»   » കരുമന്‍ കാശപ്പന്‍: ലാല്‍ ഫാന്‍സിന്റെ കഥ

കരുമന്‍ കാശപ്പന്‍: ലാല്‍ ഫാന്‍സിന്റെ കഥ

Posted By:
Subscribe to Filmibeat Malayalam
Karuman Kashappan
മോഹന്‍ലാല്‍ ഫാന്‍സിന്റെ കഥ പറയുന്ന ചിത്രം തിയറ്ററുകളിലേക്ക്. കൊല്ലങ്കോട്, ചിറ്റൂര്‍, മലമ്പുഴ, പറളി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള 'കരുമന്‍ കാശപ്പന്‍' എന്ന ചിത്രമാണ് പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

തമിഴകത്തെ ട്രെന്റ് സെറ്ററുകളായി മാറിയ മൈന, സുബ്രഹ്മണ്യപുരം തുടങ്ങിയ സിനിമകളുടെ ശൈലിയില്‍ പാലക്കാടിന്റെ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 87 പുതുമുഖങ്ങള്‍ വേഷമിടുന്നു. ചിദംബരം ക്രിയേഷന്‍സിന്റെ ബാനറില്‍ ചിദംബരന്‍ പെരിങ്ങോട്ടുകുറിശ്ശി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് നവാഗതനായ സജില്‍ പറളിയാണ്.

ചൂരിക്കാട് എന്ന കോളനിയിലെ ചെറുപ്പക്കാരില്‍ ഭൂരഭാഗവും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്. അവരുടെ സൗഹൃദവും ചെറിയ വികൃതികളും നാട്ടുകാര്‍ നേരംപോക്കായാണെടുക്കുന്നത്. താരരാജാവിനോടുള്ള അവരുടെ നിഷ്‌കളങ്കമായ ആരാധന അവര്‍ക്ക് ആദരവും നേടിക്കൊടുക്കുന്നുണ്ട്. നാട്ടില്‍ നടക്കുന്ന വേലയ്ക്ക് ശേഷം മോഹന്‍ലാല്‍ ഫാന്‍സുകാരായ മൂന്ന് ചെറുപ്പക്കാര്‍ക്ക് എന്ത് സംഭവിച്ചു എന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകന്‍ സജില്‍ പറളി പറയുന്നു. മൂന്ന് ദിവസം കൊണ്ടു നടക്കുന്ന കഥയാണ് സിനിമയിലൂടെ പറയുന്നത്.

'ഓര്‍ഡിനറി'യിലൂടെ ബിജുമേനോന്‍ സൂപ്പറാക്കിയ പാലക്കാടന്‍ സംഭാഷണശൈലിയിലാണ് ചിത്രത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും സംസാരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കി പരിചയമുള്ള സജില്‍ പറളി സ്വന്തം ഭാര്യ സിന്ദാബാദ്, സ്വര്‍ഗം 9 കി.മി എന്നീ ചിത്രങ്ങളില്‍ സംവിധാനസഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

കാശപ്പന്‍, മഞ്ഞരളി, വേലന്‍ എന്നീ മോഹന്‍ലാല്‍ ഫാന്‍സുകാരായ രണ്ടരക്കൂട്ടത്തിന്റെ കഥ ഏറെ പുതുമകളോടെ പറയുന്ന ചിത്രത്തില്‍ ഷാജി, വിനു, രാജേഷ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. മുംബൈയില്‍ നിന്നുള്ള പുതുമുഖതാരം കൃഷകുറുപ്പാണ് നായിക. ഡബ്ബിങും എഡിറ്റിങും പൂര്‍ത്തിയാക്കിയ ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam