കിയില്ല എന്നത് ഞങ്ങളുടെ ഭാഗത്തെ തെറ്റാണ്. പല തവണ ഷൂട്ടിങ് മാറിയും റിലീസ് മാറിയും എത്തിയ ചിത്രമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. ചിത്രത്തിന് മതിയായ പ്രമോഷന്‍ നല്‍കാനോ, റിലീസ് ഡേറ്റ് കൃത്യമായി എല്ലാവരെയും അറിയിക്കാനും കഴിഞ്ഞില്ല എന്നത് പോരായ്മയാണ്. പലര്‍ക്കും സിനിമ റിലീസ് ചെയ്തത് പോലും അറിയില്ല.


ഞാന്‍ പ്രമോട്ട് ചെയ്യാത്തത്

ഇതിനിടയില്‍ ആസിഫ് അലി എന്തുകൊണ്ട് സിനിമ പ്രമോട്ട് ചെയ്തില്ല എന്ന് ചിലര്‍ ചോദിയ്ക്കുന്നു. സത്യം പറഞ്ഞാല്‍, ഞാന്‍ കുറച്ചുനാളായി ഫേസ്ബുക്കില്‍ ആക്ടീവായിരുന്നില്ല. ഡി ആക്ടീവേറ്റ് ചെയ്തു വച്ചിരിയ്ക്കുകയായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷം ഇപ്പോഴാണ് ഫേസ്ബുക്ക് ലോഗിന്‍ ചെയ്തത്. ഇതെന്റെ സിനിമയാണ്. ഞാനതിനെ പ്രമോട്ട് ചെയ്തില്ല എന്ന് പറയരുത്. എന്റെ പ്രിയപ്പെട്ടവരാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ചവരെല്ലാം. പ്രമോഷന്‍ എന്നില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല.


ഫേസ്ബുക്ക് വിട്ടു നില്‍ക്കാന്‍ കാരണം

എന്തുകൊണ്ട് ഫേസ്ബുക്കില്‍ വരുന്നില്ല എന്ന് പലരും ചോദിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഭാവനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നവും അതിനെ ഫേസ്ബുക്ക് ചര്‍ച്ച ചെയ്ത രീതികളും ഏറെ വിഷമിപ്പിച്ചു. ആ സംഭവത്തെ രണ്ട് രീതിയില്‍ സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ ഫേസ്ബുക്ക് വേണ്ട എന്ന് വച്ചത്. ഇതിനോട് പ്രതികരിക്കാതെ വെറുതെ കണ്ടുകൊണ്ടിരിയ്ക്കാന്‍ വയ്യ. അതുകൊണ്ട് ഫേസ്ബുക്ക് ഡി ആക്ടിവേറ്റ് ചെയ്തു.


എന്നെ നോക്കണ്ട

ഇതിന് മുന്നെയുള്ള എന്റെ സിനിമകളുടെ പ്രശ്‌നം കൊണ്ട്, ആ സിനിമകളുമായി താരതമ്യം ചെയ്ത് ഈ സിനിമ കാണാതിരിയ്ക്കരുത്. ഇത് നല്ലൊരു സിനിമയാണ്. നിങ്ങള്‍ തിയേറ്ററില്‍ എത്താതിരിക്കാനുള്ള കാരണം ഞാനാണെങ്കില്‍ അത് മാറ്റിവച്ച് നിങ്ങള്‍ ഈ സിനിമ കണ്ടു നോക്കണം.


ടോറന്റില്‍ ഹിറ്റാകും

ഈ സിനിമ ടോറന്റി ഹിറ്റാകും എന്ന് എന്റെ മനസ്സിലുമുണ്ടായിരുന്നു. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തേണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് പ്രചരണ പരിപാടിയില്‍ നിന്ന് വിട്ടു നിന്നത്. ഫേസ്ബുക്കില്‍ ആക്ടിവല്ല എന്നതും കാരണമാണ്. അയാം ടോണി എന്ന സിനിമ കഴിഞ്ഞാല്‍ ഞാന്‍ നന്നായി അഭിനയിച്ച ചിത്രമാണെന്ന് പലരും പറയുന്നു.


ഇതൊരു പരീക്ഷണ ചിത്രം

ഇതൊരു ഭയങ്കര സംഭവമാണ്, ഒരു ബാഹുബലിയാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. ഇതൊരു പരീക്ഷണ ചിത്രമാണ്. ഇതിനെ പിന്തുണച്ചാലേ ഇനിയും ഇതുപോലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകൂ. പല തിയേറ്ററുകളില്‍ നിന്നും ഈ സിനിമ ഉടന്‍ മാറുമെന്നാണ് പറയുന്നത്. മള്‍ട്ടിപ്ലക്‌സില്‍ സിനിമയില്ല എന്നൊക്കെയുള്ളത് പ്രശ്‌നമാണ്. ഈ സിനിമ തിയേറ്ററില്‍ ഓടാന്‍ വേണ്ടിയാണ് ഞാനിത്രയും അപേക്ഷിക്കുന്നത്- ആസിഫ് അലി പറഞ്ഞു

English summary
Don't compare 'Adventures of Omanakuttan' with my past films says Asif Ali
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam