For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോഹിയുടെ ഭീഷ്മര്‍ ഇപ്പോഴും അപൂര്‍ണം

  By നിര്‍മല്‍
  |

  Lohithadas
  മലയാളി പ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച ലോഹിതദാസ് വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം. 2009 ജൂലൈ 28ന് ലോഹിതദാസ് വിടപറയുമ്പോള്‍ പൂര്‍ത്തിയാക്കാതെ വച്ചിരുന്ന ഭീഷ്മര്‍ എന്ന തിരക്കഥ സിനിമയാക്കുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് ആരും പറയുന്നതു കേട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ലോഹി ഒരുക്കാന്‍ തയ്യാറെടുക്കുന്ന ചിത്രമായിരുന്നു ഭീഷ്മര്‍. അപൂര്‍ണമായ തിരക്കഥ പൂര്‍ത്തിയാക്കുന്നുവെന്ന് പല സുഹൃത്തുക്കളും പറഞ്ഞിരുന്നു. പക്ഷേ അന്നത്തെ ആവശേപ്രഖ്യാപനം വാക്കുകളില്‍ മാത്രമൊതുങ്ങുകയായിരുന്നു. ശരിക്കും എവിടെപോയി ഭീഷ്മരുടെ തിരക്കഥ?

  സിനിമയെന്നത് നന്ദിയുടെയും നന്ദികേടിന്റെയും മേഖലയാണ്. തിരക്കഥയുമായി ഒത്തിരി അലഞ്ഞശേഷമാണ് ലോഹിതദാസ് സിനിമയില്‍ എത്തിയത്. നാടകത്തിന്റെ കരുത്തുമായി എത്തിയ ലോഹി തിരക്കഥ വായിക്കാന്‍ ചെന്നപ്പോള്‍ പലരും ആട്ടിയോടിച്ചിരുന്നു. എന്നാല്‍ സിബി മലയിലിനൊപ്പം ചേര്‍ന്നുള്ള തനിയാവര്‍ത്തനം തിയറ്ററിലെത്തിയതോടെ ഈ ആട്ടിയോടിച്ചവര്‍ തന്നെ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തുടങ്ങി. പിന്നീട് ലോഹിയുടെ നാളുകയായിരുന്നു മലയാളത്തില്‍. സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതുമായി 42 സിനിമകള്‍. അതില്‍ ഭൂരിഭാഗവും ഹിറ്റുകള്‍. എന്നെല്ലാം ലോഹി സിബിയുമായി ചേര്‍ന്നുവോ അപ്പോഴെല്ലാം മലയാളിക്കു ലഭിച്ചത് മികച്ച ചിത്രങ്ങളായിരുന്നു. കിരീടവും ഭരതവും ഹിസ് ഹൈനസ് അബ്ദുല്ലയും കമലദളവുമെല്ലാം അതില്‍ മുന്‍പില്‍ നില്‍ക്കുന്ന ചില ചിത്രങ്ങള്‍ മാത്രം. 12 സിനിമയാണ് ലോഹിയും സിബിയും ചേര്‍ന്നൊരുക്കിയത്. മമ്മൂട്ടി നായകനായ തനിയാവര്‍ത്തനത്തില്‍ തുടങ്ങി സാഗരംസാക്ഷി വരെ ആ കൂട്ടുകെട്ട് തുടര്‍ന്നു. മോഹന്‍ലാല്‍ ആദ്യമായി നിര്‍മാണ കമ്പനി തുടങ്ങിയപ്പോള്‍ തിരക്കഥയും സംവിധാനവും ഏല്‍പ്പിച്ചത് ഈ കൂട്ടുകെട്ടിനെയായിരുന്നു.

  ലാലിനും മമ്മൂട്ടിക്കും ദിലീപിനും മുരളിക്കുമെല്ലാം പലപ്പോഴും ബ്രേക്ക് നല്‍കിയത് ലോഹിതദാസിന്റെ തിരക്കഥയായിരുന്നു. സിനിമയില്‍ കാര്യമായ വിജയമൊന്നുമില്ലാതെ നില്‍ക്കുമ്പോഴാണ് ലോഹിയുടെ തിരക്കഥയില്‍ സുന്ദര്‍ദാസ് സല്ലാപമൊരുക്കുന്നത്. ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച ജൂനിയര്‍ യേശുദാസ് ആ നടന്റെ ജീവിതത്തില്‍ ടേണിങ് പോയന്റായി. പിന്നീടും പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ലോഹിയുടെ തന്നെ ജോക്കര്‍ ആണ് ദിലീപിന് സഹായകമാകുന്നത്. ചില ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ദിലീപിനെതിരെ മോശമായ പ്രചാരണം നടക്കുകയായിരുന്നു. അന്നേരമാണ് ലോഹി സംവിധാനം ചെയ്ത ജോക്കര്‍ റിലീസ് ചെയ്യുന്നത്. അതിലെ സര്‍ക്കസ് കലാകാരനിലൂടെ ദിലീപ് വീണ്ടും തിരിച്ചുകയറി.

  കിരീടവും ഭരതവും ഹിസ്്‌ഹൈനസ് അബ്ദുല്ലയും കമലദളവും തന്നെയല്ലേ മോഹന്‍ലാലിന്റെ കരിയറില്‍ ആദ്യം ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍. കിരീടത്തിലെ സേതുമാധവനെ ഇപ്പോഴും നാം ഇഷ്ടപ്പെടുന്നത് മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായതുകൊണ്ടായിരുന്നില്ല. നമ്മളില്‍ തന്നെ അത്തരമൊരു സേതുമാധവന്‍ ഉണ്ടെന്ന് ലോഹി ഓര്‍മിപ്പച്ചതുകൊണ്ടായിരുന്നു. നിസ്സഹായതയില്‍ ആരും തിരിച്ചടിച്ചുപോകുമെന്ന സന്ദേശമാണ് സേതുമാധവന്‍ നമ്മെ ബോധ്യപ്പെടുത്തിയത്. എന്നാല്‍ കിരീടത്തിന്റെ രണ്ടാംഭാഗമായ ചെങ്കോല്‍ നാം ഇഷ്ടപ്പെടാത്തത് നമ്മളിലെ സേതുമാധവന്‍ കൈവിട്ടുപോകുമെന്ന പേടികൊണ്ടായിരുന്നു. മലയാളി ഇഷ്ടപ്പെടാത്ത രീതിയിലേക്കാണ് ചെങ്കോലിലൂടെ സേതുമാധവനെ ലോഹിതദാസ് നയിച്ചത്. അതുകൊണ്ട് പ്രേക്ഷകര്‍ ആ ചിത്രത്തെ നിരാകരിച്ചു.

  മമ്മൂട്ടിയില്‍ നല്ലൊരു നടനുണ്ടെന്ന് ശരിക്കും തോന്നിപ്പിച്ചത് തനിയാവര്‍ത്തനത്തിലെ മാഷെ കണ്ടപ്പോഴാണ്. ഭൂതക്കണ്ണാടി ലോഹിയുടെ മാത്രം ചിത്രമായിരുന്നില്ല. മമ്മൂട്ടിക്കും എക്കാലത്തും എടുത്തുപറയാന്‍ പറ്റുന്ന ചിത്രം കൂടിയാണത്. തിലകന്‍, മുരളി എന്നീ നടന്‍മാരുടെ കഴിവ് തിരിച്ചറിഞ്ഞ് അവര്‍ക്കുവേണ്ടി കഥാപാത്രത്തെ സൃഷ്ടിച്ച തിരക്കഥാകൃത്ത് വേറെയുണ്ടാകില്ല. നാടകത്തിന്റെ പിന്‍ബലമുണ്ടായിരുന്നു മൂന്നുപേര്‍ക്കും. വളയം, വെങ്കലം, അമരം എന്നീ മൂന്നു ചിത്രങ്ങള്‍ മതി മുരളിയുടെ വേവ് മനസ്സിലാക്കാന്‍. കിരീടത്തിലെ രാഘവന്‍നായര്‍ എന്ന അച്ഛന്റെ സ്ഥാനത്ത് തിലകനെയല്ലാതെ വേറെയാരെയും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ഇതേ തിലകനെയാണ് വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ തമാശക്കാരനായ അച്ഛനാക്കി മാറ്റിയത്.

  ഇപ്പോള്‍ മലയാളത്തില്‍ എല്ലാവരും ന്യൂജനറേഷന്‍ ചിത്രങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണം നടത്തിയത് ലോഹിതദാസ് ആയിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലൂടെ. പലരും പറയാന്‍ മടിച്ചിരുന്നൊരു വിഷയമായിരുന്നു ലോഹിതദാസ് പ്രമേയമാക്കിയത്. ഭയം എന്ന വികാരത്തെ ഇത്ര തീവ്രമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കുമെന്ന് ഭൂതക്കണ്ണാടി കാട്ടിത്തന്നു. എന്നാല്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും ഈ ചിത്രത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ മലയാളി ഭയപ്പെട്ടു. ക്ലൈമാക്‌സ് മാറ്റിയാണ് പിന്നീട് ചിത്രം തിയറ്ററില്‍ എത്തിയത്.

  1987 മുതല്‍ 2007 വരെയാണ് ലോഹിതദാസ് തിരക്കഥാകൃത്തും സംവിധായകനുമായി തെളിഞ്ഞു നിന്നത്. കസ്തൂരിമാന്‍ എന്ന ചിത്രം തമിഴില്‍ നിര്‍മിച്ചതോടെയാണ് ഇദ്ദേഹം സാമ്പത്തികമായി തകര്‍ന്നുപോയത്. അതോടെ മലയാളത്തിലും ലോഹിതദാസിനെ ചിലര്‍ ചേര്‍ന്ന് അകറ്റിനിര്‍ത്തി. ഒരിക്കല്‍ എഴുതിപൂര്‍ത്തിയാക്കിയ തിരക്കഥയുമായി എത്തിയ ലോഹിയെ മലയാളത്തിലെ പ്രമുഖനായ ഒരു സംവിധായകന്‍ തിരക്കഥ വലിച്ചെറിഞ്ഞ് അപമാനിച്ചു. അഭിനയിക്കാന്‍ ഡേറ്റു നല്‍കാമെന്നു പറഞ്ഞ് പലരും പറ്റിച്ചു. അവസാന രണ്ടുവര്‍ഷം സിനിമയൊന്നുമില്ലാതെ വെറുതെയിരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ലോഹിതദാസിന്റെ മരണത്തോടെ അദ്ദേഹത്തെ വാഴ്ത്താന്‍ ഒത്തിരിപേരുണ്ടായി. ഇതില്‍ ചിലര്‍ വിചാരിച്ചിരുന്നവെങ്കില്‍ ഈ പ്രതിഭ ഇന്നും മലയാളത്തിലെ പൂമുഖത്തിരുന്ന് തിരക്കഥയെഴുതുമായിരുന്നു.

  English summary
  Lohithadas's unaccomplished project Bheeshmar still in rack. Lohi's some friends interested in this screen play, but no final decision yet, Lohi completed the screenplay two weeks before his death.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X