കെജ്രിവാള്‍ സിനിമയ്ക്ക് പാട്ടെഴുതുന്നു
ദില്ലി: സാധാരണക്കാരുടെ മനസിലിരിപ്പ് നന്നായി അറിയുന്ന ആളാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതുകൊണ്ടാണ് സാധാരണക്കാരന്‍ എന്നര്‍ഥം വരുന്ന ആം ആദ്മി എന്ന വാക്ക് തന്നെ തന്റ പാര്‍ട്ടിക്ക് പേരായി കെജ്രിവാള്‍ തിരഞ്ഞെടുത്തത്. രാഷ്ട്രീയവും ഭരണവും സമരവും മാത്രമല്ല, ഇനിയും പുറത്തെടുക്കാത്ത മറ്റ് ചില കഴിവുകള്‍ കൂടിയുണ്ട് രാജ്യത്തെ ആം ആദ്മികളുടെ പ്രതിനിധിയായ ഈ 46കാരന്.
പാട്ടെഴുത്താണ് ആ കഴിവുകളിലൊന്ന്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ മനോഹരമായ കവിതയിലൂടെ ജനങ്ങളെ ആഹ്ലാദിപ്പിച്ച കെജ്രിവാള്‍ ഇപ്പോഴിതാ ഒരു സിനിമക്ക് പാട്ടെഴുതാന്‍ പോകുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്റെ അര്‍ദ്ധ സഹോദരന്‍ നായകനാകുന്ന ചിത്രത്തിനാണ് കെജ്രിവാള്‍ പാട്ടെഴുതുന്നത്.

ദില്‍ തോ ദീവാനാ ഹെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ഒരു പാട്ടാണ് കെജ്രിവാള്‍ എഴുതുന്നത്. കെജ്രിവാളിന്റെ വിശ്വസ്തനും ആം ആദ്മി പാര്‍ട്ടി നേതാവും കവിയുമായ കുമാര്‍ വിശ്വാസാണ് ചിത്രത്തിലെ ബാക്കി പാട്ടുകള്‍ക്ക് തൂലിക ചലിപ്പിക്കുന്നത്.
രാജ ആര്‍ ബുന്ദേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം ദീപക് ശര്‍മ. സീനത് അമ്മന്‍, സദ, രാജ് ബബ്ബാര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന അരവിന്ദ് കെജ്രിവാള്‍ പാട്ടിലും തന്റെ രാഷ്ട്രീയ ആശയങ്ങളാകുമോ പറയുക. കാത്തിരുന്ന് കാണാം, അല്ല കേള്‍ക്കാം.


Click it and Unblock the Notifications











