twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പവിത്രന്റെ പാട്ട്, കെ.ജി.ജോര്‍ജിന്റെ ഡാന്‍സ്; ജോണ്‍ പോള്‍ അന്നു പങ്കുവെച്ച അപൂര്‍വ്വചിത്രത്തിന്റെ കഥ ഇങ്ങനെ

    |

    മലയാള സിനിമ കണ്ട പ്രഗത്ഭസംവിധായകരില്‍ രണ്ടു പേരാണ് കെ.ജി.ജോര്‍ജ്ജും പവിത്രനും. ഇവരുടെ അടുത്ത സുഹൃത്തും കലാമൂല്യമുള്ള നിരവധി മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും ചെയ്ത വ്യക്തിയായിരുന്നു അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ജോണ്‍ പോള്‍ പങ്കുവെച്ച മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം സിനിമാപ്രേമികളുടെ മനം കവരുന്നതായിരുന്നു. പവിത്രനും കെ.ജി.ജോര്‍ജ്ജും ജോണ്‍ പോളും ഒന്നിച്ചുള്ള ഈ ചിത്രം ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു.

    തിരുവനന്തപുരത്ത് വെച്ചു നടന്ന മാക്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വേദിയില്‍ പാട്ടു പാടുന്ന സംവിധായകന്‍ പവിത്രനും അടുത്ത് നിന്ന് പാട്ടിനനുസരിച്ച് നൃത്തം ചവിട്ടുന്ന ജെ.ജി.ജോര്‍ജ്ജുമാണ് ഈ അപൂര്‍വ്വചിത്രത്തില്‍ ഉള്ളത്. എത്ര മനോഹരമാണ് അവിടത്തെ ഗാനാലാപനശൈലി. അനുകരിക്കാനാവാത്ത വിധം പവിത്രന്‍ പാടുന്നു. സ്വന്തമായുണ്ടാക്കിയ നൃത്തച്ചുവടുകളോടെ കെ.ജി.ജോര്‍ജ് നൃത്തം ചെയ്യുന്നു. ഞാന്‍ അവരെ നിരീക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

    John Paul

    അന്തരിച്ച പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി.കുറുപ്പ്, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ഡയറക്ടറുമായ പി.കെ.നായര്‍, സംവിധായകരായ ഹരിഹരന്‍, ജോഷി, ഫാസില്‍, ജേസി, തിരക്കഥാകൃത്ത് ടി.ദാമോദരന്‍ തുടങ്ങിയവര്‍ അന്ന് ഈ പ്രകടനം കാണാന്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നതായി ജോണ്‍ പോള്‍ ഓര്‍ത്തെടുക്കുന്നു.

    മലയാള സിനിമാചരിത്രത്തില്‍ നിര്‍ണ്ണായകപങ്കുള്ള സംവിധായകനാണ് കെ.ജി.ജോര്‍ജ്. സിനിമയുടെ അന്നുവരെയുള്ള സമീപനങ്ങളെ ഉടച്ചുവാര്‍ത്ത്, പുത്തന്‍ ഭാവുകത്വത്തെ മലയാളത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. സ്വപ്‌നാടനം. കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ.ജി. ജോര്‍ജിന്റെ ചിത്രങ്ങള്‍ ഇന്നും മലയാളി ചര്‍ച്ച ചെയ്യുന്നവയാണ്.

    സംവിധാനത്തിനു പുറമേ സംഗീതത്തിലും അവഗാഹമുള്ള വ്യക്തിയായിരുന്നു പവിത്രന്‍. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രം നിര്‍മ്മിച്ചു. യാരോ ഒരാള്‍ എന്ന പരീക്ഷണചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്. പവിത്രന്റെ ഏറ്റവും പ്രശസ്തമായ ചിത്രമായിരുന്നു ഉപ്പ്. ഈ ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

    john paul

    കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ അന്ത്യം. ശ്വാസതടസ്സവും മറ്റ് അനുബന്ധരോഗങ്ങളുമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

    1980 മുതല്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പല സിനിമകളും ജോണ്‍ പോളിന്റെ തിരക്കഥയില്‍ പിറന്നതായിരുന്നു. മലയാളത്തിലെ പ്രഗത്ഭരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

    സംവിധായകന്‍ ഐ.വി ശശിയുടെ 'ഞാന്‍, ഞാന്‍ മാത്രം' എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. ഭരതന്‍ ഒരുക്കിയ ചാമരത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രചനയും ആരംഭിച്ചു. പ്രമുഖ സംവിധായകരായ ഭരതന്‍, ഐ വി ശശി, മോഹന്‍, ഭരത് ഗോപി, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.

    ഒരു കടങ്കഥ പോലെ, പാളങ്ങള്‍, യാത്ര, രചന, വിടപറയും മുമ്പേ, ആലോലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, അതിരാത്രം, വെള്ളത്തൂവല്‍, കാതോട് കാതോരം, സന്ധ്യമയങ്ങും നേരം, അവിടത്തെ പോലെ ഇവിടെയും, ഉത്സവപ്പിറ്റേന്ന്, ആരോരുമറിയാതെ തുടങ്ങിയ ചിത്രങ്ങള്‍ ജോണ്‍ പോളിന്റെ തൂലികയില്‍ പിറന്നതാണ്.

    Recommended Video

    ജോൺ പോളിനെ മോർച്ചറിയിലേക്ക് മാറ്റുന്നു ആശുപത്രിയിലെ ദൃശ്യങ്ങൾ

    എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു. കമലിന്റെ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഏറ്റവും ഒടുവില്‍ തിരക്കഥ ഒരുക്കിയത്. 2014-ല്‍ ഗ്യാങ്സ്റ്റര്‍, 2017-ല്‍ സൈറാബാനു എന്നീ സിനിമകളില്‍ അഭിനേതാവായും എത്തിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ പോള്‍ സിനിമാമേഖലയില്‍ സജീവമായതോടെ
    ജോലി ഉപേക്ഷിക്കുകയായിരുന്നു.

    Read more about: john paul kg george
    English summary
    John Paul shared an old picture of director K G George and Pavithran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X