»   » ഫേസ്ടുഫേസിനും മമ്മുട്ടിയെ രക്ഷിക്കാനായില്ല

ഫേസ്ടുഫേസിനും മമ്മുട്ടിയെ രക്ഷിക്കാനായില്ല

Posted By:
Subscribe to Filmibeat Malayalam

ഇത്രയും പരീക്ഷണവും ക്ഷീണവും നേരിട്ടൊരു കാലഘട്ടം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകില്ല. ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒരാഴ്ച കൊണ്ട് തിയറ്റര്‍ വിടുന്നു. തുടര്‍ച്ചയായി പത്തു ചിത്രങ്ങള്‍ തകര്‍ന്ന് ആകെ പ്രതിസന്ധിയിലായി നില്‍ക്കുകയാണ് മമ്മൂട്ടി.

Mammootty

സംവിധായകന്‍ രഞ്ജിത്ത് തിരക്കഥയെഴുതി ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന ബാവൂട്ടിയുടെ നാമത്തില്‍, ദിലീപിനൊപ്പമുള്ള കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ചിത്രങ്ങളാണ് ഇനി പ്രതീക്ഷയുള്ളത്. വി. എം. വിനു സംവിധാനം ചെയ്ത ഫേസ്ടു ഫേസ് എന്ന ചിത്രവും തിയറ്ററില്‍ ഒരിളക്കവും ഉണ്ടാക്കാതെ പെട്ടിമടക്കുന്ന സ്ഥിതിയിലായി.

കുടുംബചിത്രമാണോ, യുവാക്കള്‍ക്കു വേണ്ടിയുള്ള ചിത്രമാണോ ഒരുക്കുന്നതെന്ന് സംവിധായകന് പോലും ബോധ്യമില്ലാതെയാണ് ഫേസ് ടു ഫേസ് എന്ന ചിത്രം വി.എം.വിനു തിയറ്ററിലെത്തിച്ചിരിക്കുന്നത്. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ കുടുംബ ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സംവിധാനം ചെയ്ത വി.എം.വിനുവിന് ഇപ്പോഴും ആ ഹാങ് ഓവറില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. അതുതന്നെയാണ് ഫേസ് ടു ഫേസിന്റെ പരാജയവും.

കാലത്തിനൊപ്പം മാറാനുള്ള ശ്രമം നടത്താനുള്ള സംവിധായകന്റെ പ്രയത്‌നം വെറുതെയായിപ്പോയി എന്ന് ഫേസ് ടു ഫേസ് കണ്ടാല്‍ അറിയാം. മനോജ് തിരക്കഥയെഴുതിയ ചിത്രത്തില്‍ നഗരമധ്യത്തില്‍ നടക്കുന്ന കൊലപാതകം അന്വേഷിക്കുന്നതാണ് പ്രമേയം. പുതിയ യൗവനത്തിന്റെ യാത്രയും അവരുടെ വഴിപിഴയ്ക്കലില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കുമാണ് പ്രധാനമായും ഊന്നല്‍ നല്‍കിയത്. അതിലേക്ക് കുടുംബ ബന്ധങ്ങള്‍ കൂടി കടന്നുവന്നപ്പോള്‍ മോരും മുതിരയും പോലെയായിപ്പോയി. അത് മനസ്സിലാക്കാന്‍ നായകനും സംവിധായകനും സാധിച്ചില്ല.

ജവാന്‍ ഓഫ് വെള്ളിമല എന്നചിത്രം പരാജയപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് തിരക്കഥയില്‍ മമ്മൂട്ടിയുടെ ഇടപെടലായിരുന്നു. ഇവിടെ അങ്ങനെയുണ്ടായില്ലെങ്കിലും തിരക്കഥ മനസ്സിലാക്കാന്‍ സംവിധായകനു സാധിച്ചില്ല. മലയാളത്തിലെ പ്രമുഖ സംവിധായകരൊക്കെ അടുത്തിടെ മമ്മൂട്ടിയെ വച്ച് നായകനാക്കിയ ചിത്രങ്ങള്‍ക്കൊന്നുംനിലം തൊടാന്‍ സാധിച്ചില്ല. ഷാജി കൈലാസ്, ഷാഫി, ജോണി ആന്റണി, വി.എം. വിനു എന്നിവരെല്ലാം പരാജയപ്പെട്ടിടത്ത് ഇനി വിജയിക്കാനുള്ളത് ജി.എസ്. വിജയനും തോംസണുമാണ്.

പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതാണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം നല്‍കുന്ന മിനിമം ഗാരന്റി. രഞ്ജിത്ത് തൊട്ടതെല്ലാം പൊന്നാക്കുമ്പോള്‍ ഈ ചിത്രവും മോശമാകില്ല എന്നുറപ്പിക്കാം. കാര്യസ്ഥന്‍ സംവിധാനം ചെയ്ത തോംസണ്‍ ദിലീപിനും മമ്മൂട്ടിക്കും തുല്യപ്രാധാന്യം നല്‍കിയാണ് കമ്മത്ത് സഹോദരന്‍മാരുടെകഥയുമായി എത്തുന്നത്. തമിഴ്താരം ധനുഷും ചിത്രത്തിലുണ്ട്. ക്രിസ്മസിന് ബാവൂട്ടിയായിരിക്കും തിയറ്ററിലെത്തുക. മമ്മൂട്ടിക്കു വീണ്ടും വിജയത്തിലെത്താന്‍ കഴിയുമോ എന്നറിയാനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുകയായി.

English summary
Now face2face also part of a series of flops that Mammootty gave us.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam