»   » വീട് വിറ്റെടുത്ത സിനിമ 'എന്റെ' തിയേറ്ററുകളിലേക്ക്‌

വീട് വിറ്റെടുത്ത സിനിമ 'എന്റെ' തിയേറ്ററുകളിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Ente Cinema
ലൈംഗീക പീഡനമേല്‍ക്കേണ്ടിവരുന്നവരും സെക്‌സ് റാക്കറ്റിന്റെ പിടില്‍പ്പെടുന്നവരുമായ പെണ്‍കുട്ടികളെയും സ്ത്രീകളെയും പുനരധിവസിപ്പിക്കാന്‍ രണ്ട് ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന ഡോ. സുനിതാ കൃഷ്ണന്‍ നിര്‍മ്മാതാവായ 'എന്റെ' എന്ന സിനിമ ജനുവരി നാലിന് തീയേറ്ററുകളിലെത്തും. മലയാളത്തിലും തെലുങ്കിലും എടുത്തിരിക്കുന്ന സിനിമയില്‍ മറാഠിനടി അഞ്ജലി പട്ടേല്‍, സിദ്ധിഖ്, നീനാ കുറുപ്പ് എന്നിവരാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്ന മനുഷ്യരെ സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോഴിക്കോട് നടന്ന സിനിമയുടെ പോസ്റ്റര്‍ പ്രകാശനച്ചടങ്ങില്‍ സുനിത പറഞ്ഞു. താന്‍ കണ്ടറിഞ്ഞ കഥയാണ് 'എന്റെ' എന്ന ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രം എടുത്തിരിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. ഏതൊരു പെണ്‍കുട്ടിക്കും സംഭവിക്കാവുന്ന അനുഭവങ്ങളാണ് ഇതിലെ കേന്ദ്രകഥാപാത്രത്തിനും അനുഭവിക്കേണ്ടിവരുന്നത്. ഇത്തരമൊരു കഥയായതുകൊണ്ടുതന്നെ നിര്‍മ്മാതാക്കളെ കിട്ടിയില്ല. ഒടുവില്‍ സ്വയം നിര്‍മ്മാതാവായി. ചിത്രമെടുക്കാന്‍ സ്വന്തം വീടുവരെ വില്‍ക്കേണ്ടി വന്നുവെന്നും സുനിത പറയുന്നു.

സുനിതയുടെ ഭര്‍ത്താവും സംവിധായകനുമായ രാജേഷ് ടച്ച്‌റിവറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കൊമേഴ്‌സ്യല്‍ ചിത്രമായതിനാല്‍ മൂന്നരക്കോടി രൂപ ചെലവിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി നാലിന് കേരളത്തിലെ 40 കേന്ദ്രങ്ങളില്‍ സിനിമ റീലീസ് ചെയ്യും. തെലുങ്ക് പതിപ്പിന്റെ റിലീസിങ് ജനുവരി അവസാനവാരത്തിലാണെന്നും രാജേഷ് വ്യക്തമാക്കി.
തെരുവിലെറിയപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ആന്ധ്ര കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്ന മലയാളിയായ സുനിത കൃഷ്ണന്‍ ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാണ്.

ചെറുപ്പകാലത്ത് സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളാണ് സുനിതയെ ലൈംഗീകപീഡനമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കരുത്ത് നല്‍കിയത്. സെക്‌സ് റാക്കറ്റുകളില്‍്യൂനിന്നും പെണ്‍കുട്ടികളെ മോചിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ 21 വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് സുനിത. തങ്ങളുടെ പ്രവര്‍ത്തനമേഖലയെ തന്നെ കേന്ദ്രീകരിച്ചാണ് സുനിതയും രാജേഷും ഈ സിനിമ ചെയ്തിരിക്കുന്നത്. കോളിളക്കമേറെയുണ്ടാക്കിയ ഡല്‍ഹി കൂട്ടമാനഭംഗ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതേ പ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമ എത്തുന്നത്.

English summary
‘Ente’ releasing on January 4, 2013.The film,directed by debutant Rajesh Touchriver and produced along with social activist Sunitha Krishnan,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam