»   » സിനിമാ പ്രതിസന്ധിക്കിടയിലും തളരാതെ മുന്നോട്ട്, കാട് പൂക്കുന്ന നേരം ജനുവരി ആറിന് റിലീസ് ചെയ്യും

സിനിമാ പ്രതിസന്ധിക്കിടയിലും തളരാതെ മുന്നോട്ട്, കാട് പൂക്കുന്ന നേരം ജനുവരി ആറിന് റിലീസ് ചെയ്യും

Posted By: Nihara
Subscribe to Filmibeat Malayalam

തിയേറ്റര്‍ ഉടമകളുമായുള്ള പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ തന്റെ പുതിയ ചിത്രമായ കാട് പൂക്കുന്ന നേരം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ജനുവരി ആറിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഐഎഫ്എഫ്‌കെ,ഗോവന്‍ ചലച്ചിത്ര മേള, മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി ഏഴോളം ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. തിയേറ്റര്‍ പ്രതിസന്ധിക്കിടയിലും ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടര്‍ ബിജു ഫിലിമി ബീറ്റിനോട് സംസാരിക്കുന്നു.

പൂര്‍ണ്ണമായും കാടിനുള്ളില്‍ ചിത്രീകരിച്ച സിനിമ മാവോയിസ്റ്റുകള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത തുറന്നുകാട്ടുന്നു. സിനിമയില്‍ പ്രതിപാദിച്ച വിഷയം ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് സംഭവിച്ചത് യാദൃശ്ചികമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

പ്രതിസന്ധിക്കിടയില്‍ റിലീസ്

തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നം തുടരുന്നതിനിടയിലാണ് ഡോ ബിജുവിന്റെ കാട് പൂക്കുന്ന നേരം തിയേറ്ററുകളിലേക്കെത്തുന്നത്. മുന്‍നിര സംവിധായകരടക്കം തങ്ങളുടെ ചിത്രത്തിന്റെ റിലീസ് മാറ്റവെച്ചിരിക്കുന്നതിനിടയില്‍ തന്റെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കുകയാണ് സംവിധായകന്‍. കേരളത്തില്‍ 30 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് താല്‍പര്യവുമായി നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധിക്കിടയിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

പൂര്‍ണ്ണമായും കാടിനുള്ളില്‍ ചിത്രീകരിച്ച സിനിമ

കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, പത്തനം തിട്ടയിലെ അടവി എന്നിവിടങ്ങളിലായി 30 ദിവസമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും വനത്തിനുള്ളില്‍ ചിത്രീകരിച്ച തന്റെ ആദ്യ സിനിമയാണിത്. വനത്തിലായതിനാല്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ചിത്രീകരണത്തിനിടയില്‍ നേരിട്ടിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഏഴ് ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്ന കാഴ്ചയാണ് മേളകളില്‍ കാണാന്‍ കഴിഞ്ഞത്. ചിത്രത്തിന്റെ റിലീസിങ്ങിന് ശേഷം തിയേറ്ററുകളില്‍ ഇത്തരം തിരക്കുണ്ടാവുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറണം

സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫീച്ചര്‍ സിനിമകള്‍ക്ക് നേരെ മുഖം തിരിക്കുന്ന പ്രേക്ഷകരുടെ മനോഭാവത്തിന് മാറ്റം വരണം. ഇത്തരം സിനിമകളിലൂടെ പ്രേക്ഷക കാഴ്ചപ്പാട് മാറ്റാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നത്. പ്രേക്ഷകര്‍ക്ക് മനസ്സിലാവാത്തതായി യാതൊന്നും ഈ സിനിമയിലില്ലെന്നും സംവിധായകന്‍ പറഞ്ഞു.

English summary
DR Biju's Kaadu Pookkunna Neram gained popularity in major film festivals is all set to release amidst the strike called by the producers of commercial films. The film will be released on January 6.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam