»   » കെട്ടുവള്ളവും കായലും തേടി മലയാളസിനിമ

കെട്ടുവള്ളവും കായലും തേടി മലയാളസിനിമ

Posted By:
Subscribe to Filmibeat Malayalam
Lal Jose
മലയാളസിനിമയില്‍ സിനിമാറ്റോഗ്രാഫിയുടെ കാര്യത്തില്‍ മത്സരം നടക്കുകയാണ് ഇപ്പോഴെന്ന് പറയാം. ഓരോ ചിത്രവും എത്രത്തോളം നയനമനോഹരമാക്കാമെന്നതാണ് ഓരോ ചിത്രത്തിന്റെയും അണിയറക്കാരുടെ ചിന്ത. ഇതിനായി ഏറ്റവും നല്ല ക്യാമറാമാനെത്തന്നെ ജോലിയേല്‍പ്പിയ്ക്കാന്‍ അണിയറക്കാര്‍ തയ്യാറാകുന്നു.

ഓരോ സിനിമയും വ്യത്യസ്തമായ ലൊക്കേഷനുകളുടെ സൗന്ദര്യമാണ് പ്രേക്ഷകന് സമ്മാനിയ്ക്കുന്നത്. അടുത്തിടെ ഇറങ്ങിയ ആമേന്‍ എന്ന ചിത്രം ഇത്തരത്തില്‍ ശരിയ്ക്കുമൊരു കാഴ്ച വരുന്നായിരുന്നു. കുട്ടനാടിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൗന്ദര്യമാണ് ഈ ചിത്രത്തില്‍ നമ്മള്‍ കണ്ടത്. ആമേനില്‍ ഓരോ ആംഗിളിലും കാഴ്ചയുടെ വ്യത്യസ്തയുണ്ടായിരുന്നു. കായലും കെട്ടുവെള്ളവുമെല്ലാം വളരെ മനോഹരമായിട്ടാണ് ചിത്രത്തില്‍ പകര്‍ത്തിയത്.

ഇതിന് മുമ്പെത്തിയ അന്നയും റസൂലും മികച്ച കാഴ്ചാനുഭവം തന്നെയായിരുന്നു. ഇതിലുമുണ്ടായിരുന്നു കൊച്ചിക്കായലിന്റെ സൗന്ദര്യം. വിഷുച്ചിത്രമായി എത്തിയ സൗണ്ട് തോമയിലുമുണ്ടായിരുന്നു കുട്ടനാടിന്റെ സൗന്ദര്യം. അന്നയും റസൂലും ആമേനുമെല്ലാം ഉണ്ടാക്കിയ തരംഗത്തിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ മലയാളസിനിമ കായലില്‍ നങ്കൂരമിട്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.

ഇപ്പോഴിതാ ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രവും കായലോരജീവിതത്തിന്റെ കഥ പറയുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴയാണ്. കുട്ടനാട്ടിലെ ജീവിതത്തില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുകയെന്ന് തിരക്കഥാകൃത്ത് എം സിന്ധുരാജ് പറയുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി കുട്ടനാട്ടിലെ പലരും ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുകയാണ്. അവരുടെ ജീവിതം കെട്ടുവള്ളങ്ങളും കായലും, ഇവ കാണാനെത്തുന്ന സഞ്ചാരികളുമെല്ലാമായി ബന്ധപ്പെട്ട് കിടക്കുകയാണ്. ചിലര്‍ കെട്ടുവള്ളങ്ങളും ഹോട്ടലുകളും ഹോം സ്‌റ്റേകളും നടത്തുമ്പോള്‍ മറ്റു ചിലര്‍ ഇവിടങ്ങളിലേയ്ക്ക് സഞ്ചാരികളെ എത്തിക്കുന്ന ഇടനിലക്കാരായി ജോലിചെയ്യുന്നു. അല്ലെങ്കില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന എന്തെങ്കിലും വസ്തുക്കള്‍ വിറ്റഴിയ്ക്കുന്ന ചെറു കടകള്‍ നടത്തുന്നു. പഴയ മീന്‍പിടുത്തക്കാര്‍പോലും ഇഫ്‌പോള്‍ കെട്ടുവള്ളങ്ങളിലെ ജോലിക്കാരാണ്. ഇത്തരത്തില്‍ മാറിയ കുട്ടനാടിനെയാണ് ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക- സിന്ധുരാജ് പറയുന്നു.

2004ല്‍ കായലോരജീവിതത്തിന് പ്രധാന്യം നല്‍കിയെടുത്ത ജലോത്സവത്തിനും തിരക്കഥയെഴുതിയത് സിന്ധുരാജ് ആയിരുന്നു. ജലോത്സവത്തില്‍ കുഞ്ചാക്കോ ഒരു ന്യൂസ് റീഡറായിട്ടായിരുന്നു അഭിനയിച്ചത്. അന്ന് കേബിള്‍ കണക്ഷനുകളും പ്രാദേശിക ചാനലുകളും കുട്ടനാട്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ഒരു കെട്ടുവെള്ളം ഉടമയായിട്ടാണ് അഭിനയിക്കുന്നത്-സിന്ധു രാജ് പറയുന്നു.

കെആര്‍ മനോജിന്റെ ഹൗസ് ബോട്ട് എന്ന ചിത്രമാണ് കായലോര ജീവിതം വിഷയമാക്കിയൊരുങ്ങുന്ന മറ്റൊരു ചിത്രം. ഈ ചിത്രം ഒരു മ്യൂസിക്കല്‍ ത്രില്ലറാണെന്ന് സംവിധായകന്‍ പറയുന്നു. ഹൗസ് ബോട്ടില്‍ ഫഹദ് ഫാസിലിനെയും റിമ കല്ലിങ്കലിനെയും നായികാനായകന്മാരാക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ജുലൈയിലാണ് ഹൗസ്‌ബോട്ടിന്റെ ചിത്രീകരണം തുടങ്ങുക.

English summary
Mollywood's current trend to bring to the silver screen movies that people can relate to have paved way for two upcoming films that are centred on Kerala's tourism.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam