»   » ഏഴാമത്തെ വരവ് ഇന്ദ്രജിത്തിന് വഴിത്തിരിവാകും

ഏഴാമത്തെ വരവ് ഇന്ദ്രജിത്തിന് വഴിത്തിരിവാകും

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Ezhamathe Varave
എം.ടിയും ഹരിഹരനും ഒന്നിക്കുക എന്നതിനര്‍ഥം നല്ലൊരു മലയാള സിനിമ തയ്യാറാകുന്നു എന്നതാണ്. ഇതിനു മുമ്പ് ഇവര്‍ ചെയ്ത 14 ചിത്രങ്ങളും മലയാളികള്‍ നെഞ്ചേറ്റിയതാണ്. ഇന്ദ്രജിത്തിനെയും ഭാവനയെയും ജോടികളാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ വരവ് എന്ന ചിത്രം എംടിയും ഹരിഹരനും ഒരുക്കുന്ന സ്മാള്‍ ബജറ്റ് ചിത്രമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സുകുമാരനെ നായകനാക്കി വളര്‍ത്തുമൃഗങ്ങള്‍ എന്ന ചിത്രമൊരുക്കിയ എംടി സുകുമാരന്റെ മകന്‍ ഇന്ദ്രജിത്തിനെ പുത്തന്‍ ഭാവത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലെ ഗോപി എന്ന വേഷത്തിലൂടെ.

ഹരിഹരന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നാല്‍ യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അംഗീകാരം തന്നെയാണ്. അത്തരമൊരു സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. ഗോപി മുതലാണി എന്ന എസ്റ്റേറ്റ് ഉടമയെയാണ് ഇന്ദ്രജിത്ത് ഇതില്‍ അവതരിപ്പിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ നായകനായിരുന്നെങ്കിലും നായകനടന്‍ എന്ന് ആരും ഇന്ദ്രനെ ഇതുവരെ അംഗീകരിച്ചിരുന്നില്ല. ഈ ചിത്രം തിയറ്ററിലെത്തുന്നതോടെ അങ്ങനെയൊരു പരിഭവവും ഇന്ദ്രജിത്തിന് ഇല്ലാതാകും.

ഹരിഹരന്റെ ആരണ്യകം എന്ന സിനിമ ടിവിയില്‍ കണ്ടതിന്റെ പിറ്റേ നാളാണ് ഭാവനയെ തേടി ഈ ചിത്രത്തിലെ നായികയുടെ വേഷമെത്തുന്നത്. ഗോപി മുതലാളിയുടെ ഭാര്യ ഭാനുമതിയായിട്ടാണ് ഭാവന അഭിനയിക്കുന്നത്. വ്യത്യസ്ത റേഞ്ച് പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള താരങ്ങള്‍ എന്നാണ് ഹരിഹരന്‍ രണ്ടുപേരെയും വിശേഷിപ്പിക്കുന്നത്. ഹരിഹരന്‍ മലയാള സിനിമയ്ക്കു പരിചയപ്പെടുത്ത വിനീതും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട്ടില്‍ ഗവേഷണത്തിനെത്തുന്ന ചരിത്രകാരനായി്ട്ടാണ് വിനീത് അഭിനയിക്കുന്നത്. ഇവരെ കൂടാതെ പുലിയാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. വിദേശത്തു വച്ചാണ് പുലിയുടെ സീന്‍ ചിത്രീകരിക്കുക.
പ്രകൃതി സംരക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഹരിഹരന്‍ ചിത്രമൊരുക്കുന്നത്. വേട്ടയും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും തമ്മിലുള്ള പോരാട്ടമാണീ ചിത്രം.

പഴശിരാജയ്ക്കു ശേഷം എം.ടിയും ഹരിഹരനും ചെയ്യാനിരുന്ന രണ്ടാമൂഴം തിരക്കഥപൂര്‍ത്തിയാകാതെ നീണ്ടപ്പോഴാണ് ഹരിഹരന്‍ എംടിയുടെ ഈ കഥ തിരഞ്ഞെടുക്കുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് എംടി എഴുതിയ കഥയാണിത്. പ്രകൃതി ചൂഷണം കൊടുമ്പിരിക്കൊള്ളുന്ന ഈ കാലത്ത് ചിത്രത്തിന് പ്രാധാന്യമുണ്ടെന്നു കണ്ടതുകൊണ്ടാണ് ഹരിഹരന്‍ ഏഴാമത്തെ വരവ് തന്നെ ഇപ്പോള്‍ തിരഞ്ഞെടുത്തത്. ഗായത്രി ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതവും ഹരിഹരന്‍ തന്നെ.

English summary
New Hariharan movie’ Ezhamathe Varavu’, which is scripted by M T Vasudevan Nair, Indrajith and Bhavana will play the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam