»   » എഡിറ്റര്‍ സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് 10 കല്‍പനകള്‍

എഡിറ്റര്‍ സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് 10 കല്‍പനകള്‍

By: Muhammed Thanveer
Subscribe to Filmibeat Malayalam

കൊച്ചി: ഡോണ്‍ മാക്‌സ് എന്ന മികച്ച എഡിറ്റര്‍ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് 10 കല്‍പനകള്‍.. ചിത്രസംയോജകന്‍ തന്നെ സംവിധാനം നിര്‍വ്വഹിക്കുമ്പോള്‍ പ്രതിഫലിക്കേണ്ടുന്ന എഡിറ്റിംഗ് മികവ് ഏറെക്കുറെ സിനിമയില്‍ പ്രകടമാണ്. കിഷോര്‍ മണിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇടുക്കിയുടെ സൗന്ദര്യം നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ഹെലിക്യാം ഷോട്ടുകളും ചിത്രത്തിനു മാറ്റുകൂട്ടി. ക്രൈം ത്രില്ലറിന് പഞ്ച് കൂട്ടുന്നതിന് പാകത്തിനുളള പശ്ചാത്തല സംഗീതമാണ് നവാഗതന്‍ മിഥുന്‍ ഈശ്വര്‍ ഒരുക്കിയിരിക്കുന്നത്. ഇതുവരെ കണ്ടുവന്നിട്ടുള്ള ക്രൈം ത്രില്ലറുകളില്‍ ഗാനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തു കണ്ടിട്ടില്ല. എന്നാല്‍ 10 കല്‍പ്പനകളില്‍ ഗാനങ്ങള്‍ കൃത്യമായി തന്നെ സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.


donmax10kalpanakal

തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാത്ത വില്ലനില്‍ നിന്നും തെളിവുകള്‍ കണ്ടെത്താനുള്ള പെടാപ്പാടിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചില കള്ളങ്ങള്‍ സത്യമാണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ എളുപ്പമാണ്. അത്തരം ഒരു കള്ളം ഒരാളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കുമെന്നെല്ലാം ചിത്രം കാട്ടിത്തരുന്നുണ്ട്. ദൈവവിശ്വാസിയെ പറ്റിക്കാനെളുപ്പമാണെന്നും എന്നാല്‍ തിന്മകള്‍ സംഭവിക്കും മുന്‍പേ അദൃശ്യമായ ചില ഇടപെടലിലൂടെ വിശ്വാസിയെ കാത്തുരക്ഷിക്കുമെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു.


സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഇന്ന് തക്കതായ ശിക്ഷ ലഭിക്കുന്നുണ്ടോ? ഇല്ല. സമീപകാലത്തുനടന്ന മിക്കസംഭവങ്ങളും അതിനടിവരയിടുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പഴുതുകള്‍ തുറന്നുകാണിക്കുന്നതിനൊപ്പം, നിയമ വ്യവസ്ഥയെ പാടേ വിമര്‍ശിച്ചിട്ടുണ്ട്. നീതി നിഷേധിക്കപ്പെടുകയും, പ്രതികള്‍ നിഷ്പ്രയാസം രക്ഷപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നാളില്‍, ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ സൗമ്യ വധവും, ജിഷ സംഭവവുമെല്ലാം നമ്മുടെ മനസ്സിലേക്കോടിയെത്തും.


സ്പര്‍ശിക്കുന്ന വിഷയങ്ങളുടെ കാലികപ്രാധാന്യം, 10 കല്‍പ്പനകളെ, കണ്ടിരിക്കേണ്ട ഒരു ചിത്രമാക്കി മാറ്റുന്നു. ആദ്യസംരംഭത്തിനായി, ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത ഡോണ്‍ മാക്‌സ് അഭിനന്ദനം അര്‍ഹിക്കുന്നു. നീതിപീഠത്തിന് തെളിവുകളാണ് ആവശ്യമെങ്കില്‍ മനുഷ്യ മനസാക്ഷിക്ക് അതിന്റെ ആവശ്യമില്ലെന്ന് ചിത്രം പറയാതെ പറയുന്നുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടുന്നില്ല, അവര്‍ ഒരിക്കല്‍ ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് ചിത്രം മനസിലാക്കിത്തരുമ്പോള്‍ തെല്ലാശ്വാസത്തോടെ തീയറ്റര്‍ വിട്ടിറങ്ങാം

English summary
DonMax about his movie 10 Kalpanakal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam