»   » മേനക ജങ്ഷനില്‍ ജയസൂര്യയുടെ റോഡുപണി

മേനക ജങ്ഷനില്‍ ജയസൂര്യയുടെ റോഡുപണി

Posted By:
Subscribe to Filmibeat Malayalam

പല താരങ്ങളും സാമൂഹിക സേവനത്തിലും ആതുരസേവനത്തിലുമെല്ലാം തല്‍പരരാണ്. സൂപ്പര്‍താരങ്ങളെല്ലാം തങ്ങളുടെ ഫാന്‍സ് അസോസിയേഷനുമായി കൈകോര്‍ത്താണ് പലപ്പോഴും ഇത്തരം സേവനപരിപാടികള്‍ ആസൂത്രണം ചെയ്യാറുള്ളത്. ചിലരാകട്ടെ സിനിമാ സംഘടനകള്‍ രൂപീകരിക്കുന്ന സഹായനിധിയിലേയ്ക്കും മറ്റും ഉദാരമായി സംഭാവന നല്‍കുന്നു. ഇനിയും ചിലരുണ്ട്, സഹായം വേണ്ടവരുടെ അടുത്ത് രഹസ്യമായി എത്തി ഇരുചെവിയറിയാതെ വേണ്ടത് ചെയ്ത് മടങ്ങുന്നവര്‍.

മറ്റു പലനടന്മാരും ചെയ്യുന്നതുപോലെ അല്ലെങ്കില്‍ അല്‍പം വ്യത്യസ്തമായി ജയസൂര്യയും സാമൂഹിക സേവനം തുടങ്ങിയിരിക്കുകകയാണ്. നേരത്തേ ആലോചിച്ചുറച്ച് ആസൂത്രണം ചെയ്‌തൊന്നുമല്ല ജയസൂര്യ ജനസേവനം നടത്തിയിരിക്കുന്നത്. സ്വന്തം നാടായ എറണാകുളത്തെ റോഡിന്റെ ശോചനീയാവസ്ഥകണ്ട് മടുത്ത ജയസൂര്യ കഴിഞ്ഞ ദിവസം റോഡിലെ കുഴി നികത്താനായി ഒരു ലോറി കരിങ്കല്‍ചീളുകള്‍ കൊണ്ടുവന്ന് നിരത്തി.

Jayasurya

എറണാകുളത്ത് റോഡിലെ കുഴിയില്‍ വാഹനങ്ങള്‍ വീണുള്ള അപകടങ്ങള്‍ പതിവാണ്. മേനക ജങ്ഷനില്‍ നിറയെ കുഴികളുണ്ട്, ഇവിടെയും അപകടങ്ങള്‍ക്ക് കുറവില്ല. കഴിഞ്ഞ ദിവസം ഇതുവഴി വന്ന ജയസൂര്യ റോഡിലെ കുഴികള്‍ കണ്ട് ഒടുക്കം കല്ലിട്ട് നിരത്താന്‍ തീരുമാനിക്കുകയായിരുന്നു. ലോറിയില്‍ കല്ല് കൊണ്ടുവന്നിറക്കി അത് നികത്താനായി ജയസൂര്യയും കൂട്ടരുമാണ് റോഡിലിറങ്ങിയത്. ആദ്യം ജനം ജയസൂര്യ വല്ല ചിത്രത്തിന്റെയും ഷൂട്ടിങ്ങിന്റെ ഭാഗമായി റോഡുപണി ചെയ്യുകയാണെന്നാണ് കരുതിയത്. എന്നാല്‍ അല്‍പസമയം കഴിഞ്ഞപ്പോള്‍ ഇത് കളിയല്ല കാര്യമാണെന്ന് മനസിലായ ജനങ്ങളും താരത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് കല്ലിടല്‍ ഗംഭീരമാക്കി.

സംഭവത്തെക്കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ- പലപ്പോഴും മേനക മേനക ജങ്ഷനിലൂടെ പോകുമ്പോള്‍ ഞാന്‍ റോഡിന്റെ അവസ്ഥയെന്താണ് ഇങ്ങനെയെന്ന് ഓര്‍ത്ത് അസ്വസ്ഥനാകാറുണ്ട്. എന്നാല്‍ ഇത്തവണ അസ്വസ്ഥനാകുന്നതിന് പകരം എനിയ്ക്ക് കഴിയുന്നതെന്തെങ്കിലും ചെയ്യാമെന്ന് തീരുമാനിയ്ക്കുകയും അങ്ങനെ കുഴികളില്‍കല്ലിട്ട് നിരത്തുകയുമായിരുന്നു.

ജയസൂര്യയെപ്പോലെ നാട്ടിലെ നടന്മാരും രാഷ്ട്രീയക്കാരുമെല്ലാം ഇത്തരത്തില്‍ ചിന്തിയ്ക്കുന്നതിന് പകരം പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായിപ്പോയേനെ!

English summary
Actor Jayasurya went to Menaka Junction with a lorry full of metal rocks and filled the gutteers with the help of his friends.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam