»   » സലിം കുമാറിന്റെ 'കുടി'യില്ലാത്ത ഓണം

സലിം കുമാറിന്റെ 'കുടി'യില്ലാത്ത ഓണം

Posted By:
Subscribe to Filmibeat Malayalam
Salim Kumar
നടന്‍ സലിം കുമാറിന് ഇത്തവണ മദ്യലഹരിയില്ലാത്ത ഓണം, കഴിഞ്ഞ ഓണത്തോടെയാണ് മദ്യപാനം ഉപേക്ഷിയ്ക്കാന്‍ സലിം കുമാര്‍ തീരുമാനിച്ചത്. മുന്‍കാലങ്ങളിലെല്ലാം ഓണമെന്നാല്‍ കുടിയോണമായിരുന്നുതനിയ്‌ക്കെന്ന് സലിം പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി മദ്യം കഴിച്ചിട്ടില്ലെന്നും കഴിയ്ക്കാത്തതില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലെന്നും സലിം പറയുന്നു.

കുടിനിര്‍ത്തിയതുമായി ബന്ധപ്പെട്ട് തനിയ്ക്ക് പലകാര്യങ്ങളും മനസിലായെന്നും താരം പറയുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മദ്യപാനം നിര്‍ത്തിയതോടെ പല സുഹൃത്തുക്കളും താനുമായുള്ള സൗഹൃദം വേണ്ടെന്ന് വച്ചതാണെന്നും സലിം പറയുന്നു. പണ്ട് മദ്യപാനത്തിനായി എപ്പോഴും കൂട്ടിനെത്തിയിരുന്നവര്‍ ഇപ്പോള്‍ വെറുതെയൊന്ന് ഫോണ്‍ വിളിയ്ക്കുകപോലുമില്ലെന്ന് സലിം തുറന്നു പറഞ്ഞു.

സലിം മദ്യപാനം നിര്‍ത്തിയതോടെ ഭാര്യ സുനിതയും മക്കളും ഏറെ സന്തോഷത്തിലാണ്. ഇപ്പോള്‍ സലിം കൃത്യമായി വീട്ടില്‍ വരുന്നുണ്ടെന്നും അത് ഏറെ സന്തോഷം നല്‍കുന്നുവെന്നും ഭാര്യ പറയുന്നു. മുമ്പെല്ലാം മദ്യപിയ്ക്കാനായി ഏറെ സമയം ചെലവിട്ടിരുന്ന സലിമിന്റെ തിരുവോണങ്ങളെല്ലാം മൂക്കറ്റം കുടിച്ചുള്ള ആഘോഷങ്ങളായിരുന്നുവത്രേ.

മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിട്ടും സലിം കുമാര്‍ കുടി നിര്‍ത്തിയിരുന്നില്ല. കഴിഞ്ഞ ഓണത്തിനും മദ്യപിച്ചു. എന്നാല്‍ ചതയദിനത്തില്‍ തനിയ്ക്ക് എന്തോ ഒരു ഉള്‍വിളി തോന്നിയെന്നും മരണഭയംകാരണമാണ് താന്‍ കുടി നിര്‍ത്തിയെന്നും സലിം പറയുന്നു. പതിനെട്ടു വയസുമുതല്‍ മദ്യപിയ്ക്കുന്ന തനിയ്ക്ക് കുടി നിര്‍ത്താമെങ്കില്‍ ആര്‍ക്കും അതിന് സാധിയ്ക്കുമെന്നാണ് താരം പറയുന്നത്. കുടി നിര്‍ത്തിയവര്‍ക്കുണ്ടാകുമെന്ന് പറയപ്പെടുന്ന കൈവിറയല്‍ പോലുള്ള അസ്വസ്ഥതകളൊന്നും തനിയ്ക്കുണ്ടായിട്ടില്ലെന്നും സലിം കുമാര്‍ വ്യക്തമാക്കി.

English summary
Actore Salim Kumar celebrated this Onam with out alcohol.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam