»   » ഒളിപ്പോരിനായി ഫഹദിനെ കിണറ്റിലിറക്കി

ഒളിപ്പോരിനായി ഫഹദിനെ കിണറ്റിലിറക്കി

Posted By:
Subscribe to Filmibeat Malayalam

അനുദിനം പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിക്കൊണ്ടിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷാനുവെന്ന ചോക്ലേറ്റ് പയ്യനില്‍ നിന്നും ഫഹദ് വല്ലാതെ മാറിയിട്ടുണ്ട്. ഫഹദ് ചെയ്യുന്ന ഓരോ സീനിലും മറ്റേത് യുവതാരത്തെയും വെല്ലുന്ന പെര്‍ഫെക്ഷനും പ്രൊഫഷണലിസവും കാണാന്‍ സാധിയ്ക്കും. ഓരോ ചിത്രങ്ങള്‍ക്കുവേണ്ടിയും എന്ത് ചെയ്യാനും ഫഹദ് തയ്യാറാണ്. അതുകൊണ്ടുതന്നെ വളരെ വേഗത്തില്‍ കഥാപാത്രങ്ങളായി മാറാനും താരത്തിന് കഴിയുന്നു.

ഫഹദിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒളിപ്പോര്. ഒരു അജ്ഞാത ബ്ലോഗറായിട്ടാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ഫഹദ് എത്തുന്ന ഈ ചിത്രത്തില്‍ ചില സാഹസിക രംഗങ്ങളുമുണ്ട്. ഇവയുടെ ചിത്രീകരണം അടുത്തിടെയാണ് നടത്തിയത്. ചിത്രീകരണത്തിനായി ഫഹദിനെ കയറില്‍ക്കെട്ടി കിണറ്റില്‍ താഴ്ത്തുകയാണ് ചെയ്തത്. വലിയ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രത്യേകിച്ചൊരു ഭാവവ്യത്യാസമോ ഭയമോ ഇല്ലാതെയാണ് ഫഹദ് ഈ രംഗങ്ങള്‍ ചെയ്തത്. ക്രെയിന്‍ ഉപയോഗിച്ചാണ് ഫഹദിനെ കിണറ്റിലിറക്കിയത്.

Olipporu

ഇപ്പോള്‍ ഈ കിണറ്റിലിറക്കല്‍ രംഗങ്ങളുടെ വീഡിയോ യുട്യൂബിലും മറ്റും തരംഗമായി മാറിയിട്ടുണ്ട്. എന്തായാലും കിണറ്റിലിറങ്ങിയുള്ള ചിത്രീകരണത്തിന് ഫഹദ് തയ്യാറായതോടെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യുമെന്ന് വെറുതേ വാചകമടിക്കുന്നവര്‍ക്ക് ഫഹദ് നല്ലൊരു മാതൃകയായിരിക്കുകയാണ്.

ഓണ്‍ലൈനില്‍ സജീവമായ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് ബാംഗ്ലൂരില്‍ ഒരു പരിപാടി നടത്താന്‍ ഒരുങ്ങുന്നേടത്തുനിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. തെന്നിന്ത്യന്‍ താരം സുബിക്ഷയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ഫഹദ് പാടുന്നുവെന്ന പ്രത്യേകതയുമുണ്ട്, നെരൂദയുടെ കവിതയാണ് ഫഹദ് ആലപിച്ചിരിക്കുന്നത്.

എവി ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനെക്കൂടാതെ തലൈവാസല്‍ വിജയ്, കലാഭവന്‍ മണി, സിദ്ധാര്‍ഥ് ഭരതന്‍, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Now Fahad Fazil is exhibiting another facet of his persona, he is doing some adverturous scenes in his upcoming movie Olipporu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam