»   » മോഹന്‍ലാലിന്റെ ഗോള്‍ഡ് മോഷ്ടിച്ചു?

മോഹന്‍ലാലിന്റെ ഗോള്‍ഡ് മോഷ്ടിച്ചു?

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാല്‍ ആരാധകര്‍ ഞെട്ടലോടെ കേള്‍ക്കേണ്ട ഒരു വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നു. മോഹന്‍ലാലിന്റെ വീട്ടിലിരിയ്ക്കുന്ന സ്വര്‍ണം മോഷണം പോയെന്നല്ല, താരത്തെ നായകനാക്കി പ്രഖ്യാപിച്ച ഒരു ചിത്രത്തിന്റെ കഥ മോഷണം പോയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ തിരക്കഥ മോഷണം പോയെന്നാണ് ആരോപണമുയര്‍ന്നിരിയ്ക്കുന്നത്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയുടെ തിരക്കഥ ഗോള്‍ഡിന്റേതുമായി സാമ്യമുണ്ടെന്ന സംശയമാണ്് ശങ്കര്‍ പ്രകടിപ്പിച്ചിരിയ്ക്കുന്നത്. ആന്‍ അഗസ്റ്റിന്‍ നായികയാവുന്ന റബേക്ക ഉതുപ്പ് കിഴക്കേമലയില്‍ ജിഷ്ണു, സിദാര്‍ഥ് ഭരതന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ ഒരു അത്‌ലറ്റായാണ് ആന്‍ ചിത്രത്തില്‍ വേഷമിടുന്നത്.


അതേസമയം മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വമ്പന്‍താരനിരയെ അണിനിരത്തി ഒരുക്കാനിരുന്ന ഗോള്‍ഡ് ഒളിമ്പിക്‌സിനോടനുബന്ധിച്ച് ചിത്രീകരിയ്ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. സ്‌പോര്‍ട്‌സിന്റെ പശ്ചാത്തലത്തിലുള്ള കഥ ഒരു അത്‌ലറ്റിന്റെ ജീവിതമാണ് പ്രമേയമാക്കുന്നത്.

ഈ രണ്ടു സിനിമകളുടെ കഥ ഏതാണ്ട് ഒരു പോലെയാണെന്നത് ചലച്ചിത്ര രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരിയ്ക്കുകയാണ്. ആര് ആരുടെ കഥ മോഷ്ടിച്ചതെന്ന സംശയമാണ് ഉയരുന്നത്.

അതേസമയം തന്റെ സിനിമ മൂന്ന് വര്‍ഷം മുമ്പേ ആലോചിച്ചു തുടങ്ങിയതാണെന്ന് സംവിധായകന്‍ സുന്ദര്‍ദാസ് വ്യക്തമാക്കിയിട്ടുണ്ട്. തിരക്കഥാകൃത്ത് വിസി അശോകുമായി ഏറെക്കാലം മുമ്പെ ഇതിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭാവനയെ നായികയാക്കാനായിരുന്നു പ്ലാനെന്നും സുന്ദര്‍ദാസ് പറയുന്നു. ഇക്കാര്യം ഭാവനയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും വരുംനാളുകളില്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

English summary
Shankar has said that the new film Rebecca Uthup Kizhakkemala, directed by Sundar Das with Ann Augustine, Jishnu and Siddharth Bharathan in the lead, has the same theme as Gold.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam