»   » ഷെഫീഖിനും അദിതിയ്ക്കും വേണ്ടി മോഹന്‍ലാല്‍

ഷെഫീഖിനും അദിതിയ്ക്കും വേണ്ടി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

അച്ഛന്റെയും അമ്മയുടെയും ക്രൂരതയ്ക്ക് ഇരയായി ആശുപത്രിയില്‍ കഴിയുന്ന ഷെഫീഖ് എന്ന അഞ്ചു വയസുകാരന്‍ കേരളത്തിന്റെയാകെ ദുഖമാണ്. കണ്ണുകള്‍ ഈറനണിയാതെ ആര്‍ക്കും ഷെഫീഖിനെക്കുറിച്ച് ഓര്‍ക്കാനോ പറയാനോ കഴിയില്ല. കുഞ്ഞ് വേഗം സുഖംപ്രാപിയ്ക്കാനായി കേരളമാകെ പ്രാര്‍ത്ഥനയിലാണ്. ഇതാ ഈ വേദനയില്‍ പങ്കുചേര്‍ന്ന് സൂപ്പര്‍താരവും ഷെഫീഖിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു. അച്ഛന്റെ ചുടുകണ്ണീര്‍ എന്ന ബ്ലോഗ് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ ഇത്തരം സംഭവങ്ങളിലുള്ള വേദനയും ആശങ്കയും പങ്കുവെയ്ക്കുന്നത്.

അംഗവൈകല്യങ്ങളില്ലാതെ, ബുദ്ധിവൈകല്യങ്ങളേശാതെ ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുക എന്നതാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വിസ്മയകരമായ സംഭവം. അമ്മയ്ക്കും അച്ഛനുമൊപ്പം സമസ്ത പ്രപഞ്ചവും അവന് അല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചിരിക്കാം- എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.

Mohanlal wrote his latest blog post against the recent incidents of child harassments in Kerala

കോഴിക്കോട്ട് അച്ഛന്റെയും അമ്മയുടെയും പീഡനത്താല്‍ കൊല്ലപ്പെട്ട ആറ് വയസ്സുകാരി അദിതിയുടെയും അച്ഛന്റെയും അമ്മയുടെയും കൊടുംക്രൂരതയേറ്റ് കുമളിയിലെ ആശുപത്രിയില്‍ മരണത്തില്‍ നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഷെഫീഖിന്റെയും പേരുകള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് താന്‍ ഇത്രയും കുറിച്ചത്. രണ്ടു പേരും ഭൂമിയില്‍ പിച്ചവച്ചു തുടങ്ങിയിട്ടേയുളളൂ. മനുഷ്യരുടെ വിചിത്രമായ പെരുമാറ്റങ്ങളും നിയമക്രമങ്ങളും കുടിലതകളുമൊന്നും ഇരുവര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ ഇതെല്ലാമറിയാവുന്നവരായിരുന്നു ഇവരുടെ മാതാപിതാക്കള്‍ എന്നും മോഹന്‍ലാല്‍ പോസ്റ്റില്‍ പറയുന്നു.

അദിതിയുടെ മരണത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത വായിച്ച് തലകറങ്ങി പോയി എന്നും കുട്ടികള്‍ക്കെതിരെ നടത്തിയ ക്രൂരതകള്‍ എടുത്തെഴുതാനുളള ശക്തി തനിക്കില്ല എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. കുട്ടികള്‍ക്ക് മേല്‍ ഇത്രയും ക്രൂരത കാട്ടാന്‍ എങ്ങനെ കഴിയുന്നുവെന്ന് അച്ഛനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല എന്നും ലാല്‍ പറയുന്നു.

മൃഗങ്ങള്‍ പോലും ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കില്ല എന്ന് പറയുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത് കംസന്റെ കാര്യം പറഞ്ഞാണ്. കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്‍മാരുടെ നാടാവുകയാണോ കേരളം എന്ന ചോദ്യം ഉന്നയിക്കുന്ന താരം കംസന്‍മാരുടെ അന്ത്യത്തിന് ഓരോരുത്തരും കൃഷ്ണന്‍മാരാവുകയേ വഴിയുളളൂ എന്നും പറയുന്നു.

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍ ദൈവജ്ഞരാണ് എന്ന് കവി എഴുതിയ ഭാഷയാണ് നമ്മുടേതെന്നും ഇവിടെത്തന്നെയാണ് അദിതി മര്‍ദ്ദനമേറ്റ് മരിച്ചതും ഷെഫീഖ് ആശുപത്രിയില്‍ക്കഴിയുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. കേഴുക മമനാടേ എന്ന് പറഞ്ഞ് അവസാനിയ്ക്കുന്ന പോസ്റ്റില്‍ ഒടുക്കം ഇത്രയുമെഴുതിയത് മോഹന്‍ലാല്‍ എന്ന നടനല്ല അച്ഛനാണ് എന്നും ലാല്‍ എഴുതിയിരിക്കുന്നു. ജൂലൈ 21നാണ് ഏറ്റവും പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English summary
Superstar Mohanlal wrot his latest blog post against the recent incidents of child harassments in Kerala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam