»   » ഇമ്മാനുവലിന്റെ ജീവിതവുമായി ലാല്‍ജോസ്

ഇമ്മാനുവലിന്റെ ജീവിതവുമായി ലാല്‍ജോസ്

Posted By:
Subscribe to Filmibeat Malayalam
Mammootty
ജീവിതത്തിന്റെ നേരായ കാഴ്ചകളാണ് ലാല്‍ജോസ് ചിത്രങ്ങള്‍ കാട്ടിത്തരുന്നത്. അത്തരമൊരു യാഥാര്‍ഥ്യത്തിലേക്കാണ് വീണ്ടും ഈ സംവിധായകന്‍ കാമറ തിരിക്കുന്നത്. 2012ലെ ഹാട്രിക് വിജയത്തിനു ശേഷം ലാല്‍ജോസ് മമ്മൂട്ടിയുമായി ചേരുന്ന ഇമ്മാനുവല്‍ കെട്ടുക്കാഴ്ചകളില്ലാത്ത സിനിമയാണ് മലയാളിക്കു സമ്മാനിക്കാന്‍ പോകുന്നത്. ജോലി നഷ്ടപ്പെട്ട ഒരു മധ്യവയസ്‌കന്‍ പുതുതലമുറയ്‌ക്കൊപ്പം ജോലി തേടാനിറങ്ങുമ്പോള്‍ മനസ്സിലാകുന്ന കുറേ യാഥാര്‍ഥ്യങ്ങളാണ് ലാല്‍ജോസ് ഇമ്മാനുവലിലൂടെ പറയുന്നത്. മമ്മൂട്ടിയാണ് ഇമ്മാനുവല്‍ ആയി അഭിനയിക്കുന്നത്. നവാഗതനായ വിജീഷിന്റെ തിരക്കഥയ്ക്കാണ് ലാല്‍ജോസ് ചലച്ചിത്രകാവ്യമൊരുക്കുന്നത്.

ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയെ നായകനാക്കിയായിരുന്നു ലാല്‍ജോസ് തുടങ്ങിയത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പിറന്ന ചിത്രം അന്ന് ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി മമ്മൂട്ടിയുമായി ചേര്‍ന്നപ്പോള്‍ മലയാളം കണ്ട വന്‍ ഫ്‌ളോപ്പും പിറന്നു. പട്ടാളം എന്ന ബിഗ് ബജറ്റ് ചിത്രം കഥയുടെ പാളിച്ചയില്‍ തകര്‍ന്നുപോയ ചിത്രമായിരുന്നു. റജി നായരായിരുന്നു കഥയെഴുതിയത്.

എന്നാല്‍ ഇതിന്റെ ക്ഷീണം തീര്‍ത്തത് രഞ്ജിത് നിര്‍മിച്ച കേരള കഫേ എന്ന ചിത്രത്തിലെ അവസാന ചിത്രത്തിലൂടെയായിരുന്നു. വി.കെ. ശ്രീരാമന്റെ പുറംകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ കേരള കഫേയിലെ മികച്ച രണ്ടാമത്തെ ചിത്രമായി പുറംകാഴ്ചകള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ദ് ബ്രിഡ്ജ് ആയിരുന്നു അതില്‍ ഏറ്റവും കയ്യടി നേടിയ ചിത്രം. വേണ്ടപ്പെട്ട ആരോ മരിച്ച സ്വന്തം വീട്ടിലേക്ക് വേവലാതിയോടെയെത്തുന്ന കുടുംബനാഥനായിട്ടായിരുന്നു മമ്മൂട്ടി അതില്‍ ഭാവപ്രകടനം കൊണ്ട് ശ്രദ്ധേയമാക്കിയത്. സംഭാഷണങ്ങള്‍ തീരെ കുറവായിരുന്നു പുറം കാഴ്ചയില്‍.

സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ എന്നീ മൂന്നു ഹിറ്റു ചിത്രങ്ങളാണ് 2012ല്‍ ലാല്‍ജോസ് മലയാളിക്കു സമ്മാനിച്ചത്. ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും കരിയര്‍ ഗ്രാഫ് ഉയരുന്ന അപൂര്‍വം സംവിധായകരില്‍ ഒരാളായി മാറിയിരിക്കുകയാണ് ലാല്‍ജോസ്. 2012ല്‍ പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ച ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. അതിനു ശേഷം വരുന്ന ചിത്രമെന്ന നിലയില്‍ ഇമ്മാനുവല്‍ വന്‍ പ്രതീക്ഷയാണുയര്‍ത്തുന്നത്.

രഞ്ജിത്തിന്റെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ നഷ്ടപ്രതാപം വീണ്ടെടുത്ത മമ്മൂട്ടിയുടെ പുതുകാലത്തെ ജൈത്രയാത്രയുടെ തുടക്കം കൂടിയായിരിക്കും ഇമ്മാനുവല്‍.

English summary
Mammootty with Lal Jose for "Emmanuel"

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam