»   » നിലവാരത്തകര്‍ച്ച മലയാള സിനിമയെ നശിപ്പിക്കുന്നു

നിലവാരത്തകര്‍ച്ച മലയാള സിനിമയെ നശിപ്പിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഓണംറംസാന്‍ സീസണ്‍ പ്രമാണിച്ച് മലയാളത്തില്‍ റിലീസ് ചെയ്ത പത്തിലേറെ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നു ചിത്രം മാത്രം, ജിത്തു ജോസഫിന്റെ മെമ്മറീസ്, സുനില്‍ ഇബ്രഹാമിന്റെ അരികില്‍ ഒരാള്‍, ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ വരെ നിലംതൊടാതെ പൊട്ടിയപ്പോള്‍ പതിവുപോലെ ഒരു ചോദ്യമുയരുന്നു. മലയാള സിനിമയുടെ നിലവാരം വീണ്ടും താഴ്‌ന്നോ? അതെ എന്നു തന്നെയാണ് ഉത്തരം.

ടെലിവിഷന്‍ ചാനലുകള്‍ നല്‍കുന്ന സാറ്റലൈറ്റ് റൈറ്റ്‌കൊണ്ട് സിനിമ വിജയിപ്പിക്കാമെന്നു വന്നതോടെ നിലവാരമില്ലാത്ത ചിത്രവുമെടുക്കാം എന്ന നിലയിലേക്കെത്തിയിരിക്കുന്ന മലയാളത്തിലെ പ്രമുഖ സംവിധായരും താരങ്ങളും. അഞ്ചുകോടി വരെ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിനു സാറ്റലൈറ്റ് കിട്ടുമ്പോള്‍ പിന്നെ സിനിമയെന്തിനു നന്നാക്കണം എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍ ഇത്തരക്കാര്‍ക്കൊക്കെ വന്‍തിരിച്ചടിയാണു ഇപ്പോള്‍ കിട്ടുന്നത്. പലചിത്രങ്ങളുടെയും സാറ്റലൈറ്റ് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്.

Memories, Arikil Oraal, Pullipulikalum attinkuttiyum

യുവതാരങ്ങള്‍ അഭിനയിച്ച ഇരുപതോളം ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ പോലുമാവാതെ പെട്ടിയില്‍ കിടക്കുകയാണ്. ഇവയൊന്നും സാറ്റലൈറ്റ് അവകാശവും വിറ്റുപോയിട്ടില്ല. പരസ്യ സംപ്രേക്ഷണത്തിന് ട്രായി പുതിയ മാര്‍ഗനിര്‍ദേശം വച്ചതോടെ സാറ്റലൈറ്റ് റൈറ്റുകള്‍ പകുതിയായി കുറയാനും പോകുകയാണ്. ഇപ്പോള്‍ പരസ്യം സംപ്രേക്ഷണം ചെയ്യുന്നതിന്റെ പകുതി സമയമേ ഇനി ചാനലുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ട്രായി നിര്‍ദേശിച്ചത്. അത് ചാനലുകളുടെ പരസ്യവരുമാനത്തെ ഗണ്യമായി കുറയ്ക്കും.

സ്വാഭാവികമായും അവര്‍ ചെലവു ചുരുക്കേണ്ടിയും വരും. അതോടെ ഇപ്പോഴത്തെ സാറ്റലൈറ്റ് കച്ചവടം ഏതാണ്ട് നിലയ്ക്കുന്ന സ്ഥിതിയുമെത്തും. ചാനലുകാരോട് വന്‍തുക ചോദിക്കാന്‍ പറ്റാത്ത സ്ഥിതിയെത്തുമ്പോള്‍ മലയാള സിനിമയുടെ ടേബിള്‍ ടോപ്പ് വില്‍പ്പന നിലയ്ക്കുകയും ചെയ്യും. താരങ്ങളുടെ ഡേറ്റ് കിട്ടിയാല്‍ എങ്ങനെയും ഒരു സിനിമ തട്ടികൂട്ടുക എന്നതായിരുന്നു മലയാളത്തിലെ അവസ്ഥ. സൂപ്പര്‍സ്റ്റാറുകളുടെതാകുമ്പോള്‍ മൂന്നുകോടി മുതല്‍ അഞ്ചുകോടി വരെ കിട്ടും. യുവതാരങ്ങളുടെതിന് രണ്ടു കോടിയില്‍ താഴെയും. അപ്പോള്‍ തന്നെ സിനിമ ലാഭത്തിലാകും.

ഇനി തിയറ്ററിലെത്തിയില്ലെങ്കിലും കാര്യമില്ല എന്ന അവസ്ഥയിലേക്ക് നിര്‍മാതാക്കളെത്തും. അതോടെ പല ചിത്രങ്ങളും തിയറ്ററില്‍ വന്നു പോയി എന്ന സ്ഥിതിയിലാകും. തിയറ്ററില്‍ ഓടിയില്ലെങ്കിലും സാരമില്ല, പണം തിരിച്ചുകിട്ടിയല്ലോ എന്നു ചിന്തിക്കുന്ന നിര്‍മാതാവ് പരസ്യമൊന്നും കൊടുക്കാനും തയ്യാറാകില്ല. അതോടെ തിയറ്ററിലെത്താതെ ചിത്രം പെട്ടിയില്‍ കിടക്കും.

എന്നാല്‍ സാറ്റലൈറ്റ് വില്‍ക്കാനാവാതെ പെട്ടിയില്‍ നിറഞ്ഞിരിക്കുകയാണ് മലയാള സിനിമകള്‍. തിയറ്ററിലെത്തിയ പല ചിത്രങ്ങളുടെയും സാറ്റലൈറ്റ് അവകാശവും വിറ്റിട്ടില്ല. വാങ്ങിയ പല ചിത്രങ്ങളും ചാനലുകളുടെ കൈപ്പൊള്ളിക്കുകയും ചെയ്തു. എന്തായാലും ഇനി നിലവാരമില്ലാത്ത ചിത്രങ്ങള്‍ ഇറക്കി ആളെ പറ്റിക്കാമെന്ന് മലയാളത്തിലെ സംവിധായകരും നിര്‍മാതാക്കളും കരുതേണ്ട എന്നുസാരം.

English summary
Low standard is ruining Malayalam films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam