»   » കിലുക്കത്തിന്റെ 3ഡി പതിപ്പ് ഒരുങ്ങുന്നു

കിലുക്കത്തിന്റെ 3ഡി പതിപ്പ് ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Kilukkam
മലയാളിയ്ക്കിന്നും പൊട്ടിച്ചിരിയുടെ കിലുകിലുക്കം സമ്മാനിയ്ക്കുന്ന ലാല്‍പ്രിയന്‍ ചിത്രം കിലുക്കം ത്രീഡിയിലേക്ക് മാറ്റാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍്ട്ട്. 1991ലെ സ്വാതന്ത്ര്യദിനത്തില്‍ തിയറ്ററുകളിലെത്തിയ കിലുക്കം മലയാള സിനിമയിലെ എക്കാലത്തെയും വമ്പന്‍ വിജയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. മൂന്നുറിലധികം ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് വേണുനാഗവള്ളിയായിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്റെ തലയിലാണ് 3ഡി ആശയം ഉദിച്ചതെന്നറിയുന്നു. ഹോളിവുഡ് സിനിമകളടക്കം 3ഡി ഫോര്‍മാറ്റില്‍ റീറിലീസ് ചെയ്ത് വമ്പന്‍ വിജയം കൊയ്യുന്ന സാഹചര്യത്തിലാണ് കിലുക്കം വീണ്ടും പുറത്തിറക്കാന്‍ ശ്രമം നടക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.

ആര്‍. മോഹന്‍ നിര്‍മിച്ച കിലുക്കത്തിനെ അതിമനോഹരമാക്കിയത് എസ്് പി വെങ്കിടേഷിന്റെ സംഗീതവും എസ് കുമാറിന്റെ ഛായാഗ്രഹണവുമായിരുന്നു. മോഹന്‍ലാലിന്റെ ജോജിയും ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിശ്ചലും തമ്മിലുള്ള മത്സരവേദി കൂടിയായിരുന്നു കിലുക്കം. ഇവരുടെ കോമ്പിനേഷന്‍ സീനുകള്‍ മലയാളത്തിലെ ക്ലാസിക് കോമഡി രംഗങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നും മലയാളം ചാനലുകളിലെ നിത്യസാന്നിധ്യമാണ് ഇവരുടെ കോമ്പിനേന്‍ രംഗങ്ങള്‍. ഇവര്‍ക്ക് പുറമെ ജസ്റ്റിസ് പിള്ളയായി തിലകനും പിള്ളയുടെ വീട്ടുവേലക്കാരന്‍ കിട്ടുണ്ണിയായി ഇന്നസെന്റും പൊട്ടിപ്പെണ്ണായെത്തിയ രേവതിയുമായിരുന്നു കിലുക്കത്തിന്റെ മറ്റു ആകര്‍ഷണീയതകള്‍.

ഊട്ടിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച സിനിമകള്‍ ഉണ്ടാവുമോയെന്ന കാര്യവും സംശയമാണ്. എന്തായാലും പുതിയ 3ഡി പതിപ്പ് വരികയാണെങ്കില്‍ ഇതെല്ലാം ഒന്നുകൂടി കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്കുണ്ടാവുക.

വാല്‍ക്കഷ്ണം ഒരു രണ്ടാംഭാഗമെടുത്ത് ആദ്യ സിനിമയ്ക്ക് പേരുദോഷമുണ്ടാക്കുന്നതതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് കിലുക്കം. 2006ല്‍ കിലുക്കം കിലുകിലുക്കം എന്ന പേരില്‍ സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത എട്ടുനിലയില്‍ പൊട്ടിത്തകര്‍ന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യ മാധവന്‍ എന്നിവര്‍ക്കൊപ്പം കിലുക്കത്തിലെ താരങ്ങളായ മോഹന്‍ലാലും ജഗതിയും ചേര്‍ന്നെങ്കിലും ചിത്രം രക്ഷപ്പെട്ടില്ല.

English summary
The latest buzz around the Malayalam film world is that, popular Malayalam film "Kilukkam" is going to be converted in to 3D format.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam