»   » എന്റെ സത്യാന്വേഷണ പരീക്ഷകള്‍ മുടങ്ങിയിട്ടില്ല

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ മുടങ്ങിയിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Ente Satyanveshana Pareekshakal
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരുക്കുന്ന എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ സുബില്‍ സുരേന്ദ്രന്‍. കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂല്‍ ചിത്രീകരിച്ചത്. ഇതിന് പി്ന്നാലെ പുറത്തുവന്ന ചില പോസ്റ്ററുകളും മറ്റും വിവാദമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കാര്യം അവതാളത്തിലാകുമെന്നതരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്നും ചിത്രത്തിന്റെ ജോലികള്‍ വേഗത്തില്‍ത്തന്നെ പുരോഗമിക്കുന്നുണ്ടെന്നുമാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്.

രണ്ടാഴ്ചത്തോളം നീണ്ട ആദ്യഷെഡ്യൂളില്‍ കുറേയേറെ ഭാഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞു. അടുത്ത ഘട്ടം തുടങ്ങണമെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്, ഇത് ശരിയായിക്കഴിഞ്ഞാല്‍ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിയ്ക്കും. എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട ചിത്രീകരണം നടത്തുന്നത്, അതിനാല്‍ത്തന്നെ എല്ലാവരുടെയും ഡേറ്റുകള്‍ ഒത്തുകിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്- സുബില്‍ പറയുന്നു.

സുരാജിനെക്കൂടാതെ മൈഥിലി, റഹ്മാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനറോളുകളില്‍ എത്തുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ ഹാസ്യ താരങ്ങള്‍ക്കുള്ള ഒരു ശ്രദ്ധാഞ്ജലിയായി മാറുന്നതായിരിക്കും ഈ ചിത്രമെന്നാണ് പറയപ്പെടുന്നത്. നെത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന് ശേഷം ശങ്കര്‍ ഒരുക്കുന്ന തിരക്കഥയാണ് ഇത്.

ഒരു ഹാസ്യ താരത്തിന്റെ വൈകാരികമായ പ്രതിസന്ധികളെതുറന്നുകാട്ടുന്നതാണ് ചിത്രമെന്ന് ശങ്കര്‍ പറയുന്നു. നമ്മള്‍ കാണുന്ന പല ഹാസ്യ താരങ്ങളുടെയും യഥാര്‍ത്ഥ സ്വഭാവവും ജീവിതവും സ്‌ക്രീനില്‍ കാണുന്നതില്‍ നിന്നും എത്രയോ വ്യത്യസ്തമാണ്, എന്നിട്ടും അവര്‍ വളരെ മനോഹരമായി ഹാസ്യം അവതരിപ്പിക്കുന്നു. അത്തരമൊരു കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്- ശങ്കര്‍ പറയുന്നു.

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ പാതിവഴിയില്‍ നില്‍ക്കേ സുബില്‍ പുതിയൊരു പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. നീ കൊ ഞാ ചാ യിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജുവുമായി ചേര്‍ന്ന് പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ളൊരു ചിത്രത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ എന്ന് സുബില്‍ പറയുന്നു. താരനിര്‍ണയം നടന്നുവരുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

English summary
Director Subil Surendran informs that they will film the next schedule of Suraj Venjaramoodu's Ente Satyanveshana Pareekshakal (ESP), sometime this year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam