»   » തിയേറ്റര്‍ സമരം, റിലീസുകള്‍ താളം തെറ്റി

തിയേറ്റര്‍ സമരം, റിലീസുകള്‍ താളം തെറ്റി

Posted By:
Subscribe to Filmibeat Malayalam
Theater
സിനിമാ തിയറ്ററുകള്‍ അടച്ചിട്ടതുകാരണം ഇരുപത് ചിത്രങ്ങളുടെ റിലീസുകള്‍ താളം തെറ്റി. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ്‌ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രങ്ങള്‍ മുതല്‍ ക്രിസ്മസ് വരെയുള്ള ചിത്രങ്ങളുടെ റിലീസിങ് ഷെഡ്യൂളാണ് താളം തെറ്റിയത്. ഇതിന്റെയെല്ലാം ദൂഷ്യം അനുഭവിക്കാന്‍ പോകുന്നത് ചെറുചിത്രങ്ങളും.

എം.മോഹനന്റെ 916, ഷാഫിയുടെ 101 വെഡിംഗ്‌സ് എന്നിവയാണ് നവംബര്‍ ആദ്യം തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. റിലീസ് ഡേറ്റിലാണ് സമരം തുടങ്ങിയതും. അതോടെ ഇവയുടെ റിലീസ് മാറ്റി. അതുവരെ തിയറ്ററിലുണ്ടായിരുന്നത് ലാല്‍ജോസിന്റെ അയാളും ഞാനും തമ്മിലും മമ്മൂട്ടിയുടെ ജവാന്‍ ഓഫ് വെള്ളിമലയും ആയിരുന്നു. ലാല്‍ജോസ് ചിത്രം കത്തികയറുമ്പോഴാണ് സമരം വരുന്നത്. ഇതിനിടെ കാശ്, പ്രഭുവിന്റെ മക്കള്‍ എന്നീ ചെറുചിത്രങ്ങളും തിയറ്ററില്‍ എത്തിയിരുന്നു. അവയും സമരത്തില്‍പ്പെട്ടു.

ദിലീപ് നായകനാകുന്ന മൈ ബോസ്, ദുല്‍ക്കര്‍ സല്‍മാന്റെ തീവ്രം, മമ്മൂട്ടിയുടെ ഫേസ് ടു ഫേസ് എന്നിവയാണ് ഇനി തിയറ്ററില്‍ എത്താനുള്ളത്. ഇതോടൊപ്പമാണ് വിജയ് യുടെ തുപ്പാക്കിയും തിയറ്ററില്‍ എത്തേണ്ടത്. അടുത്തവാരമാണ് ഇവയൊക്കെ റിലീസ്. അതിനിടെ 916, 101 എന്നിവ എങ്ങനെ റിലീസ് ചെയ്യുമെന്നറിയില്ല. കാരണം മേജര്‍ ടൗണിലെല്ലാം മൈ ബോസും തുപ്പാക്കിയും അഞ്ച് തിയറ്ററെങ്കിലും ബുക് ചെയ്തിട്ടുണ്ട്.

തുപ്പാക്കി കേരളത്തില്‍ നൂറിലധികം തിയറ്ററിലാണ് ഒന്നിച്ചു വരാന്‍ പോകുന്നത്. മിക്കസ്ഥലത്തും രണ്ടോ മൂന്നോ തിയറ്റര്‍ അവര്‍ക്കു വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനിടയിലേക്ക് മമ്മൂട്ടിയുടെയും മകന്റെയും ചിത്രം എത്തും. ഇപ്പോള്‍ കളിക്കുന്ന ചിത്രമെല്ലാം അപ്പോള്‍ മാറ്റേണ്ടി വരും. ക്രിസ്മസിനാണ് ലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയുമൊക്കെ ചിത്രം റിലീസിനു വച്ചത്. അതിനു മുമ്പ് വേണം ഈ ചിത്രങ്ങളെല്ലാം തിയറ്ററില്‍ കളിച്ചു പോകണം.

ചില ചിത്രങ്ങള്‍ അടുത്ത വര്‍ഷത്തേക്കു മാറ്റി വയ്‌ക്കേണ്ടി വരുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. റിലീസ് ചെയ്താല്‍ രണ്ടാഴ്ചയേ പലര്‍ക്കും എ ക്ലാസ് തിയറ്റര്‍ കിട്ടുകയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് നല്ലചിത്രങ്ങള്‍ക്കു നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല. ഈവര്‍ഷം ഏറ്റവുമധികം ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയിട്ടുമുണ്ട്. മലയാള സിനിമയില്‍ കോടികളുടെ ലാഭമുണ്ടാക്കിയ വര്‍ഷമായിരുന്നു ഇത്. പക്ഷേ കുറഞ്ഞ ദിവസത്തെ സമരം കൊണ്ട് എല്ലാം നഷ്ടപ്പെടാന്‍ പോകുകയാണ്.

English summary
The indefinite strike by Kerala Film Exhibitors Federation will surely trouble the cinema community, that also cripples new releases.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam