»   » വിനീതിന് ജര്‍മ്മന്‍കാരി നായിക

വിനീതിന് ജര്‍മ്മന്‍കാരി നായിക

Posted By:
Subscribe to Filmibeat Malayalam
Vineeth
ലാല്‍ ജോസിന്റെ സ്പാനിഷ് മസാലയില്‍ മനോഹരമായ ചിരിയുമായി ഒരു സ്പാനിഷ് സുന്ദരി നായികയായി വന്നു. ഡാനിയേല ഫെസേരി. ഇനി കണ്ണന്‍ പെരുമുടിയൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആട്ടക്കഥയിലൂടെ വിനീതിന്റെ നായികയായി ജര്‍മ്മന്‍കാരിയായ ഈറീന എത്തുകയാണ്.

കലാമണ്ഡലത്തിന്റെ പാശ്ചാത്തലത്തില്‍ രൂപപ്പെടുന്ന ആട്ടക്കഥയുടെ ചുരുള്‍ നിവരുമ്പോള്‍ ദേശം, ഭാഷ, സംസ്‌ക്കാരം എന്നിവയ്ക്കപ്പുറത്തേക്ക് വളരുന്ന ഒരു പ്രണയകഥ രൂപം കൊള്ളുന്നു. രക്തബന്ധം തേടിയുള്ള ഒരു യാത്രയുടെ കഥ കൂടിയാണ് ആട്ടക്കഥ. പ്രണയത്തിലൂടെ ലോകം കീഴടക്കാമെന്ന് പറയുകയാണ് തന്റെ പ്രഥമ സംവിധാനസംരംഭത്തിലൂടെ കണ്ണന്‍ പെരുമുടിയൂര്‍.

സംവിധായകന്റെ തന്നെ നോവലായിരുന്ന ചൊല്ലിയാട്ടത്തിന്റെ കഥ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. ജര്‍മ്മന്‍കാരിയായ ഈറീന ചിത്രത്തില്‍ ഫ്രാന്‍സുകാരിയായ കഥാപാത്രമായാണ് എത്തുന്നത്. കഥകളി പഠിക്കാനെത്തുന്ന മലയാളിയുമായി അടുപ്പത്തിലാവുകയാണ് കഥകളിയേയും കേരളത്തേയും സ്‌നേഹിക്കുന്ന ഈറീനയുടെ കഥാപാത്രം.

വിനീതാണ് കഥകളി വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ നായക കഥാപാത്രമാവുന്നത്. നാലുവര്‍ഷം മുമ്പേ പാട്ടുകള്‍ ചിട്ടപ്പെടുത്തിയതുകൊണ്ട് തന്നെ നിത്യവിസ്മയമാകുന്ന രവീന്ദ്രന്‍മാഷിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഉപയോഗിച്ചിരിക്കുന്നു. പാട്ടിനു നല്ല പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തില്‍ യേശുദാസ്, വിജയ് യേശുദാസ്,എം.ജി.ശ്രീകുമാര്‍, ചിത്ര, ആശാ മേനോന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

കണ്ണന്‍ പെരുമുടിയൂര്‍ ഒരു നവാഗത സംവിധായകനാണെങ്കിലും സിനിമ അറിയുന്ന നിര്‍മ്മാതാവാണ്. ഈ പുഴയും കടന്ന്, നക്ഷത്രതാരാട്ട് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മാര്‍ക്ക് ആന്റണി, മഴവില്ല്, മഞ്ഞുകാലവും കഴിഞ്ഞ് എന്നീ ചിത്രങ്ങള്‍ വിതരണം ചെയ്തും മലയാളസിനിമയില്‍ മുന്‍പരിചയമുണ്ട്. ലണ്ടനില്‍ നിന്ന് ഒരു ഇഷ്ടപ്പെട്ട മലയാള സിനിമ ചെയ്യാനാണ് കണ്ണന്‍പെരുമുടിയൂര്‍ വന്നിരിക്കുന്നത്. ഇപ്പോള്‍ അതിന്റെ നിര്‍മ്മാണവും രചനാസംവിധാനവും നിര്‍വ്വഹിക്കുന്നു.

English summary
German girl Ireena plays female lead in Attakatha, new malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam