»   » മോഹന്‍ലാല്‍ വീണ്ടും മിലിട്ടറിക്കാരനാകുന്നു

മോഹന്‍ലാല്‍ വീണ്ടും മിലിട്ടറിക്കാരനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിന്റെ കരിയറില്‍ ഏറെ മിലിട്ടറി കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദൗത്യവും പിന്‍ഗാമിയും പിന്നീട് മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തി ചക്ര പോലുള്ള ചിത്രങ്ങളുമെല്ലാം ലാലിന്റെ മികച്ച വേഷങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള ലാല്‍ വീണ്ടുമൊരു മിലിട്ടറി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പി അനിലിന്റെ മെമ്മറി കാര്‍ഡ് എന്ന ചിത്രത്തിലാണ് ലാല്‍ വീണ്ടും മിലിട്ടറിക്കാരനാകുന്നത്.

സേവനത്തില്‍ നിന്നും വിരമിച്ച മിലിട്ടറി കമ്മ്യൂണിക്കേഷന്‍ വിദഗ്ധനായിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഗിരീഷ് പറയുന്നത്. മോഹന്‍ലാലിനെക്കൂടാതെ മറ്റു പല വന്‍താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് പറയുന്നു.

വളരെ ചടുലമായ ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നും ഹൈദരാബാദില്‍ 6 ദിവസത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും ഗിരീഷ് പറഞ്ഞു. ഈ സംഭവങ്ങള്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെയും ഒരു പൊലീസ് ഓഫിസറെയും മറ്റൊരു വ്യക്തിയെയും ഒന്നിപ്പിയ്ക്കുകയാണ്. തുടര്‍ന്നങ്ങോട്ടാണ് കഥ വികസിക്കുന്നത്.

തിരക്കഥയുടെ ജോലികള്‍ ഇപ്പോള്‍ പൂര്‍ത്തിയായതേയുള്ളുവെന്നും ബാക്കി താരങ്ങളെയെല്ലാം നിര്‍ണ്ണയിച്ചുവരുകയാണെന്നും അണിയറക്കാര്‍ അറിയിച്ചു. ചിത്രത്തില്‍ ഒരു പ്രധാന റോള്‍ ചെയ്യാനായി അണിയറക്കാര്‍ പ്രകാശ് രാജുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകന്‍ അനിലിന്റെ തിരിച്ചുവരവ് ചിത്രമാണ് മെമ്മറി കാര്‍ഡ്. 1989ല്‍ ട്രെന്‍ഡ് സെറ്ററായി മാറിയ ദൗത്യമെന്ന ചിത്രം ലാലിന് സമ്മാനിച്ചത് അനിലായിരുന്നു. തുടര്‍ന്ന് സൂര്യഗായത്രിയെന്നൊരു ചിത്രവും അനില്‍ ലാലിനെ നായകനാക്കി സംവിധാനം ചെയ്തു. മോഹന്‍ലാലിന്റെ ഓണച്ചിത്രമായിട്ടായിരിക്കും മെമ്മറി കാര്‍ഡ് എത്തുകയെന്നാണ് അറിയുന്നത്.

English summary
Mohanlal to play as a military officer in P Anil's Memory Card.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam