»   » മലയാള ചലച്ചിത്രലോകം സാഹിത്യത്തിന് പുറകേ

മലയാള ചലച്ചിത്രലോകം സാഹിത്യത്തിന് പുറകേ

Posted By: Super
Subscribe to Filmibeat Malayalam
നോവലുകളെയും ചെറുകഥകളെയുമെല്ലാം ആസ്പദമാക്കി എത്രയോ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പക്ഷേ ഇത്തരം സിനിമകള്‍ വളരെക്കാലത്തെ ഇടവേളകള്‍ക്കിടയിലാണ് ഉണ്ടായിട്ടുള്ളത്. മാത്രവുമല്ല ഇത്തരത്തില്‍ സാഹിത്യസൃഷ്ടികളെ അടിസ്ഥാനപ്പെടുത്തിയെടുക്കുന്ന ചിത്രങ്ങള്‍ പലതും അവരാര്‍ഡ് സിനിമാ വിഭാഗത്തിലായിരുന്നു ഉള്‍പ്പെടാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറുകയാണ്, സാഹിത്യ സൃഷ്ടികളെ ആസ്പദമാക്കിക്കൊണ്ടുള്ള സിനിമകള്‍ അടുത്തകാലത്തായി കൂടുകയാണ്, മാത്രവുമല്ല ഇവ പക്കാ കൊമേഴ്‌സ്യല്‍ ചിത്രങ്ങളായാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുകയും ചെയ്യുന്നത്. മിക്കവയും വലിയ വിജയം കൊയ്യുന്നുണ്ടെന്നകാര്യം എടുത്തുപറയേണ്ടതുമാണ്. പാലേരിമാണിക്യമെന്ന ചിത്രമാണ് ഇത്തരത്തിലൊരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചതെന്ന് പറയാം, പിന്നാലെയെത്തിയ നീലത്താമരയും ഇത്തരമൊരു ട്രെന്‍ഡില്‍ പിറന്ന ചിത്രമാണ്. ടിപി രാജീവിന്റെ പുസ്തകമാണ് പാതിരാ കൊലപാതകത്തിന്റെ അടിസ്ഥാനമെങ്കില്‍ എംടി വാസുദേവന്‍ നായരുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നീലത്താമര ഒരുക്കിയത്.

പലപ്രമുഖ സംവിധായകരും സാഹിത്യസൃഷ്ടികളെ ആസ്പദമാക്കി സിനിമപിടിക്കുന്ന ട്രെന്‍ഡിലേയ്ക്ക് കൂടുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വിജയം കൊയ്ത രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രം റോമിയോ ആന്റ് ജൂലിയറ്റ് കഥയുടെ പുതിയ ഭാഷ്യമാണ്. മധുപാലിന്റെ ഒഴിമുറിയെന്ന ചിത്രം ജെയ്‌മോഹന്റെ ഉറവിടങ്ങള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്. ഒഴിമുറിയും നല്ല അഭിപ്രായം നേടിയ ചിത്രമായിരുന്നു.

സ്ഥിരമായി സാഹിത്യസൃഷ്ടികളിലൂന്ന് സിനിമകളെടുത്ത സംവിധായകനാണ് ശ്യാമപ്രസാദ്. അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഇലക്ട്ര തുടങ്ങിയ ശ്യാമപ്രസാദ് ചിത്രങ്ങളെല്ലാം വിവിധ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയവയാണ്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ അരികെയാവട്ടെ ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാധ്യായയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് ചെയ്തിരിക്കുന്നത്. ശ്യാമപ്രസാദ് അടുത്തതായി ഒരുക്കുന്ന ചിത്രം പക്ഷേ ഇത്തരത്തിലൊന്നല്ല, ഇംഗ്ലീഷ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തീര്‍ത്തും സ്വതന്ത്രമാണ്.

പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി സിനിമകള്‍ ചെയ്യുമ്പോള്‍ സംവിധായകര്‍ക്ക് ജോലി കൂടുതല്‍ സുഖകരമാകുന്നുവെന്നത് ഒരു സത്യമാണ്. കഥകള്‍ക്കായുള്ള അന്വേഷണം, അവ പരുവപ്പെടുത്തല്‍ തുടങ്ങിയ കടുപ്പമേറിയ ജോലികള്‍ കുറഞ്ഞിരിക്കും. മാത്രവുമല്ല ജനങ്ങള്‍ക്കിടയില്‍ പ്രശസ്തമായ ഒരു കഥയാണ് സിനിമയാക്കുന്നതെങ്കില്‍ ചെറിയൊരു ഗ്യാരണ്ടി ചിത്രത്തിന്റെ പ്രദര്‍ശനവിജയത്തില്‍ പ്രതീക്ഷിയ്ക്കുകയും ചെയ്യാം. പലരും സാഹിത്യസൃഷ്ടികളെ അങ്ങനെ തന്നെ സമീപിയ്ക്കാതെ ഓരോകാലത്തെയും പ്രേക്ഷകസമൂഹത്തെ മുന്‍നിര്‍ത്തി മാറ്റങ്ങള്‍ വരുത്തിയാണ് സിനിമകളാക്കാറുള്ളത്. കഥകളെയും നോവലുകളെയും അടിസ്ഥാനപ്പെടുത്തി ചെയ്ത ചിത്രങ്ങളില്‍ അമ്പേ പരാജയപ്പെട്ടവ വളരെ ചുരുക്കമാണെന്ന് കാണാം.

പലപ്പോഴും സാഹിത്യസൃഷ്ടികള്‍ സിനിമകള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കളാവുകയാണ് ചെയ്യുന്നത്, സംവിധായകനുള്‍പ്പെടെയുള്ള അണിയറക്കാര്‍ക്ക് അതിനെ ചെറുതായൊന്ന് പരുവപ്പെടുത്തേണ്ടതിന്റെ ആവശ്യമേ വരുന്നുള്ളു. ചിലപ്പോഴെല്ലാം കഥകള്‍ വായിയ്ക്കുന്ന അനുഭവത്തേക്കാളാറെ സുഖം നല്‍കുന്നവയായി അത്തരം സിനിമകള്‍ മാറാറുണ്ട്. ഇത്തരത്തിലൊരു ചിത്രമാണ് കമലിന്റെ പൃഥ്വരാജ് ചിത്രമായ സെല്ലുലോയ്ഡ്. വിനു അബ്രഹാമിന്റെ നോവല്‍ നഷ്ടനായികയും ചേലങ്ങാട്ട ഗോപാലകൃഷ്ണന്‍ എഴുതിയ ജെസി ഡാനിയേലിന്റെ ജീവിതകഥയും ചേര്‍ത്താണ് സെല്ലുലോയിഡ് ഒരുക്കിയിരിക്കുന്നത്. എന്തായാലും മലയാളത്തില്‍ വരാനിരിക്കുന്ന ഒരുകൂട്ടം ചിത്രങ്ങളും ഇത്തരത്തില്‍ പ്രശസ്തമായ സാഹിത്യസൃഷ്ടികളെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഷിബു ഗംഗാധരന്റെ മമ്മൂട്ടി നായകനാകുന്ന പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രം സക്കറിയയുടെ നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സോഹന്‍ലാലിന്റെ കഥവീട് എന്ന ചിത്രം എംടി വാസുദേവന്‍ നായരുടെ ചെറുകഥകളെയാണ് ഇതിവൃത്തമാക്കുന്നത്. പ്രശസ്ത കവി ചങ്ങമ്പുഴയുടെ ജീവിത കഥ പറയുന്ന അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ചിത്രം പ്രൊഫസര്‍ എംകെ സാനുരചിച്ച ജീവചരിത്രത്തെ ആസ്പദമാക്കി പ്രിയനന്ദനനാണ് സംവിധാനം ചെയ്യുന്നത്. റഫീഖ് റാവുത്തര്‍ ഒരുക്കുന്ന ഇഎംഎസും പെണ്‍കുട്ടിയും(ബെന്യാമിന്റെ നോവല്‍), പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ബാല്യകാലസഖി എന്നിവയെല്ലാം ഇത്തരത്തില്‍ സാഹിത്യസൃഷ്ടികളെ അധികരിച്ചുകൊണ്ട് തയ്യാറാവുന്ന ചിത്രങ്ങളാണ്.

English summary
More often than not, a critically acclaimed film would be based on a novel, short story or play. However, in recent times, films adapted from books seem to be reaping commercial success as well

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam