»   » 2012ല്‍ മമ്മൂട്ടിയ്ക്ക് 2 രഞ്ജിത്ത് സിനിമകള്‍

2012ല്‍ മമ്മൂട്ടിയ്ക്ക് 2 രഞ്ജിത്ത് സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam
Mammootty-Ranjith
ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ രണ്ട് ലഡ്ഡുക്കള്‍ പൊട്ടുന്നൊരു വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നു. 2012ല്‍ മമ്മൂട്ടിയും രഞ്ജിത്തും കൈകോര്‍ക്കുന്ന രണ്ട് സിനിമകള്‍ ഉണ്ടാവുമെന്ന വിശേഷമാണ് പുറത്തുവന്നിരിയ്ക്കുന്നത്.

ഇതില്‍ മലബാര്‍ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് ജിഎസ് വിജയനായിരിക്കും. നേരത്തെ രഞ്ജിത്ത് ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ മലബാറിന്റെ തിരക്കഥാ ജോലികള്‍ മാത്രമായിരിക്കും രഞ്ജിത്ത് കൈകാര്യം ചെയ്യുകയെന്ന് വ്യക്തമായി കഴിഞ്ഞു. അനൂപ് മേനോന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്് പോലൊരു കരുത്തുറ്റ കഥാപാത്രമാണ് മമ്മൂട്ടിയ്ക്ക് വേണ്ടി മലബാറിലും രഞ്ജിത്ത് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ആഗസ്റ്റില്‍ ചിത്രീകരണമാരംഭിയ്ക്കുന്ന സിനിമ കോഴിക്കോടും സമീപപ്രദേശങ്ങളിലുമായാണ് ചിത്രീകരിയ്ക്കുന്നത്. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമല പൂര്‍ത്തിയാക്കിയതിന് ശേഷം മലബാര്‍ ആരംഭിയ്ക്കാനാണ് മമ്മൂട്ടി തീരുമാനിച്ചിരിയ്ക്കുന്നത്.

മമ്മൂക്ക ആരാധകരുടെ സന്തോഷം ഇരട്ടിപ്പിയ്ക്കുന്നതാണ് അടുത്ത വിശേഷം. മലബാര്‍ പൂര്‍ത്തിയായതിന് പിന്നാലെ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ കൂടി മമ്മൂട്ടി വേഷമിടുകയാണ്. ഉറുമി ഫെയിം ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ് ജോര്‍ജ്ജാണ്.

നേരത്തെ ദീപന്‍ സംവിധാനം ചെയ്യുന്ന ന്യൂസ്‌മേക്കര്‍ നിര്‍മിയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് എസ് ജോര്‍ജ് പറയുന്നു. എന്നാല്‍ ഈ സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു. ഈ സാഹചര്യത്തിലാണ് രഞ്ജിത്ത് ചിത്രം നിര്‍മിയ്ക്കാന്‍ മമ്മൂക്ക ആവശ്യപ്പെടുകയായിരുന്നുവെന്ന് ജോര്‍ജ് വ്യക്തമാക്കി.

സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങുമെന്ന് കരുതപ്പെടുന്ന രഞ്ജിത്ത് സിനിമയുടെ വിശേഷങ്ങള്‍ അധികം വൈകാതെ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

English summary
Ranjith arguably more favoured superstar Mammootty has been roped in for two of his back-to-back projects

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam