»   »  കണ്ണന് മുന്നില്‍ മഞ്ജുനൃത്തം

കണ്ണന് മുന്നില്‍ മഞ്ജുനൃത്തം

Posted By:
Subscribe to Filmibeat Malayalam
Manju Warrier
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി മഞ്ജു വാര്യര്‍ ബുധനാഴ്ച നൃത്തവേദിയിലെത്തുന്നു. വിജയദശമി ദിനത്തില്‍ വൈകിട്ട് ഏഴിന് ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് മഞ്ജുവിന്റെ കുച്ചിപ്പുഡിയിലെ അരങ്ങേറ്റം. പതിനാല് വര്‍ഷത്തിനുശേഷം നൃത്തവേദിയിലേക്കുള്ള മഞ്ജുവിന്റെ മടങ്ങിവരവിനെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നാലാം ക്ലാസില്‍ ചിലങ്കയണിഞ്ഞ മഞ്ജു നടിയായതിന് ശേഷവും നൃത്തത്തോട് മമത പുലര്‍ത്തിയിരുന്നു. ഒടുവില്‍ വിവാഹശേഷം എല്ലാത്തിനോടും വിടപറഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മഞ്ജു ഏഴാംക്ലാസിലെത്തിയ മകളുടെ നൃത്തപഠനം കണ്ടാണ് വീണ്ടും ചിലങ്കയണിഞ്ഞത്. തിരിച്ചുവരവില്‍ കുച്ചിപ്പുഡിയാണ് മഞ്ജു പഠിച്ചത്. ഭരതനാട്യം പഠിച്ച മഞ്ജു കുച്ചിപ്പുഡി പ്രാഥമിക പാഠം മുതല്‍ തുടങ്ങി ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.

കലാലയ കലാജീവിതത്തില്‍ മിന്നിത്തെളിഞ്ഞാണ് മഞ്ജു വെള്ളിത്തിരയിലേക്കും ചുവടുവച്ചത്. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു 1995ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ആദ്യ ചിത്രത്തില്‍ തന്നെ കയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ ഭംഗിയാക്കി അഭിനയലോകത്ത് ഉറച്ച ചുവടുകള്‍ വച്ച മഞ്ജു 1996ല്‍ സല്ലാപം എന്ന ചിത്രത്തിലൂടെ സൂപ്പര്‍നായികയായി.

നൃത്തവേദിയില്‍ നിന്നു ഒട്ടേറെ സമ്മാനങ്ങള്‍ കൊയ്ത മഞ്ജുവിന് നൃത്തം അറിയുന്നവര്‍ ഇത്തവണ കളി മോശമായി എന്നു പറയരുതെന്നു മാത്രമാണ് പ്രാര്‍ഥന. വര്‍ഷങ്ങളോളം നൃത്തവേദികളില്‍ മഞ്ജുവിനൊപ്പം പോയിരുന്ന അച്ഛനും അമ്മയും മകളുടെ നൃത്തം കാണാന്‍ ഗുരുവായൂരിലെത്തും. ഒപ്പം പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ചിരുന്ന സിനിമാപ്രേമികളും അവിടെയുണ്ടാവും.

English summary
The diva of late 1990s Malayalam silver screen Manju Warrier is all set to be in the limelight after a long break

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam