For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ, നടി സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരം

  |

  സംസ്ഥാനത്ത് നിർമിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്. ഇത്തവണ എല്ലാ വിഭാ​ഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്.

  കൊവിഡ് പ്രതിസന്ധി രണ്ട് വർഷത്തോട് അടുക്കാൻ പോകുകയാണ്. കൊവിഡ് പടർന്ന് പിടിക്കുന്നതിനാൽ ഒന്നാം തരം​ഗസമയത്തെല്ലാം തിയേറ്ററുകൾ അടഞ്ഞുകിടക്കുകയായിരുന്നു. രണ്ടാം തരം​ഗത്തിന് മുമ്പ് കുറച്ച് നാളുകൾ മാത്രം പകുതിയാളുകളെ മാത്രം പ്രവേശിപ്പിച്ച് തുറന്നുവെങ്കിലും രണ്ടാം തരം​ഗം ശക്തമായതോടെ വീണ്ടും തിയേറ്ററുകൾ പൂട്ടി. ആ കുറഞ്ഞ കാലയളവിലും പിന്നീട് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയുമായി നിരവധി സിനിമകൾ പ്രദർശനത്തിന് എത്തിയിരുന്നു. ഇവയെല്ലാമാണ് ഇത്തവണ മത്സര രം​ഗത്തുള്ളത്.

  മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരരം​ഗത്തുള്ളത് ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിർന്ന താരങ്ങൾക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്പോൾ ആരാധകരും ആകാംഷയിലാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെയാണ് ബിജു മേനോൻ മത്സരരം​ഗത്തേക്ക് എത്തിയത്. മാലിക്കി, ട്രാൻസ് എന്നിവയിലെ പ്രകടനത്തിലൂടെയാണ് ഫഹദ് ഫാസിൽ പട്ടികയിൽ പേര് ചേർത്തത്. ജയസൂര്യയുടെ പ്രകടനം വിലയിരുത്തുക വെള്ളം, സണ്ണി എന്നീ സിനിമകൾ വിലയിരുത്തിയാകും. വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രൻസ് വീണ്ടും മികച്ച നടനുള്ള പുരസ്കാരത്തിന് വേണ്ടി മത്സരിക്കുന്നത്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഫോറൻസിക് എന്നീ സിനിമകളാണ് ടൊവിനോയുടേതെങ്കിൽ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയിലെ പ്രകടനത്തിലൂടെയാണ് ലിസ്റ്റിൽ സുരാജ് വെഞ്ഞാറമൂടും ഉൾപ്പെട്ടത്.

  മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് ഉള്ളത്. വർഷങ്ങൾക്ക് ശേഷമായിരിക്കും ഒരുപക്ഷെ ശോഭനയുടെ പേര് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നത്. നൃത്തവും മറ്റുമായി സോഷ്യൽമീഡിയകളിൽ സജീവമായിരുന്നു ശോഭന എങ്കിലും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന വീണ്ടും അഭിനയരം​ഗത്തേക്ക് തിരിച്ചെത്തിയത്. വരനെ ആവശ്യമുണ്ട് (ശോഭന), കപ്പേള (അന്ന ബെൻ), ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (നിമിഷ സജയൻ), വർത്തമാനം (പാർവതി തിരുവോത്ത്) വെള്ളം , വൂൾഫ് (സംയുക്ത മേനോൻ) എന്നീ സിനിമകളിലെ നടിമാരുടെ പ്രകടനങ്ങൾ വിലയിരുത്തിയാകും അന്തിമ വിജയിയെ കണ്ടെത്തുക.

  2020ൽ നിർമിച്ച 80 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലെ വിവിധ മേഖലകളിലേക്ക് മത്സരിക്കുന്നത്. രണ്ട് പ്രാഥമിക ജൂറികൾ ആദ്യം സിനിമകൾ കണ്ട് വിലയിരുത്തും. ശേഷം ഈ ജൂറികൾ നിർദേശിക്കുന്ന സിനിമകൾ രണ്ടാം റൗണ്ടിലേക്ക് കടക്കും. അവയിൽ നിന്നായിരിക്കും അന്തിമ ജൂറി പുരസ്കാര ജേതാക്കളെ നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ അന്തിമ ജൂറിയിലും ഉണ്ടാകും. ആറ് സംവിധായകരുടെ രണ്ട് സിനിമകൾ വീതം ഇത്തവണ മത്സരിക്കുന്നുണ്ട്. മഹേഷ് നാരായൺ,സിദ്ധാർഥ് ശിവ, ജിയോ ബേബി, അശോക്. ആർ.നാഥ്, സിദ്ദിഖ് പറവൂർ, ഡോൺ പാലത്തറ എന്നിവരുടെ രണ്ട് ചിത്രങ്ങൾ വീതമാണ് വിലയിരുത്തലിനായി ജൂറിക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. അന്തരിച്ച സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശിയും മികച്ച സംവിധായകൻ തിരക്കഥ വിഭാ​ഗങ്ങളിലേക്ക് മത്സരിച്ചേക്കും. മികച്ച സംവിധായകനുള്ള മത്സരത്തിൽ മഹേഷ് നാരായൺ മത്സരിക്കുന്നത് മാലിക്, സീ യു സൂൺ എന്നീ ചിത്രങ്ങൾ സമർപ്പിച്ചുകൊണ്ടാണ്.

  Monson deceived actor Mohanlal with fake antiques

  മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച മുതിർന്ന സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ മത്സരവിഭാ​ഗത്തിലേക്ക് എത്തിയിട്ടുണ്ട്. ശ്യാമപ്രസാദ്(കാസിമിന്റെ കടൽ), ഡോ.ബിജു(ഓറഞ്ച് മരങ്ങളുടെ വീട്) ഹരികുമാർ(ജ്വാലാമുഖി) എന്നിവയാണത്. സംസ്ഥാന പുരസ്കാരവേദിയിൽ ഇതുവരെ തഴയപ്പെട്ടിട്ടുള്ള സംവിധായകനാണ് ഡോ.ബിജു. പക്ഷെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മിക്കവയും ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് കപ്പേള (മുഹമ്മദ് മുസ്തഫ), വരനെ ആവശ്യമുണ്ട് (അനൂപ് സത്യൻ), സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) എന്നിവരാണ് മത്സരിക്കുന്നത്. എല്ലാ വിഭാ​ഗങ്ങളിലും കടുത്ത മത്സരമാണെന്നതിനാൽ വിജയികളെ കണ്ടെത്തുക ഏറെ പ്രയാസമുള്ള ജോലിയാണ്.

  English summary
  Kerala state film award, Tight competition in all categories including Best Actor and Best Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X