»   » മമ്മുട്ടിയ്ക്കുംലാലിനും ഇപ്പോഴും ഡേറ്റില്ല

മമ്മുട്ടിയ്ക്കുംലാലിനും ഇപ്പോഴും ഡേറ്റില്ല

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Mammootty-Mohanlal
മലയാളത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നത് ചെറിയ ചെറിയ ചിത്രങ്ങളാണെങ്കിലും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും തിരക്കോടു തിരക്കു തന്നെ. ഏകദേശം പത്ത് പ്രൊജക്ട് രണ്ടുപേരും ഇതിനകം ഒപ്പിട്ടു കഴിഞ്ഞു. അതായത് രണ്ടു വര്‍ഷത്തേക്കുള്ള ഇവരുടെ ഡേറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു എന്നര്‍ഥം. കോടികള്‍ മുടക്കുന്ന ഇവരുടെ പ്രൊജക്ടുകള്‍ക്ക് പണം മുടക്കാന്‍ തന്നെയാണ് ഇപ്പോഴും നിര്‍മാതാക്കള്‍ക്കു താല്‍പര്യം. ജവാന്‍ ഓഫ് വെള്ളിമല തിയറ്ററിലെത്തി ഒരു മാസത്തിനകം മമ്മൂട്ടിയുടെ അടുത്ത ചിത്രം എത്തും. റണ്‍ ബേബി റണ്‍ തിയറ്റര്‍ വിടുമ്പോഴേക്കും ലാലിന്റെ അടുത്ത ചി്ത്രം എത്തില്ലെങ്കിലും ക്രിസ്മസിന് ബാവുട്ടിയുടെ നാമത്തില്‍ എന്ന മമ്മൂട്ടിയുടെ ചിത്രത്തോടു പോരാടാന്‍ കര്‍മയോദ്ധയുമായാണ് ലാല്‍ എത്തുന്നത്.

വി.എം. വിനു സംവിധാനം ചെയ്യുന്ന ഫേസ് ടു ഫേസ് ആണ് ജവാനു ശേഷം മമ്മൂട്ടിയുടെതായി തിയറ്ററില്‍ എത്തുന്ന ചിത്രം. ബസ് കണ്ടക്ടറിനു ശേഷം മമ്മൂട്ടിയും വിനുവും ഒന്നിക്കുന്ന ചിത്രതില്‍ കൊലപാതകം അന്വേഷിക്കുന്ന പ്രമേയമാണ്. നവംബര്‍ അവസാനം ചിത്രം തിയറ്ററില്‍ എത്തും. സിദ്ധീഖ് ആണ് ചിത്രത്തിലെ മറ്റൊരു താരം.

ജി.എസ്. വിജയന്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രമായ ബാവൂട്ടിയുടെ നാമത്തില്‍ ക്രിസ്മസിനു തിയറ്ററില്‍ എത്തും. ശങ്കര്‍ രാമകൃഷ്ണന്‍, കാവ്യ മാധവന്‍, കനിഹ, വിനീത്, റിമ കല്ലിങ്കല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ശങ്കര്‍ രാമകൃഷ്ണന്റെ ഡ്രൈവറുടെ റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഈ വര്‍ഷം മമ്മൂട്ടിയുടെതായി തിയറ്ററില്‍ എത്തുന്ന ശക്തമായ കഥാപാത്രമായിരിക്കും ഡ്രൈവര്‍ ബാവൂട്ടി. പണം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നവനാണ് ബാവൂട്ടി.

കാര്യസ്ഥന്‍ സംവിധാനം ചെയ്ത തോംസണ്‍ സംവിധാനം കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ജയറാം മമ്മൂട്ടിയുടെ കൂടെ അഭിനയിക്കും. ദിലീപിനെയായിരുന്നു ആദ്യം ഈ റോളിലേക്കു കണ്ടിരുന്നത്. എന്നാല്‍ ഡേറ്റില്ലാത്തത്തിനാല്‍ ദിലീപ് പിന്‍മാറുകയായിരുന്നു. ഉദയ്കൃഷ്ണ- സിബി കെ. തോമസ് ആണ് കഥയും തിരക്കഥയും. ബാബുരാജ്, നെടുമുടി, റിസബാവ എന്നിവരാണ് മറ്റു താരങ്ങള്‍. ഹോട്ടല്‍ വ്യവസായിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷം ലാല്‍ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന ഇമാനുവല്‍ ആയിരിക്കും തുടര്‍ന്നു വരുന്ന ചിത്രം. മമ്മൂട്ടിയുടെ സഹായി ജോര്‍ജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. പുതുമുഖം എ.സി. വിജീഷാണ് തിരക്കഥയൊരുക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കടയാണ് തുടര്‍ന്നൊരുങ്ങുന്ന ചിത്രം. ഡിസംബറില്‍ പാലക്കാട് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ സലിംകുമാറും കുറേ നാടകനടന്‍മാരും അഭിനയിക്കും. മട്ടന്നൂര്‍ സ്വദേശിയായ കച്ചവടക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഇതില്‍ എത്തുന്നത്.

മാര്‍ത്താണ്ഡന്‍ എന്ന നവാഗതനു വേണ്ടി ബെന്നി പി.നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രതിലും മമ്മൂട്ടി അഭിനയിക്കും. സിബിയും ഉദയ് കൃഷ്ണയും അജയ് വാസുദേവ് എന്ന പുതുമുഖത്തിനു വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി, അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം, ഷിബുഗംഗാധരന്റെ പ്രെയ്‌സ് ദ് ലോഡ് എന്ന ചിത്രത്തിലും മമ്മൂട്ടി നായകനായും.

മേജര്‍ രവിയുടെ കര്‍മയോദ്ധയാണ് ഇനി ലാലിന്റെതായി തിയറ്ററില്‍ എത്തുന്ന ചിത്രം. കാണ്ഡഹാര്‍ എന്ന ചിത്രത്തിനു ശേഷം ലാലും മേജറും ഒന്നിക്കുന്ന ചിത്രം ആക്ഷന്‍ പാക്ഡ് തന്നെയാണ്. മാഡ് ഡാഡി എന്ന് എല്ലാവരും വിളിക്കുന്ന മാധവ മേനോനെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. രാജീവ് രവി, ആശാ ശരത്, ഐശ്വര്യ ദേവന്‍, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റു താരങ്ങള്‍. റണ്‍ ബേബി റണ്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇറങ്ങുന്ന ചിത്രമായതിനാല്‍ കര്‍മയോദ്ധയ്ക്ക് ആദ്യ നാളുകളില്‍ തിയറ്ററില്‍ ആളുകളുണ്ടാകുമെന്നതില്‍ സംശയമില്ല. ക്രിസ്മസ് റിലീസ് ആയാണ് ചിത്രം ഒരുങ്ങുന്നത്.

റണ്‍ ബേബി റണ്ണിനു ശേഷം ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായ ലോക്പാല്‍ ആയിരിക്കും തുടര്‍ന്ന് തിയറ്ററുകളില്‍ എത്തുന്നത്. കാവ്യാ മാധവന്‍ ആണ് ഇതില്‍ ലാലിന്റെ നായിക. എസ്.എന്‍. സ്വാമിയാണ് തിരക്കഥ. നാടുവാഴികള്‍ക്കു ശേഷം ലാലും ജോഷിയും സ്വാമിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. അഴിമതിക്കെതിരെയുള്ള നായകന്റെ പ്രതികരണമാണ് പ്രമേയം. നന്ദഗോപാല്‍ എന്ന ഹോട്ടല്‍ ഉടമയായാണ് ലാല്‍ വേഷമിടുന്നത്. നന്ദഗോപാല്‍ കഫേ എന്നാണ് സ്ഥാപനത്തിന്റെ പേര്. നന്ദഗോപാലിന്റെ യഥാര്‍ഥ മുഖമല്ല കഫേ ഉടമയുടേത്. അഴിമതിക്കെതിരെ പ്രതികരിക്കുമ്പോള്‍ അഴിക്കാനുള്ള മുഖംമൂടിയാണ്. ടി.ജി. രവി, സായ്കുമാര്‍, മനോജ്. കെ.ജയന്‍, മീരാ നന്ദന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ബി. ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡിലാണ് ഇനി ലാല്‍ അഭിനയിക്കുക. ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ ചെയ്യുന്ന ഐ ലൗവ് മി എന്ന ചിത്രത്തിനു ശേഷമായിരിക്കും ഇതു തുടങ്ങുക. മാടമ്പിക്കു ശേഷം ഉണ്ണികൃഷ്ണന്‍ ലാലിനെ നായകനാക്കുന്ന ചിത്രംകൂടിയാണിത്.
ജോണി ആന്റണിയുടെ ആറു മുതല്‍ 60 വരെ ആയിരിക്കും അടുത്ത ചിത്രം. ഉദയ്കൃഷ്ണയും സിബി കെ. തോമസും ലാലിനു വേണ്ടി തൂലിക ചലിപ്പിക്കുന്ന ചിത്രമാണിത്. സിദ്ധീഖിന്റെ ലേഡീസ് ആന്റ് ജന്റില്‍ മേന്‍ ആണ് അടുത്ത ചിത്രം. വിയറ്റ്‌നാം കോളനിക്കു ശേഷം സിദ്ദീഖിനൊപ്പം ലാല്‍ ചേരുന്ന ചിത്രം കോമഡി ട്രാക്കില്‍ തന്നെയാണ് ഒരുക്കുന്നത്. ദിലീപിന്റെ ബോഡി ഗാര്‍ഡ് ആയിരുന്നു സിദ്ദീഖിന്റെ അവസാനമായി റിലീസ് ചെയ്ത മലയാള ചിത്രം. ഹലോയ്ക്കു ശേഷം ലാല്‍ മുഴുനീള കോമഡി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

ലാല്‍ജോസിന്റെ ശിഷ്യന്‍ സലാം സംവിധാനംചെയ്യുന്ന റെഡ് വൈനാണ് ലാലിന്റെതായി അവസാനമായി അനൗണ്‍സ് ചെയ്ത ചിത്രം. ഫഹദ് ഫാസിലും ആസിഫ് അലിയും ലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇതിനെല്ലാം പുറമേ ലാലിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവും ഹോളിവുഡ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കേരളത്തിലെ ചാരക്കേസിനെ ആസ്പദമാക്കിയായിരിക്കും ബോളിവുഡ് ചിത്രമൊരുങ്ങുന്നത്. ബില്യന്‍ ഡോളര്‍ രാജയെന്നാണ് ലാലിന്റെ ഹോളിവുഡ് ചിത്രത്തിനിട്ട പേര്.

English summary
Busy days ahead for malayalam superstars Mammootty and Mohanlal. Next two years their dates booked

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam