»   » മോഷണം ഒഴിവാക്കാന്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്യാം

മോഷണം ഒഴിവാക്കാന്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്യാം

Posted By: Super
Subscribe to Filmibeat Malayalam
Script
കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളചലച്ചിത്രരംഗത്ത് കഥ മോഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഏറെയാണ്. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പല പ്രമുഖ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയുമെല്ലാം പേരുകള്‍ ആരോപണവിധേയമായിട്ടുണ്ട്. പലര്‍ക്കും കോടതി കയറേണ്ടിയും വന്നിട്ടുണ്ട്. ചില ചിത്രങ്ങള്‍ ഇറങ്ങുന്നതോടെ അവയുടെ കഥയില്‍ അവകാശവാദമുന്നയിച്ചുകൊണ്ട് പലരാണ് കോടതി കേറുന്നത് പലതവണസംഭവിച്ചിട്ടുള്ള കാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനായി തിരക്കഥകള്‍ രജിസ്റ്റര്‍ ചെയ്യാനും അതുവഴി മോഷണം ഒഴിവാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ചലച്ചിത്രലോകം. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള റൈറ്റേര്‍സ് യൂണിയന്‍ ആണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സിനിമാ സംവിധാനത്തിലേയ്ക്കും തിരക്കഥാരചനയിലേയ്ക്കും വരുന്ന പുതുമുഖങ്ങളാണ് പലപ്പോഴും ഇത്തരം പ്രശനങ്ങളില്‍ ഇരകളാകുന്നത്. അവര്‍ ഒരു സ്വപ്‌നം പോലെ തയ്യാറാക്കിയെടുക്കുന്ന കഥകള്‍ മുന്‍നിരസംവിധായകരോ എഴുത്തുകാരോ ആയി പങ്കുവെയ്ക്കുന്നു. ചിലപ്പോള്‍ പിന്നീട് താന്‍ പോലുമറിയാതെ തന്റെ കഥ ചലച്ചിത്രമാകുന്നത് ഇത്തരം തുടക്കക്കാര്‍ക്ക് കാണേണ്ടിവരുക പതിവാണ്. ചില മുതിര്‍ന്ന സംവിധായകര്‍ ഇത്തരത്തില്‍ കഥയുടെ ത്രെഡ് സ്വീകരിക്കുകയാണെന്ന കാര്യം വെറുതേയൊന്ന് പറയാനുള്ള മനസ്സുപോലും പലപ്പോഴും തുടക്കക്കാരോട് കാണിക്കാറില്ല- സംവിധായകന്‍ ഹരി കുമാര്‍ പറയുന്നു.

എന്തായാലും തിരക്കഥകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. ഒരാള്‍ക്ക് ഒരു തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയാല്‍ അതിന്റെ കയ്യെഴുത്തുപ്രതി കൊണ്ടുവന്ന് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ഓഫീസില്‍ രിജസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന കോപ്പി സീല്‍ ചെയ്ത് ലോക്കറില്‍ സൂക്ഷിയ്ക്കും. പിന്നീട് സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ലോക്കറിലിരിക്കുന്ന കോപ്പി പരിശോധനയ്ക്കുള്ള തെളിവായി സ്വീകരിക്കും.

ദില്ലിയിലെ കോപ്പി റൈറ്റ് ഓഫീസില്‍ മാത്രമേ നിലവില്‍ ഇത്തരമൊരു സൗകര്യമുള്ളു. എന്നാല്‍ ദില്ലി വരെ ചെന്ന് തിരക്കഥയ്ക്ക് പകര്‍പ്പവകാശം വാങ്ങിയ്ക്കുകയെന്നത് പലപ്പോഴും കലാകാരന്മാരെ സംബന്ധിച്ച് സാധ്യമാകാതെ വരും. അത്തരം അവസരങ്ങളിലാണ് പുതിയ സംവിധാനം സഹായകമാവുക. കൊച്ചിയിലാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. സംവിധായകന്മാരായ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവരെല്ലാം ഈ പുതിയ സംവിധാനം പകര്‍പ്പവകാശലംഘനം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്ന് പറയുന്നു. മാത്രമല്ല ദില്ലി വരെ പോയി രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം കൊച്ചിയില്‍വച്ചേ ദില്ലിയിലെ അതേ മാതൃകയില്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്യുന്നത് എഴുത്തുകാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം സൗകര്യപ്രദമാകുമെന്നും ഇവര്‍ പറയുന്നു.

English summary
Film Employees Federation of Kerala Writer's Union is planning to make the facility to register script to avoid plagiarism.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam