»   » മമ്മൂട്ടി തിരക്കിലാണ്... ആരാധകരെ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ എട്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍!!!

മമ്മൂട്ടി തിരക്കിലാണ്... ആരാധകരെ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ എട്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

നവാഗതനായ ദ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റായി മാറിയതോടെ ഒരുപിടി മികച്ച ചിത്രങ്ങളുമായി തിരക്കിലായിരിക്കുകയാണ് മമ്മൂട്ടി. കൂടുതലും നവാഗതരുടെ ചിത്രങ്ങാളാണ്. എല്ലാ ചിത്രങ്ങളിലും വ്യത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങളാണ് മമ്മൂട്ടി ചിത്രത്തിലൂടെ ആരാധകരെ കാത്തിരിക്കുന്നത്. 

മലയാളം മാത്രമല്ല തമിഴ് ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ബിഗ് ബജറ്റ് ചിത്രം മുതല്‍ ചെറിയ മുതല്‍ മുടക്കിലുള്ള ചിത്രം വരെ ഇതിലുണ്ട്. ഈ എട്ട് ചിത്രങ്ങളെ കൂടാതെ പഴയതും പുതിയതുമായ ഒരുപിടി സംവിധായകര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. ലാല്‍ ജോസ് ചിത്രം വരെ ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അധ്യാപകരുടെ അധ്യാപകന്‍

സെവന്‍ത് ഡേ സംവിധായകന്‍ ശ്യാംധര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അധ്യപക ട്രെയിനറായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നു. ഇടുക്കി രാജകുമാരി സ്വദേശിയായ രാജകുമാരന്‍ കൊച്ചിയിലെത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ രതീഷ് രവി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ദീപ്തി സതി, ആശ ശരത് എന്നിവരാണ് നായികമാര്‍. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.

മാസ്റ്റര്‍ പീസ്

രാജാധിരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി കോളേജ് പ്രഫസറായിട്ടാണ് എത്തുന്നത്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ പഠിപ്പിക്കാനെത്തുന്ന അതിലും കുഴപ്പക്കാരനായ ഇംഗ്ലീഷ് പ്രഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന എഡ്ഡിയെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മുകേഷ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ വമ്പന്‍ താരനിരയ്‌ക്കൊപ്പം ഒരുപിടി യുവതാരങ്ങളും അണിനിരക്കുന്നു. പൂനം ബജുവ നായികയാകുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സ്ട്രീറ്റ് ലൈറ്റ്

ക്യാമറാമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പുതുമുഖം ഫവാസ് മുഹമ്മദാണ്. ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസ് നിര്‍മിക്കുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്.

ശരത് സന്ദിത്തിന്റെ പരോള്‍

നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോള്‍. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി നായകനാകുന്ന ഫാമിലി ത്രില്ലറാണ് പരോള്‍. മിയ നായികയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്. ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജയില്‍ വാര്‍ഡന്റെ വേത്തില്‍ ശക്തമായ കഥപാത്രവുമായി ജൂബി നൈനാനും എത്തുന്നു. അജിത് പൂജപ്പുര തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റേയും ജെജെ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ ജൂഡ് സുധീറും ജൂബി നൈനാനും ചേര്‍ന്നാണ്.

തമിഴ് ചിത്രം പേരന്‍പന്‍

തങ്കമീങ്കള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധയന്‍ റാം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം പേരന്‍പന്‍ എന്ന ചിത്രത്തിലും നായകനാകുന്നത് മമ്മൂട്ടിയാണ്. അഞ്ജലിയും ബേബി സാധനയുമാണ് ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കിയിരിക്കുന്നത് നാ മുത്തുകുമാറാണ്. തേനപ്പന്‍ പിഎല്‍ നിര്‍മിക്കുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളിലെത്തും.

കോഴിത്തങ്കച്ചന്‍

തിരക്കഥാകൃത്ത് സേതും ആദ്യമായി സംവിധായകനാകുന്ന ചിത്രം കോഴിത്തങ്കച്ചനിലും മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കോഴിത്തങ്കച്ചന്‍. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരനായ പച്ച മനുഷ്യനായി മമ്മൂട്ടി ചിത്രത്തിലെത്തും. ഉണ്ണി മുകുന്ദന്‍ ഈ സിനിമയിലൂടെ സംവിധാന സഹായിയാകുമെന്ന പ്രത്യേകതയുമുണ്ട്. നൈല ഉഷയും വേദികയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ജോയ് മാത്യു, ഒമര്‍ ലുലു ചിത്രങ്ങള്‍

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം ജോയ് കഥയും തിരക്കഥയും ഒരുക്കുന്ന അങ്കിള്‍ എന്ന ചിത്രത്തിലും നായകനായി എത്തുന്നതും മമ്മൂട്ടി തന്നെ. നവാഗതനായ ഗിരീഷ് ദാമോധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 17 വയസുള്ള ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛന്റെ സുഹൃത്തുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അവള്‍ അയാളെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകും. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Mammootty's eight new movies are getting ready to hit the theaters. Among these five are new comers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam