ഫഹദിന്റെ നായികയാകാന്‍ ശ്രുതി ഹസ്സന്‍ എത്തുമോ?
ഉലഗനായകന്‍ കമല്‍ ഹസ്സന്റെ മകള്‍ എന്ന ഇമേജുമായിട്ടാണ് ശ്രുതി ഹസ്സന്‍ സിനിമയിലേയ്‌ക്കെത്തിയത്. ഇന്നും ഈ ഇമേജ് ശ്രുതി ഹസ്സന് നല്‍കുന്ന പ്രാധാന്യം വളരെയേറെയാണ്. പക്ഷേ ഇതേവരെ പിതാവിന്റെ അഭിനയപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മകള്‍ എന്ന പേരുനല്‍കുന്ന ഒരു കഥാപാത്രം പോലും ശ്രുതിയെത്തേടിയെത്തിയിട്ടില്ല. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ചിത്രങ്ങള്‍ പലതും ചെയ്‌തെങ്കിലും ശ്രുതിയ്ക്ക് സ്വയം തെളിയ്ക്കാന്‍ കഴിയുന്നൊരു കഥാപാത്രം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു.
മലയാളവും കമല്‍ ഹസ്സനും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. തമിഴകത്ത് സൂപ്പര്‍താരമായി മാറുന്നതിന് മുമ്പേ മലയാളത്തില്‍ എത്രയോ മികച്ച ചിത്രങ്ങളില്‍ കമല്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴും മലയാളസിനിമാരംഗവുമായി അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തുന്നുമുണ്ട്. ഇപ്പോള്‍ കേള്‍ക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച ്അച്ഛനെപ്പോലെതന്നെ മലയാളത്തിലും അഭിനയിച്ച താരമെന്ന പേര് ശ്രുതി സ്വന്തമാക്കുമെന്നാണ് സൂചന.
ശ്രുതി ഹസനെ മലയാളത്തിലെത്തിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. നവാഗതസംവിധായകനായ നോവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന് നായികയായി ശ്രുതിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണ് അറിയുന്നത്. ടി അരുണ്‍ കുമാര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിലേയ്ക്കുള്ള ക്ഷണം ശ്രുതി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണത്രേ അണിയറക്കാര്‍.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഹരിനാരായണന്‍ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഭാര്യയായ സാവിത്രിയും തമ്മിലുള്ള ആശയസംഘര്‍ഷത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഹരിനാരായണനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണത്രേ സാവിത്രിയും. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും കൊച്ചിയിലുമായി ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം ഒരു ത്രില്ലറായിട്ടാണ് ഒരുക്കുന്നതെന്ന് നോവിന്‍ വാസുദേവ് പറയുന്നു.


Click it and Unblock the Notifications












