»   » ഭര്‍ത്താവിനെ തട്ടികൊണ്ട് പോയത് പിതാവെന്ന് കനക

ഭര്‍ത്താവിനെ തട്ടികൊണ്ട് പോയത് പിതാവെന്ന് കനക

Subscribe to Filmibeat Malayalam
Kanaka
ചെന്നൈ: ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയത് തന്റെ അച്ഛനാണെന്ന് നടി കനക. സ്വത്ത് കൈക്കലാക്കാനായി അച്ഛന്‍ തന്നെ ഭ്രാന്തിയാക്കാന്‍ ശ്രമിയ്ക്കുകയാണ്. തന്റെ മനോനില ശരിയല്ലെന്ന് പ്രചരിപ്പിയ്ക്കുകയാണ് അച്ഛന്‍ ദേവദാസെന്നാണ് കനക പറയുന്നത്.

അമേരിയ്ക്കയില്‍ എഞ്ചിനിയറായ മുത്തുകുമാറിനെ കല്യാണം കഴിഞ്ഞ് പതിനഞ്ച് ദിവസം മാത്രമേ ഇരുവരും ഒരുമിച്ച് ജീവിച്ചുള്ളു. 2007 ലായിരുന്നു വിവാഹം. വിവാഹത്തിന് വളരെ മുമ്പ് തന്നെ കനകയും അച്ഛനും തമ്മില്‍ സ്വരചേര്‍ച്ച ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് മുത്തുകുമാറിനെ കണ്ടെത്താനായി യു എസിലേയ്ക്ക് പോകാനും തയ്യാറാണെന്ന് കനക പറയുന്നു.

80 കളില്‍ മലയാളത്തില്‍ തിളങ്ങി നിന്ന കനക പഴയകാല തമിഴ് നടി ദേവികയുടെ മകളാണ്. ദേവിക മരിച്ചതിന് ശേഷം കനകയും അച്ഛനും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ തന്റെ ഓഹരിയുമായി പോയ ദേവദാസുമായി കനകയ്ക്ക് കുറേ കാലമായി ബന്ധമൊന്നുമില്ലായിരുന്നു.

ഈയിടെയാണ് കനക അച്ഛന്‍ ദേവദാസിനെതിരെ ചെന്നെ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മുത്തുകുമാറിന്റെ തിരോധാനത്തിന് പിന്നില്‍ ദേവദാസാണെന്നായിരുന്നു പരാതി. ഇതിനായി ദേവദാസിന് സുഹൃത്ത് അവിയുളഗ അമുദയുടെ സഹായം കിട്ടിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിയ്ക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് കനകയേയും കാണാനില്ലെന്ന് വാര്‍ത്ത പരന്നിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീട് അടഞ്ഞ് കിടന്നതായിരുന്നു ഇതിന് കാരണം. എന്നാല്‍ ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച കനക മാദ്ധ്യമപ്രവര്‍ത്തകരെ കണ്ട് വീണ്ടും തന്റെ ആരോപണം ഉന്നയിച്ചു. 2007ല്‍ രഹസ്യമായി വിവാഹിതയായതിന് പിന്നാലേയാണ് ഭര്‍ത്താവ് മുത്തുകുമാറിനെ കാണാതായത്.

ഈയാള്‍ക്കുള്ള തിരച്ചില്‍ കനക തുടരുകയാണ്. ഇതിനായി അമേരിയ്ക്കയിലേയ്ക്ക് പോകാനും താന്‍ തയ്യാറാണെന്നും കനക പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മുത്തുകുമാറിന്റെ മാതാപിതാക്കള്‍ താമസിയ്ക്കുന്നതായി പറയപ്പെടുന്ന ചെന്നൈ ടി നഗറിലെ വീട്ടിലും കനക പോയിരുന്നു. അവിടെ നിന്ന് ഫോണില്‍ മുത്തുകുമാറുമായി സംസാരിച്ചത്രെ. കനകയെ വിവാഹം കഴിച്ച കാര്യം ഫോണില്‍ മുത്തുകുമാര്‍ സമ്മതിയ്കുകയും ചെയ്തു. പക്ഷേ ഫോണ്‍ സംഭാഷണത്തിന് ശേഷം മാതാപിതാക്കള്‍ മുത്തുകുമാറെന്ന് പറഞ്ഞ് കാണിച്ച ഫോട്ടോ കനകയ്ക്ക് അറിയുന്ന മുത്തുകുമാറിന്റേതല്ലായിരുന്നു. ഇത് മുത്തുകുമാറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കിയിരിയ്ക്കുകയാണെന്നാണ് കനക പറയുന്നത്.

ഈ വിഷയത്തെക്കുറിച്ച് കനകയുടെ അച്ഛന്‍ ദേവദാസിന്റെ വിശദീകരണങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

ഗോഡ്‍ഫാദര്‍, വീയറ്റ്നാം കോളനി, പിന്‍ഗാമി, ഗോളാന്തര യാത്ര, നരസിംഹം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ കനക അമ്മയുടെ അഭിനയത്തിന് ശേഷം കലാരംഗത്ത് നിന്ന് പിന്മാറി ജീവിയ്ക്കുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam