»   » ശാന്തികൃഷ്ണയും രതീഷും അഭിനയിച്ച ചിത്രം തിയറ്ററില്‍

ശാന്തികൃഷ്ണയും രതീഷും അഭിനയിച്ച ചിത്രം തിയറ്ററില്‍

Posted By: Staff
Subscribe to Filmibeat Malayalam
arpoora Deepam : Release After 14 Years
പെട്ടിയിലായിപ്പോരു സിനിമയുടെ റിലീസ്...ദിലീപ് നായകനായ വെള്ളരിപ്രാവിന്റെ ചങ്ങാതി പറഞ്ഞത് അങ്ങനെയൊരു കഥയായിരുന്നു. അതുപോലൊരു നാടകീയത നിറഞ്ഞൊരു കഥയുമായി ഒരു സിനിമ തിയറ്ററുകളിലെത്തുകയാണ്. 14 വര്‍ഷം മുമ്പ് ചിത്രീകരിച്ച സിനിമയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

ശാന്തികൃഷ്ണയും സിദ്ദിഖും നായികാനായകന്മാരായി അഭിനയിച്ച കര്‍പ്പൂര ദീപമാണ് വെളിച്ചം കാണുന്നത്. 1998ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ പ്രതിസന്ധികളിലകപ്പെട്ട് നീണ്ടുപോവുകയായിരുന്നു. അന്നത്തെ ഒരു പ്രമുഖ തിരക്കഥാകൃത്തിനെ തിരക്കഥ എഴുതാനായി ഏല്‍പിച്ചെങ്കിലും കഥയോടു നീതിപുലര്‍ത്താതിരുന്നതിനാല്‍ പത്തു ദിവസത്തെ ഷൂട്ടിങിനു ശേഷം ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് നിര്‍മാതാവ് സപ്‌ന ബേബി പറയുന്നു. സുരേഷ് ഗോപിയായിരുന്നു ആദ്യം ഷൂട്ട് ചെയ്ത രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്.

തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം ജയറാമിനെ നായകനാക്കി സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ശ്രമങ്ങള്‍ നടത്തി. അതും വിജയിക്കാതെ വന്നതോടെ മനോജ് കെ ജയനെ നായകനാക്കാന്‍ നോക്കി. പിന്നീട് നിര്‍ത്തിവച്ച സിനിമ രണ്ടായിരത്തില്‍ സിദ്ദിഖിനെ നായകനാക്കി ചിത്രീകരണം തുടങ്ങി. ഉര്‍വശിയായിരുന്നു അതുവരെയുള്ള നായികയെങ്കില്‍ വീണ്ടും ഷൂട്ടിങ് ആരംഭിച്ചതോടെ ശാന്തികൃഷ്ണ ആ സ്ഥാനത്തേക്ക് വന്നു.

രണ്ടായിരം ഡിസംബറില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കി പെട്ടിയിലാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് ചിത്രം സെന്‍സര്‍ ചെയ്തത്. എന്നിട്ടും വിതരണക്കാരെ കിട്ടിയില്ലെന്ന് എഴുപത്തിയൊന്നുകാരനായ ബേബി പറയുന്നു.

നാല്‍പത് ലക്ഷം രൂപ ബജറ്റിട്ടു തുടങ്ങിയ സിനിമ തിയറ്ററുകളിലെത്തുമ്പോള്‍ 75 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ചിത്രത്തിലഭിനയിച്ച രതീഷും ജോസ് പെല്ലിശ്ശേരിയും ഇന്നില്ലെന്നതും മറ്റൊരു കാര്യം. തൃശൂര്‍ സ്വദേശിയായ ബേബിയുടെ പത്താമത് സിനിമയാണ് കര്‍പ്പൂര ദീപം. നസീറും ഷീലയും ഒന്നിച്ച കാക്കത്തമ്പുരാട്ടിയായിരുന്നു ആദ്യസിനിമ.

ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ തിരക്കഥയില്‍ ജോര്‍ജ്ജ് കിത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. യൂസഫലിയുടെയും ജോണ്‍സന്റെയും കൂട്ടുകെട്ടില്‍ രചിച്ച ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതു യേശുദാസ്, ചിത്ര, എം.ജി. ശ്രീകുമാര്‍ എന്നിവരാണ്. ചെറുവത്തൂര്‍ മൂവി മേക്കേഴ്‌സാണ് കര്‍പ്പൂരദീപം പ്രദര്‍ശനത്തിനെത്തിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam