»   » കോമഡിയില്‍ കുടുങ്ങിപ്പോയ ജയസൂര്യ

കോമഡിയില്‍ കുടുങ്ങിപ്പോയ ജയസൂര്യ

Written By:
Subscribe to Filmibeat Malayalam
Jayasurya
കോമഡി താരമെന്ന ഇമേജില്‍ കുടുങ്ങിപ്പോയ നടനാണ് ജയസൂര്യ. രക്ഷപ്പെടാന്‍ പല ശ്രമം നടത്തിയിട്ടും ഒന്നും വിജയിക്കുന്നില്ല. കോമഡി ചെയ്ത് സിനിമയിലെത്തിയ ജയറാമും ദിലീപുമെല്ലാം സ്വഭാവ നടനായും ആക്ഷന്‍ താരമായും തിളങ്ങിയതോടെ കോമഡിതാരമെന്ന പേര് ഒഴിവായി കിട്ടി. എന്നാല്‍ ഇപ്പോഴും ആ തടങ്കലില്‍ തന്നെ കഴിയുകയാണ് ജയസൂര്യ.

കോമഡി ചിത്രങ്ങള്‍ തല്‍ക്കാലം ചെയ്യാതെ അവാര്‍ഡിനു സാധ്യതയുള്ള ചിത്രങ്ങളില്‍ അഭിനയിക്കുക എന്നതാണ് ജയസൂര്യയുടെ പുതിയ തന്ത്രം. ഇത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ് ഉടന്‍ ചിത്രീകരണം തുടങ്ങാന്‍ പോകുന്നത്. ഋതു എന്ന കൗമാരക്കാരുടെ ചിത്രമൊരുക്കിയ ശ്യാമപ്രസാദിന്റെ പുതിയചിത്രമായ ഇംഗ്ലിഷില്‍ ജയസൂര്യയാണ് നായകന്‍. ഇംഗ്ലണ്ടില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ പുതുതലമുറ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഇംഗ്ലിഷിലെ പ്രമേയം.

സമാന്തര ചിത്രങ്ങള്‍ മാത്രമൊരുക്കിയ ശ്യാമപ്രസാദിന്റെ പുതു സംരംഭം തനിക്ക് കോമഡി ഇമേജില്‍ നിന്ന് രക്ഷനല്‍കുമെന്ന പ്രതീക്ഷയിലാണ് ജയസൂര്യ ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരണം. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള ഡോ. ബിജുവിന്റെ തണല്‍ തരാത്ത മരങ്ങള്‍ എന്ന ചിത്രത്തിലും ജയസൂര്യ തന്നെയാണ് നായകന്‍. കൊച്ചി നഗരത്തിലെ തൂപ്പുകാരന്റെ വേഷമാണ് ജയസൂര്യയ്ക്ക്.

രൂപത്തിലും അവതരണത്തിലും പുതുമ നല്‍കികൊണ്ടാണ് ജയസൂര്യയുടെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ചാമി ആദിവാസിയായി സലിംകുമാറും അഭിനയിക്കുന്നുണ്ട്. ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, വീട്ടിലേക്കുള്ള വഴി എന്നീ രണ്ടു ചിത്രങ്ങളും നിരവധി വിദേശമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിലും പൃഥ്വിരാജും ഇന്ദ്രജിത്തുമായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. കോമഡി വട്ടത്തിനുള്ളില്‍നിന്ന് രക്ഷപ്പെടാന്‍ ഇതിനു മുമ്പ് ജയസൂര്യ ഒരു ശ്രമം നടത്തിയിരുന്നു.

ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു ജയസൂര്യ അഭിനയിച്ചത്. എന്നാല്‍ ശങ്കരനും മാധവനും എന്ന ചിത്രം ആരും ശ്രദ്ധിക്കാതെ പോയി. വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും വ്യത്യസ്ത വേഷമായിരുന്നു ജയസൂര്യയ്ക്ക്. പക്ഷേ തനിക്ക് സ്വഭാവനടനായി തിളങ്ങാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടും ഇപ്പോഴും തേടിയെത്തുന്നത് കോമഡി ചിത്രങ്ങള്‍ തന്നെ. അതാകട്ടെ പണ്ടത്തെപ്പോലെ തിയറ്ററില്‍ ഓടുന്നുമില്ല. അടുത്തിടെ റിലീസ് ചെയ്ത പയ്യന്‍സും വാധ്യാരുമെല്ലാം വന്‍ പരാജമായിരുന്നു. ഇംഗ്ലിഷും തണല്‍ തരാത്ത മരങ്ങളും രക്ഷനല്‍കുമെന്ന പ്രതീക്ഷയിലാണ് ജയസൂര്യ.

English summary
Popular art house director Shyamaprasad has titled his new movie as Énglish.The movie will have Jayasuriya playing the lead for the first time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam