»   » മാധ്യമങ്ങള്‍ കണ്ണുനീര്‍ വില്‍ക്കുന്നു: മോഹന്‍ലാല്‍

മാധ്യമങ്ങള്‍ കണ്ണുനീര്‍ വില്‍ക്കുന്നു: മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മാധ്യമങ്ങള്‍ കണ്ണുനീര്‍ വില്‍പ്പനയ്ക്കുവയ്ക്കുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. ടിപി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് കഴിഞ്ഞദിവസം തന്റെ ബ്ലോഗില്‍ എഴുതിയ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിനുപയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് നടന്‍ ഇക്കാര്യം പറഞ്ഞിരിയ്ക്കുന്നത്.

കണ്ണുനീരിനെ വില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത എല്ലാവരും ഉപേക്ഷിയ്ക്കണം. 'ഇത് ഒരു മനുഷ്യസ്‌നേഹിയുടെ അപേക്ഷയാണ്. സ്‌നേഹവും നന്മയും പുഞ്ചിരിയും കിനാവുകളുമൊക്കെ നമ്മുടെ നാട്ടില്‍ തിരിച്ച് വരട്ടെ. ആക്രോശങ്ങള്‍ ഇനി നിര്‍ത്താം. അതല്ലേ എല്ലാവര്‍ക്കും നല്ലത്'. തന്റെ ബ്ലോഗിലെ പരാമര്‍ശം വഴിവിട്ട് ചര്‍ച്ചയ്ക്കുപയോഗപ്പെടുത്തിയവരെ ഓണ്‍ലൈന്‍ മാസികയായ നെല്ലിലെ ജീവിതനൗക എന്ന സ്വന്തം കോളത്തില്‍ മോഹന്‍ലാല്‍ ഓര്‍മിപ്പിച്ചു.

താന്‍ വിവാദവ്യവസായികളെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നതായും അവരുടെ ആഘോഷത്തെ പറ്റി വേവലാതി പൂണ്ടിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു. 'ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഇരയായി മാറുന്നു. എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്.

എന്നെ ചില പക്ഷങ്ങളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു. ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസുകളായി എന്റെ ബ്ലോഗിലെ ചില വാചകങ്ങള്‍ മാത്രം എഴുതി കാണിക്കുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. വേണ്ടായിരുന്നു, ഇതിനായി നിങ്ങള്‍ വിനിയോഗിച്ച ഊര്‍ജം കണ്ണീര്‍ തോരാത്ത അമ്മമാരെയും ഭാര്യമാരെയും മക്കളെയും സൃഷ്ടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ച് പറയാന്‍ ഉപയോഗിക്കാമായിരുന്നു.

ഞാന്‍ ആ ബ്‌ളോഗില്‍ കൊലപാതകരാഷ്ട്രീയത്തെയാണ് വിമര്‍ശിച്ചത്. കൊലപാതകം ആര്, എപ്പോള്‍ നടത്തിയതായാലും അത് പാതകമാണ്. തെറ്റാണ്. ഏത് കൊടിമരത്തിന്റെ ചുവട്ടില്‍ നിന്ന് ചെയ്താലും അത് നീതീകരണമില്ലാത്തതാണ്. അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു. ഏത് രാഷ്ട്രയപാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ രക്തസാക്ഷിയായാലും അവരുടെ അമ്മമാരുടെ കണ്ണുനീരിന് ഒരേ സങ്കടമാണ്. ആ കണ്ണുനീര് വീണാല്‍ ഏത് കൊടിയിലെയും നിറക്കൂട്ടുകള്‍ ഇല്ലാതാവും. അത്രയ്ക്ക് നീറിപ്പിടിക്കുന്നതാണ് അത്.

എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമയ്ക്കുന്നക്കുന്ന വിശാരദന്‍മാരെക്കുറിച്ചാണ് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളത്-മോഹന്‍ലാല്‍ തുടരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam