»   » കമലിനും സിബിയ്ക്കും വന്‍വിജയം

കമലിനും സിബിയ്ക്കും വന്‍വിജയം

Posted By:
Subscribe to Filmibeat Malayalam
Kamala
മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളുടെ ഫെഡറേഷനായ ഫെഫ്ക്കയിലെ സംവിധായകരുടെ യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വന്‍ വിജയം. പ്രസിഡന്റായി കമലും ജനറല്‍ സെക്രട്ടറിയായി സിബി മലയിലും തെരഞ്ഞെടുക്കപ്പെട്ടു. ജയരാജും ജി.എസ് വിജയനുമാണ് വൈസ് പ്രസിഡന്റുമാര്‍.

ഔദ്യോഗിക പാനലില്‍ നിന്ന് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച മെക്കാര്‍ട്ടിനും ജോയിന്റ് സെക്രട്ടറിമാരായി മത്സരിച്ച ഷാജോണ്‍ കാര്യാല്‍, മാര്‍ത്താണ്ഡന്‍ എന്നിവരും വിജയിച്ചു. 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച എല്ലാവരും വിജയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.

എറണാകുളം വൈ.എം.സി.എയിലായിരുന്നു തെരഞ്ഞെടുപ്പ്. കമലും ലെനിന്‍ രാജേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്കും സിബി മലയിലും കെ. മധുവും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിച്ചത്. സംഘടന രൂപീകരിച്ചശേഷം ആദ്യമായാണ് രണ്ടു പാനലുകളായി തിരിഞ്ഞു മത്സരമുണ്ടാകുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമല്‍ 285 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ ലെനിന്‍ രാജേന്ദ്രന് 71 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ തമ്പി കണ്ണന്താനം 29 വോട്ട് നേടി.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തുനിന്ന് സിദ്ദിഖ്, ഷാജി കൈലാസ്, ജോസ് തോമസ്, ആഷിക് അബു, ഫാസില്‍ കാട്ടുങ്കല്‍, വിനോദ് വിജയന്‍, സുരേഷ് ഉണ്ണിത്താന്‍, വൈശാഖ്, ശാന്തിവിള ദിനേശ്, കരിം, മധു കൈതപ്രം, സോഹന്‍ സീനുലാല്‍, വി. സലാം, പി.കെ. ജയകുമാര്‍ എന്നിവരാണ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

167 സംവിധായകും 219 സഹ സംവിധായകരുമാടക്കം 386 പേരാണ് യൂണിയനിലുള്ളത്. 360 പേര്‍ വോട്ട് ചെയ്തു. സിനിമയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയില്‍ വിവിധ വിഭാഗങ്ങളുടെ 16 യൂണിയനുകളാണുള്ളത്. സംവിധായകരുടെ യൂണിയന്റെ തലപ്പത്ത് വരുന്നവരാണ് സാധാരണ ഫെഫ്കയുടെ തലപ്പത്തും എത്താറുള്ളത്.

English summary
A big victory for the official panel in the polls held for the union of Film Employees Federation of Kerala (FEFKA), an organisation of Malayalam film directors.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam