twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗുജറാത്തും ഒറീസയും തേടി മലയാളസിനിമ

    By Super
    |

    Cinema
    ഷൂട്ടിങ് ലൊക്കേഷനുകള്‍ തേടി സംവിധായകരും അണിയറക്കാരും രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്നത് പുതിയകാര്യമല്ല. ഇന്‍ഡോര്‍ സെറ്റുകളില്‍ നിന്നും ഷൂട്ടിങ് ഔട്ട് ഡോറിലായ കാലംമുതലങ്ങോട്ട് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി സിനിമകള്‍ ചിത്രീകരിക്കുകയെന്നത് പതിവായി മാറിയിട്ടുണ്ട്. ഇതിനുവേണ്ടി പല സംവിധായകരും ഒട്ടേറെ യാത്രചെയ്യാറുണ്ട്. ഇപ്പോഴാണെങ്കില്‍ വെറും ലൊക്കേഷനുകള്‍ മാത്രമല്ല കഥയുടെ പരിസരങ്ങള്‍ത്തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

    മുമ്പൊക്കെ കേരളത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത് നടക്കുന്ന കഥയാകാം സിനിമയില്‍, പക്ഷേ പാട്ടുസീനുകള്‍ മറ്റെവിടെയെങ്കിലും ചിത്രീകരിയ്ക്കും എന്നൊക്കെയുള്ള രീതികളായിരുന്നു. എന്നാല്‍ ഇന്ന് കഥകള്‍ തന്നെ അന്യദേശങ്ങളിലേയ്ക്ക് പറിച്ചുനടപ്പെടുകയാണ്. പുറംനാടുകളില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള എത്രയോ ചിത്രങ്ങളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ബാംഗ്ലൂരിലും, മുംബൈയിലും, ദില്ലിയിലും എന്നുവേണ്ട സിനിമ പലയിടങ്ങളിലേയ്്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

    മുംബൈ പലപ്പോഴും പല മലയാളചിത്രങ്ങള്‍ക്കും വേദിയായിട്ടുണ്ട്, ചിലസിനിമകളില്‍ കഥാപാത്രം പോലെതന്നെ മുംബൈ വന്നിട്ടുണ്ട്. മേജര്‍ രവിയുടെ കീര്‍ത്തിചക്രമുതല്‍ കര്‍മ്മയോദ്ധവരെയുള്ള ചിത്രങ്ങളില്‍ മുംബൈയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ കഥമുഴുവന്‍ നടക്കുന്ന മുംബൈയില്‍ അല്ലായിരുന്നു. ഇപ്പോഴിതാ ബിജു ഭാസ്‌കര്‍ എന്ന സംവിധായകന്‍ തന്റെ പുതിയ ചിത്രമായ അറ്റ് അന്ധേരിയെന്ന ചിത്രം ചിത്രീകരിക്കുന്നത് അന്ധേയില്‍ത്തന്നെയാണ്. പലചിത്രങ്ങളും മുംബൈയില്‍ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേപലപ്പോഴും നഗരത്തിന്റെ കറുത്തമുഖം മാത്രമാണ് അനാവരണം ചെയ്യപ്പെട്ടത്.

    അധോലോകവും ചുവന്നതെരുവും ഉള്‍പ്പെടെയുള്ള അത്ര സുഖകരമല്ലാത്ത മുംബൈയുടെ മുഖങ്ങളാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ തന്റെ ചിത്രം അന്ധേരിയെ സാധാരണരീതിയിലാണ് കാണിക്കുന്നതെന്നും അന്ധേരിയിലെ മലയാളികളുടെ കഥയാണ് താന്‍ പറയുന്നതെന്നും ബിജു പറയുന്നു. അന്ധേരിയില്‍ ജീവിക്കുന്ന മലയാളികളുടെ സ്വപ്‌നങ്ങളിലൂടെയും ജീവിതപ്രശ്‌നങ്ങളിലൂടെയുമാണ് കഥ മുന്നേറുന്നത്. ദുബയ് പോലെ കരുതാവുന്ന ഒരു സ്ഥലമേയല്ല അന്ധേരി, രണ്ടിടത്തെയും ജീവിതം രണ്ടാണ്-ബിജു പറയുന്നു.

    തിരുവനന്തപുരത്തുകാരനാണെങ്കിലും ബിജു ഏറെക്കാലം ജീവിച്ചത് മുംബൈയിലാണ്. അന്ധേരിയില്‍ പറയുന്നപോലൊരു കഥ കേരളത്തില്‍വച്ച് ചിത്രീകരിച്ചാല്‍ അതൊരിക്കലും പൂര്‍ണമാകില്ല, അതുകൊണ്ടാണ് പൂര്‍ണമായും മുംബൈയില്‍ത്തന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്- ബിജു വിശദീകരിക്കുന്നു.

    വൈശാഖാണ് ചിത്രം ഏതാണ്ട് പൂര്‍ണമായും അന്യദേശത്ത് ഷൂട്ട് ചെയ്ത മറ്റൊരു സംവിധായകന്‍. മല്ലു സിങ് എന്ന തന്റെ ചിത്രം വൈശാഖ് ഷൂട്ട് ചെയ്തത് പഞ്ചാബിലാണ്. ക്യാമറാമാന്‍ ഷാജി പഞ്ചാബിന്റെ സൗന്ദര്യം പൂര്‍ണമായും ഓരോ സീനിലും പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. പ്രമുഖ തിരക്കഥാകൃത്ത് സേതുനാഥിന്റെ അടുത്ത ചിത്രം പൂര്‍ണമായും ഗുജറാത്തിലാണ് ചിത്രീകിരിക്കുന്നത്. രംഗോലിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്ന ഗുജറാത്തിലെ ഒരു ഹവേലിയിലാണ്. അതിനാല്‍ത്തന്നെ സംസ്‌കാരം, പാരമ്പര്യം, വസ്ത്രാലങ്കാരം ഇവയിലെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, എല്ലാം ഗുജറാത്തി സ്റ്റൈലിലായെങ്കിലേ കഥയ്ക്ക് പൂര്‍ണത കൈവരുകയുള്‌ലു. കേരളത്തിന് പുറത്തുള്ള ഒരു വിഷയമെടുത്ത് സിനിമയാക്കുമ്പോള്‍ അതാതിടത്ത് ചിത്രീകരിക്കുന്നതുതന്നെയാണ് സിനിമയ്ക്ക് നല്ലത്- സേതുനാഥ് പറയുന്നു.

    ഒറീസയിലെ കുന്നിന്‍ചെരിവുകളുടെയും പരന്നുകിടക്കുന്ന പാടങ്ങളുടെയും സൗന്ദര്യം കേരളീയരുടെ കാഴ്ചയിലേയ്‌ക്കെത്തിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍ തന്റെ അടുത്ത ചിത്രത്തിലൂടെ. ഒരു ഒറിയ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രം പൂര്‍ണമായും ഒറീസയിലാണ് ചിത്രീകരിക്കുന്നത്. സനികയാണ് ചിത്രത്തില്‍ ഒറിയപെണ്‍കുട്ടിയായി അഭിനയിക്കുന്നത്. മുപ്പത് വര്‍ഷം മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ചെയ്യുന്നത്. ഒറീസയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പതിനെട്ടുകാരിയായ ഒരു കുട്ടിയെ ക്ഷേത്രോത്സ്വസമയത്ത ദത്തെടുക്കുന്ന ആചാരവുമായി ബന്ധപ്പെട്ടുള്ള ഒരു കഥയാണിത്- പത്മകുമാര്‍ പറയുന്നു.

    എന്തായാലും ഇനിയങ്ങോട്ട് മലയാളസിനിയില്‍ കാഴ്ചയുടെ വസന്തമായിരിക്കുമെന്നകാര്യത്തില്‍ സംശയം വേണ്ട, കാലാകാലങ്ങളില്‍ പലതരത്തിലുള്ള മാറ്റങ്ങളാണ് സിനിമയില്‍ വരുന്നത്. ലൊക്കേഷനുകളും കഥാപരിസരങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ ഇത് പുതുമകളുടെ കാലമാണെന്നകാര്യത്തില്‍ സംശയമില്ല.

    English summary
    Bid adieu to geographical boundaries in Malayalam films. Filmmakers are not only going to other States to shoot their films, but also taking up scripts which are entirely based in that particular region.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X