»   » കൊച്ചി പഴയ കൊച്ചിയല്ല!!

കൊച്ചി പഴയ കൊച്ചിയല്ല!!

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാളസിനിമ വളര്‍ന്നത് മദിരാശിപ്പട്ടണം കേന്ദ്രമാക്കിയായിരുന്നു. ഷൂട്ടിങും, മറ്റ് ജോലികളുമെല്ലാം മദിരാശിയിലെ സ്റ്റുഡിയോകളിലും വിവിധ ഓട്ട് ഡോര്‍ ലൊക്കേഷനുകളിലും വച്ച് നടക്കുകയായിരുന്നു പതിവ്. പിന്നീട് പതുക്കെ മദിരാശിവിട്ട് സിനിമ കേരളത്തിലേയ്ക്ക് വരാന്‍ തുടങ്ങി. കേരളത്തനിമ നിലനിര്‍ത്താനായി കേരളത്തില്‍ത്തന്നെ ഷൂട്ട് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം കൂടി.

ഒറ്റപ്പാലമായിരുന്നു അക്കാലത്ത് മലയാളത്തിന്റെ പ്രധാന ലൊക്കേഷന്‍. മിക്ക ചിത്രങ്ങളും ഇവിടെയായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നു. കൂടാതെ തിരുവനന്തപുരം കോഴിക്കോടുമെല്ലാം സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായി മാറി.

Kochi

ഇപ്പോള്‍ കേരളത്തിലെ ലൊക്കേഷനുകളുടെ കാര്യമെടുത്താല്‍ കൊച്ചിയാണ് റാണി. കൊച്ചി പ്രധാന ലൊക്കേഷനാക്കി ഏറെ ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്, തയ്യാറായിക്കൊണ്ടിരിക്കുന്നതും. ചിത്രീകരണത്തിന്റെ കാര്യത്തിലെന്നപോലെ സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള സാങ്കേതികവശങ്ങളുടെ കാര്യത്തിലും കൊച്ചി കാര്യമായി വികസിച്ചുകഴിഞ്ഞു. ഇപ്പോള്‍ മലയാളസിനിമയുടെ തലസ്ഥാനമെന്ന സ്ഥാനത്താണ് കൊച്ചി നില്‍ക്കുന്നത്.

പുറംനാടുകളില്‍ ചിത്രീകരിക്കപ്പെടുന്ന പല ചിത്രങ്ങളിലും കൊച്ചിയ്ക്ക് പ്രധാനപ്പെട്ടൊരു റോളുണ്ടാകും. അതാണ് ഇപ്പോഴിറങ്ങുന്ന മിക്ക ചിത്രങ്ങളുടെയും കാര്യം. പണ്ടൊന്നും ചിത്രങ്ങള്‍ക്ക് മനോഹാരിത കൂട്ടാനെന്ന നിലയ്ക്കാണ് പല ലൊക്കേഷനുകളിലും വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നത്തെ പല സിനിമകളിലും കൊച്ചി ഒരു കഥാപാത്രമായിത്തന്നെ മാറുകയാണ്.

കൊച്ചിയിലെ മട്ടാഞ്ചേരിയും മറ്റും കേന്ദ്രമാകുന്ന എത്ര ചിത്രങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയിലെ നഗരജീവിതവും തീരദേശജീവിതവും ചേരിജീവിതവുമെല്ലാം സിനിമയില്‍ കാണാന്‍ കഴിയുന്നു. അടുത്തകാലത്ത് കൊച്ചിയുടെ സൗന്ദര്യവുമായി എത്തിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ചിത്രങ്ങളായിരുന്നു അന്നയും റസൂലും, ഹണീബീ തുടങ്ങിയവ.

കൊച്ചിയ്‌ക്കൊപ്പം തന്നെ മൂന്നാര്‍, തൊടുപുഴ, കോട്ടയം എന്നീ സ്ഥലങ്ങളെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളായി മാറിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെ സംബന്ധിച്ചും കൊച്ചി പ്രിയപ്പെട്ടതായി മാറുകയാണ്. പ്രമുഖ നടന്മാരും നടിമാരുമെല്ലാം കൊച്ചിയില്‍ ഒരു വീട് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമേ പുതുനിര താരങ്ങള്‍ക്കെല്ലാം കൊച്ചിയില്‍ വീടുകളോ ഫഌറ്റുകളോ ഉണ്ട്. അതേ ബിഗ് ബിയെന്ന അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടി പറയുന്നത് പോലെ 'കൊച്ചി പഴയ കൊച്ചിയല്ല!'.

English summary
Kochi is now a important location for Malayalam films, most of the film makers are opting Kochi because of his urban look, variety of locations
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam