»   » എംടിയുടെ ഏഴാമത്തെ വരവ്

എംടിയുടെ ഏഴാമത്തെ വരവ്

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
MT
സിനിമയൊരു സന്ദേശമാണ്. മറ്റ് ഏതു മാധ്യമത്തേക്കാളും ജനത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നത് സിനിമയിലൂടെയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ട് എം.ടി.വാസുദേന്‍ നായര്‍ തന്റെ പുതിയ ചിത്രത്തിന് തിരക്കഥയൊരുുക്കുന്നത്. പഴശ്ശിരാജയുടെ സൂപ്പര്‍ഹിറ്റിനു ശേഷം എംടിയും ഹരിഹരനും ഒന്നിക്കുന്ന ഏഴാമത്തെ വരവ് പരിസ്ഥിതി ചൂഷണത്തിനെതിരായ നല്ലൊരു സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. നരേയ്ന്‍, ഇന്ദ്രജിത്ത്, പത്മപ്രിയ എന്നിവര്‍ അഭിനയിക്കുന്ന ഏഴാമത്തെ വരവ് അടുത്തമാസം ചിത്രീകരണം തുടങ്ങും. കേരളത്തിലെയും കര്‍ണാടകയിലെയും കാടുകളിലാണ് ചിത്രീകരണം നടക്കുക. വനത്തില്‍ ഗവേഷണം നടത്തുന്ന ആളായിട്ടാണ് നരേയ്ന്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്തും പത്മപ്രിയയും ആദിവാസികളുടെ വേഷത്തിലും.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതി ചൂഷണം. പശ്ചിമഘട്ട പര്‍വ്വതനിരകളെ സംരക്ഷിക്കാന്‍ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പലയിടത്തുനിന്നും വിമര്‍ശനമുയരുന്ന സാഹചര്യമാണ്. ഈ സമയത്തു തന്നെയാണ് സിനിമയിലൂടെ പരിസ്ഥിതി ചൂഷണത്തിനെതിരെ പ്രതികരിക്കാമെന്ന് തിരക്കഥാകൃത്ത് തീരുമാനിച്ചതും.

ഭാരതപുഴയെ മണല്‍മാഫിയ കൊന്നപ്പോഴും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ സമൂഹം പ്രതികരിച്ചപ്പോഴും എം.ടി. മുന്‍പന്തിയിലുണ്ടായിരുന്നു. കാസര്‍കോട് നിരവധി തവണ അദ്ദേഹം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. യഥാര്‍ഥ കലാകാരന്‍ സമൂഹത്തോടു പ്രതിബദ്ധതയുള്ള ആളായിരിക്കണം എന്ന സന്ദേശമാണ് എം.ടി ഏഴാമത്തെ വരവിലൂടെ നമ്മോടു പറയുന്നത്.

പഴശ്ശിരാജയ്ക്കു ശേഷം ഭീമന്‍ എന്ന ചിത്രമായിരുന്നു എം.ടിയും ഹരിഹരനും പ്ലാന്‍ ചെയ്തിരുന്നത്. എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ഭീമന്റെ കഥ മുന്നോട്ടുപോയിരുന്നത്. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍ കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന ചിത്രമായിരുന്നതിനാല്‍ തല്‍ക്കാലം മാറ്റിവയ്ക്കുകയായിരുന്നു. ഏഴാമത്തെ വരവിനു ശേഷമായിരിക്കും ലാലിന്റെ ഭീമന്‍ സ്‌ക്രീനിലെത്തുക.

ഇന്ദ്രജിത്തും നരേയ്‌നും ആദ്യമായിട്ടാണ് എംടിയുടെ തിരക്കഥയില്‍ അഭിനയിക്കുന്നത്. സുകുമാരനെ നായകനാക്കി വളര്‍ത്തുമൃഗങ്ങള്‍ എന്ന ചിത്രം മുമ്പ് എംടി ചെയ്തിരുന്നു. ഇപ്പോള്‍ മകനെയും ചിത്രത്തില്‍ നായകനാക്കുന്നു. പഴശ്ശിരാജയിലെ പത്മപ്രിയയുടെ ഗംഭീരപ്രകടനം കണ്ടിട്ടാണ് ഏഴാമത്തെ വരവിലും നായികയാക്കുന്നത്.

English summary
Padmapriya will be playing the female lead in MT-Hariharan’s upcoming flick Ezhamathe Varavu which has Indrajith and Narain in the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam