»   » ജെ സി ഡാനിയേല്‍ പുരസ്‌കാരം ശശികുമാറിന്

ജെ സി ഡാനിയേല്‍ പുരസ്‌കാരം ശശികുമാറിന്

Posted By:
Subscribe to Filmibeat Malayalam
J Sasikumar
മലയാളത്തിലെ ഏറ്റവും വിലപ്പിടിച്ച സിനിമപുരസ്‌കാരം ശശികുമാറിന് ലഭിച്ചു എന്നുകേട്ടപ്പോള്‍ ഒന്നു ശങ്കിച്ചു, ഏറ്റവും ചുരുങ്ങിയത് പുതിയ തലമുറയിലെ ഒട്ടുമിക്കപേരും. മലയാള സിനിമയില്‍ ലോകറിക്കാര്‍ഡുകളുള്ള ഒരു സംവിധായകനുണ്ടായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും.

നിരവധി ഹിറ്റുകള്‍ക്ക് ജന്മം നല്കിയ ശശികുമാറിനെ മലയാളസിനിമ മറന്നുപോയിരുന്നു. ആ വലിയ തെറ്റു തിരുത്തികൊണ്ട് സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി ഡാനിയേല്‍ പുരസ്‌കാരത്തിന് ശശികുമാറിനെ കണ്ടത്തിയ സിനിമ സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും അഭിനന്ദനങ്ങള്‍.

25 വര്‍ഷക്കാലം മലയാളസിനിമയില്‍ നിറഞ്ഞു നിന്ന നമ്പ്യാത്തുശ്ശേരിയില്‍ വര്‍ക്കിജോണ്‍ എന്ന ശശികുമാര്‍ 141 സിനിമകള്‍ സംവിധാനം ചെയ്തു. ഇത് ഒരു റിക്കാര്‍ഡ് തന്നെയാണ് ചെയ്ത സിനിമകളില്‍ തൊണ്ണൂറുശതമാനവും വിജയം വരിച്ചവ. കമ്പോളസിനിമയുടെ ഇഷ്ടകാമുകനായ ശശികുമാറിന് ഒരു ലോകറിക്കാര്‍ഡ് കൂടിയുണ്ട്. ഒരുവര്‍ഷം 15 സിനിമ, 1977ലാണ് ആരേയും അത്ഭുതപ്പെടുത്തുന്ന ഈ അത്യപൂര്‍വ്വനേട്ടം ശശികുമാര്‍ കൈവരിച്ചത്.

ഒരു സിനിമകൊണ്ട് ആളാകുന്നവര്‍ക്കിടയില്‍ ഇത്രയും സിനിമകള്‍ ചെയ്തിട്ടും നിശബ്ദനായി സൗമ്യനായി ശശികുമാര്‍ ഒതുങ്ങുന്നു. 141 സിനിമകളില്‍ ഒരെണ്ണം തമിഴിന് അവകാശപ്പെട്ടതാണ്. 106 സിനിമകളില്‍ ശശികുമാര്‍ നായകസ്ഥാനം നല്കിയത് നിത്യഹരിത നായകന്‍ േ്രപംനസീറിന്, ഇതില്‍ 60 സിനിമകളില്‍ നസീറിന്റെ നായിക ഷീലയായിരുന്നു.

മലയാളസിനിമയുടെ നാള്‍വഴി അടയാളപ്പെടുത്തുംവിധം എല്ലാതലമുറയില്‍പെട്ട താരങ്ങളും ശശികുമാര്‍ സിനിമയില്‍ അവതരിച്ചു. തിക്കുറിശ്ശി, സത്യന്‍, നസീര്‍, മധു, അടൂര്‍ഭാസി, ജോസ്പ്രകാശ്, കമലഹാസന്‍ സുകുമാരന്‍, സോമന്‍, ജയന്‍, ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശാരദ, ഷീല, വിധുബാല ജയഭാരതി, ലക്ഷ്മി, ഉണ്ണിമേരി, ശോഭന ഈ ലിസ്റ്റ് അപൂര്‍ണ്ണമായി തുടരും.

മലയാളത്തിന്റെ അനശ്വരനായ സംഗീതസംവിധായകന്‍ രവീന്ദ്രനെ ചൂളയിലൂടെ പരിചയപ്പെടുത്തുന്നത് ശശികുമാറാണ്. റസ്റ്റ് ഹൌസ് എന്ന ശശികുമാര്‍ ചിത്രത്തിന് ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ എന്ന സംഗീത സംവിധായകന്‍ സിനിമയില്‍ തിരക്കിലാവുന്നത്. നിരവധി വിശേഷങ്ങള്‍ അര്‍ഹിക്കുന്ന ശശികുമാര്‍ ഒരു ആര്‍ട്ട് സിനിമ ചെയ്തിരുന്നു. കാവാലം ചുണ്ടന്‍ ബോക്‌സോഫീസില്‍ ദയനീയപരാജയം ഏറ്റുവാങ്ങിയതോടെ ആര്‍ട്ട്‌സിനിമയുടെ വഴിയിലേക്ക് ശശികുമാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.

ആലപ്പുഴക്കാരനായ വര്‍ക്കി ജോണ്‍ കുഞ്ഞുനാളിലെ നാടകാഭിനയത്തില്‍ ആകൃഷ്ടനായിരുന്നു. ബിരുദപഠനത്തിനുശേഷം അഭിനയമോഹവുമായി ഉദയാസ്റ്റുഡിയോയില്‍ എത്തുകയും അവസരം തേടിയെത്തിയവന്റെ കഴിവുതിരിച്ചറിഞ്ഞ കുഞ്ചാക്കോ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പ്രേംനസീറിന്റെ വില്ലനായി അവരോധിക്കയും ചെയ്തു.

പിന്നീട് കുഞ്ചാക്കോ ചിത്രങ്ങളിലെ അഭിനേതാവും സംവിധാനസഹായിയുമായി ശശികുമാര്‍ സിനിമയില്‍ മുഴുകി. അടുത്തഘട്ടം മെരിലാന്റ് സ്‌റുഡിയോയില്‍ പി. സുബ്രമണ്യത്തോടൊപ്പം അസോസിയേറ്റ് സംവിധായകന്‍. ആദ്യ സ്വതന്ത്രസിനിമ എഫ്. എ. സി. ടിക്കുവേണ്ടിയുള്ള ഡോക്യമെന്ററി. തോമസ് പിക്‌ച്ചേഴ്‌സിലെ പി.എ. തോമസിനോടൊപ്പം ആദ്യഫീച്ചര്‍ സിനിമ കുടുംബിനി, തുടര്‍ന്ന് തൊമ്മന്റെ മക്കള്‍, പോര്‍ട്ടര്‍ കുഞ്ഞാലി എന്നീചിത്രങ്ങള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളസിനിമയുടെ മുഖ്യധാര ശശികുമാറിന് ചുറ്റും കൂടുകയായിരുന്നു.

വെളുത്ത കത്രീന, ലങ്കാദഹനം, അന്വേഷണം, പത്മവ്യൂഹം, പിക്‌നിക്ക്, പിക് പോക്കറ്റ്, രണ്ടുലോകം, ഇരുമ്പഴികള്‍, ഇത്തിക്കരപക്കി, മദ്രാസിലെ മോന്‍, ആട്ടക്കലാശം, സ്വന്തമെവിടെ ബന്ധമെവിടെ, പാടാത്തവീണയും പാടും ഇങ്ങനെ സിനിമയുടെ മലവെള്ളപാച്ചിലില്‍ 25 വര്‍ഷം ശശികുമാര്‍ വിശ്രമമെന്തെന്ന് അറിഞ്ഞിട്ടില്ല.

സിനിമയുടെ മട്ടും ഭാവവും മാറിയതോടെ അരങ്ങൊഴിഞ്ഞ ശശികുമാര്‍ തനിക്കു കിട്ടാത്ത അംഗീകാരങ്ങളെ കുറിച്ച് പരിഭവിക്കാതെ കൈവരിച്ചനേട്ടങ്ങളെ കുറിച്ചഹങ്കരിക്കാതെ സ്വസ്ഥനായി അണിയറയില്‍ നിശബ്ദമിരുന്നു, ആളും ആരവങ്ങളും സിനിമയുടെ പച്ചപ്പിലുള്ളവര്‍ക്കുമാത്രമെന്ന തിരിച്ചറിവോടെ. ഒടുവില്‍ ശശികുമാറിനെ കണ്ടെത്തി ആദരിക്കാന്‍ മലയാളസിനിമ മുന്നോട്ടുവന്നിരിക്കുന്നു.

മഹത്തായസിനിമകളൊന്നും ചെയ്തില്ലെങ്കിലും ശശികുമാറിന് മലയാളസിനിമയുടെ പിതാവിന്റെ പേരിലുള്ള പുരസ്‌ക്കാരം ഇത്തിരിവൈകിപോയെങ്കിലും അങ്ങേയറ്റം അര്‍ഹതപെട്ടതുതന്നെ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X