»   » ഇമ്മാനുവലിനായി മമ്മൂട്ടിയും ലാലുവും

ഇമ്മാനുവലിനായി മമ്മൂട്ടിയും ലാലുവും

Posted By:
Subscribe to Filmibeat Malayalam

സിനിമാക്കാരും സുഹൃത്തുക്കളും ലാലുവെന്ന് വിളിയ്ക്കുന്ന ലാല്‍ജോസിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മമ്മൂട്ടിയാണ്. കമലിന്റെ സഹസംവിധായകനായിരുന്ന ലാലുവിന്റെ കഴിവുതിരിച്ചറിഞ്ഞ മമ്മൂട്ടി ഒട്ടും വിമുഖത പ്രകടിപ്പിയ്ക്കാതെ തന്റെ ഡേറ്റ് നല്‍കി. മറവത്തൂര്‍ കനവ് എന്ന മെഗാഹിറ്റും ലാല്‍ജോസെന്ന സംവിധായകനും പിറന്നത് അങ്ങനെ..

പിന്നീട് മമ്മൂട്ടിയെ നായകനാക്കി 'പട്ടാളം' എന്ന ചിത്രമൊരുക്കിയെങ്കിലും പരാജയമായിരുന്നു ഫലം. കാമ്പില്ലാത്ത കഥയായിരുന്നു പട്ടാളത്തിന് തിരിച്ചടിയായത്. പിന്നീട് കേരളാ കഫെയിലെ പുറംകാഴ്ചകള്‍' എന്ന ലഘുചിത്രത്തിന് വേണ്ടിയാണ് ഇവരൊന്നിച്ചത്. ലഘുചിത്രമാണെങ്കിലും പ്രേക്ഷകന്റെ അകംമനസ്സുകളിലേക്ക് തുളച്ചുകയറാന്‍ പുറംകാഴ്ചകള്‍ക്ക് കഴിഞ്ഞു. അന്നുമുതല്‍ ഒരു മമ്മൂട്ടി-ലാല്‍ജോസ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.

ആ കാത്തിരിപ്പിന് അന്ത്യമാകുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ മൂലം ക്ഷീണിതനായി നില്‍ക്കുന്ന മമ്മൂട്ടി മലയാളത്തിലെ ഹിറ്റ്‌മേക്കര്‍മാരൊപ്പം നീങ്ങുന്നതിന്റെ ഭാഗമായി ലാല്‍ജോസ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു.

ഇമ്മാനുവല്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രമാണ് ഇവരൊന്നിയ്ക്കുന്നതെന്നറിയുന്നു. സംവിധായകനായി അരങ്ങേറ്റം കുറിച്ച് പതിനഞ്ച് വര്‍ഷം തികയുമ്പോഴാണ് ലാലു തന്റെ ആദ്യസിനിമയിലെ നായകനാക്കി വീണ്ടും സിനിമയൊരുക്കുന്നത്. മറവത്തൂര്‍ കനവിലെ ചാണ്ടിച്ചായന്‍ പോലെ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞൊരു അച്ചായന്‍ കഥാപാത്രം തന്നെയാവും ഇമ്മാനുവലിലേതെന്ന് സൂചനയുണ്ട്. മമ്മൂട്ടിയുടെ പ്ലേഹൗസ് തന്നെയാണ് സിനിമ നിര്‍മിയ്ക്കുന്നത്.

പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നായകനാക്കിയൊരുക്കുന്ന സിനിമയ്ക്ക് ശേഷം ഈ വര്‍ഷം തന്നെ മമ്മൂട്ടി ചിത്രം ചെയ്യാനാണ് ലാല്‍ജോസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Lal Jose, the hit maker who debut as director through a Mammootty film, "Oru Maravathoor Kanavu" is again back with Megastar movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam