twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉത്തരമില്ലാത്ത ചോദ്യമായി സൗന്ദര്യയുടെ വില്‍പ്പത്രം

    By Lakshmi
    |

    Soundarya
    നടി സൗന്ദര്യയുടെ മരണം ഇന്നും ആരാധകര്‍ക്കും ബന്ധുക്കള്‍ക്കും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്. 2004ല്‍ ഉണ്ടായ വിമാനാപകടത്തിലായിരുന്നു സൗന്ദര്യയുടെ മരണം സംഭവിച്ചത്. ബിജെപിയ്ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണയാത്രക്കിടെയായിരുന്നു വിമാനാപകടം സംഭവിച്ചത്. സൗന്ദര്യയും സഹോദരന്‍ കെ എസ് അമര്‍നാഥും അപകടത്തില്‍ കൊല്ലപ്പെട്ടു.

    താരത്തിന്റെ മരണം സംഭവിച്ച് എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവരുടെ സമ്പത്ത് വിഭജിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ തര്‍ക്കവും കലഹവും തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പല കേസുകളിലും കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ടു. എല്ലാ പ്രശ്‌നത്തിന്റെയും ഹേതുവായി മാറിയത് സൗന്ദര്യ തയ്യാറാക്കിവച്ചിരുന്നുവെന്ന് പറയപ്പെടുന്ന വില്‍പ്പത്രം ആയിരുന്നു. കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ ഈ വില്‍ യഥാര്‍ത്ഥമാണെന്നും സൗന്ദര്യതന്നെ തയ്യാറാക്കിയതാണെന്നും വാദിച്ചപ്പോള്‍ മറ്റു രണ്ട് അംഗങ്ങള്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് ആരോപിച്ചത്.

    എന്തായാലും ഒടുക്കം ബന്ധുക്കള്‍ത്തന്നെ ഒരു തീരുമാനത്തില്‍ എത്തുകയും പരസ്പരം ഫയല്‍ ചെയ്ത പരാതികള്‍ ഇവര്‍ പിന്‍വലിയ്ക്കുകയും ചെയ്തു. സൗന്ദര്യയുടെ അമ്മ മഞ്ജുള, ഭര്‍ത്താവ് രഘു, സഹോദരന്‍ അമര്‍നാഥിന്റെ ഭാര്യ നിര്‍മ്മല, മകന്‍ സാത്വിക് എന്നിവരാണ് ഇപ്പോള്‍ സൗന്ദര്യയുടെ സ്വത്തിന് അവകാശമുള്ള ജീവിച്ചിരിക്കുന്നവര്‍. ഇവര്‍ തന്നെയാണ് ഭാഗം തിരിഞ്ഞ് സ്വത്തിന്റെ പേരില്‍ നിയമയുദ്ധത്തിനൊരുങ്ങിയതും.

    സൗന്ദര്യയുടേതെന്ന് പറയപ്പെടുന്ന വില്‍പ്പത്രം, 2003 ഫെബ്രുവരി 15നാണ് തയ്യാറാക്കിയിരിക്കുന്നത്. അവരുടെ മരണത്തിന് ഒരു വര്‍ഷം മുമ്പും, വിവാഹത്തിന് രണ്ടു മാസം മുമ്പുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ബാംഗ്ലൂരിലും ഹൈദരാബാദിലുമുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെയും പണം, ഷെയര്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയും എത്തരത്തില്‍ വിഭജിച്ചിരിക്കുന്നുവെന്നാണ് വില്ലില്‍ പറയുന്നത്. ഈ നാലുപേര്‍ക്കുമായിട്ടാണ് വില്ലില്‍ ഈ വസ്തുക്കളെല്ലാം വിഭജിച്ചിരിക്കുന്നത്.

    2009ല്‍ സൗന്ദര്യയുടെ സഹോദരഭാര്യ നിര്‍മ്മല ഭര്‍തൃമാതാവിനും സൗന്ദര്യയുടെ ഭര്‍ത്താവിനുമെതിരെ കേസ് ഫയല്‍ ചെയ്തതോടെയാണ് സൗന്ദര്യയുടെ സ്വത്തുവിഭജനം സംബന്ധിച്ച നിയമയുദ്ധം തുടങ്ങിയത്. സ്വത്തുതര്‍ക്കത്തിനൊപ്പം തന്നെ ഭര്‍തൃമാതാവിനു രഘുവിനുമെതിരെ നിര്‍മ്മല ഗാര്‍ഹിക പീഡനം ആരോപിച്ചും കേസുകള്‍ ഫയല്‍ ചെയ്തു. സ്വത്തു തര്‍ക്കത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനമായിരുന്നു പരാതികളില്‍ ആരോപിച്ചിരുന്നത്. നിര്‍മ്മലയാണ് ഇത്തരത്തിലൊരു വില്‍പ്പത്രം ഉണ്ടെന്നുള്ള കാര്യം വാദിയ്ക്കുകയും അത് ഹാജരാക്കുകയും ചെയ്തത്. എന്നാല്‍ ഈ വില്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു സൗന്ദര്യയുടെ അമ്മയുടെയും ഭര്‍ത്താവിന്റെയും വാദം. കേസ് പലമാനങ്ങളില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സ്വത്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ പ്രതിഭാഗവും വാദിഭാഗവും തമ്മില്‍ തീരുമാനമുണ്ടായത്. ഇത്തരത്തില്‍ കെട്ടിടങ്ങളും ബാങ്ക് നിക്ഷേപവുമുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിഭജിയ്ക്കുകയും ചെയ്തു.

    പക്ഷേ ഇപ്പോഴും മരണത്തിന് മുമ്പ് സൗന്ദര്യ തയ്യാറാക്കി വച്ചിരുന്നുവെന്ന് പറയപ്പെടുന്ന വില്‍പ്പത്രംസത്യമാണോ അല്ലയോ എന്നചോദ്യത്തിന് മാത്രം ഉത്തരമില്ല. കേസ് ഒത്തുതീര്‍പ്പായകൂട്ടത്തില്‍ നിര്‍മ്മല ഗാര്‍ഹിക പീഡനക്കേസുകള്‍ പിന്‍വലിച്ചതോടെ സൗന്ദര്യയുടെ അമ്മയും ഭര്‍ത്താവും അവര്‍ വില്‍ കെട്ടിച്ചമച്ചതാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് നല്‍കിയ കേസും പിന്‍വലിച്ചിരുന്നു. സൗന്ദര്യ സമ്പാദിച്ച സ്വത്തുക്കളുടെയെല്ലാം വിഭജനം തര്‍ക്കങ്ങള്‍ക്കിടയില്ലാതെ നടന്നുവെങ്കിലും വില്‍പ്പത്രത്തിന്റെ കാര്യം മാത്രം അവരുടെ മരണം പോലെതന്നെ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിയ്ക്കുകയാണ്.

    English summary
    The mystery over the last will and testament of the late actress Soundarya is likely to remain as unsolved as her death.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X