»   » തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം

Written By:
Subscribe to Filmibeat Malayalam

കാത്തിരിപ്പിനൊടുവില്‍ 65ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ദേശീയ അവാര്‍ഡും പ്രഖ്യാപിച്ചിട്ടുള്ളത്. സിനിമാലോകം ഉറ്റുനോക്കിയൊരു പ്രഖ്യാപനം കൂടിയാണ് അല്‍പ്പം മുന്ന് നടന്നത്. ഇത്തവണത്തെ ജൂറിയില്‍ മലയാളി അംഗങ്ങള്‍ ആരുമില്ലെങ്കിലും മലയാള സിനിമയെ തഴയില്ലെന്ന വിശ്വാസത്തിലാണ് സിനിമാലോകം.

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍, മലയാളത്തിന് പ്രതീക്ഷയേറുന്നു, ആരൊക്കെ നേടും!

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. പ്രാദേശിക ഭാഷകളിലെ ചിത്രങ്ങളിലെ മികവ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജൂറി അധ്യക്ഷനായ ശേഖര്‍ കപൂര്‍ പറയുന്നു. ജൂറിക്ക് മുന്നിലേക്കെത്തിയ ചിത്രങ്ങളുടെ നിലവാരത്തെക്കുറിച്ച് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആരൊക്കെയാണ് ഇത്തവണത്തെ ജേതാക്കളെന്ന് അറിയേണ്ടേ?

പ്രത്യേക പരാമര്‍ശവുമായി പാര്‍വതി

ടേക്ക് ഓഫിലൂടെ പാര്‍വതിക്ക് പുരസ്‌കാരം
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലൂടെ പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചിരിക്കുകയാണ്. അസാമ്യ പ്രകടനമാണ് പാര്‍വതി കാഴ്ച വെച്ചതെന്ന് പ്രേക്ഷകരും സിനിമാലോകവും ഒന്നടങ്കം വിലയിരുത്തിയിരുന്നു. സമീറ എന്ന നേഴ്‌സായി താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. മികച്ച നടിക്കുള്ള പട്ടികയില്‍ അവസാന നിമിഷം വരെ താരമുണ്ടായിരുന്നുവെന്നും ജൂറി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയെക്കുറിച്ച് വാനോളം പുകഴ്ത്തിതിന് ശേഷമാണ് അദ്ദേഹം ഓരോ അവാര്‍ഡും പ്രഖ്യാപിച്ചത്.

മികച്ച ചിത്രമായി തൊണ്ടിമുതലും ദൃക് സാക്ഷിയും

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും അസാമാന്യ പ്രകടനമാണ് കാഴ്ച വെച്ചത്. പ്രസാദ് എന്ന കള്ളനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ദിലീഷ് പോത്തനെന്ന സംവിധായകനെ സംബന്ധിച്ചിടത്തോളും ഏറെ പ്രധാനപ്പെട്ട നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം മഹേഷിന്‍രെ പ്രതികാരത്തിലൂടെ അദ്ദേഹം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂര്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ തിരക്കഥാകൃത്തായ സജീവ് പാഴൂരിനാണ് ഇത്തവണ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. നേരത്തെ സംസ്ഥാന അവാര്‍ഡിലും തിളങ്ങി നിന്നിരുന്ന ചിത്രമായിരുന്നു ഇത്. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിനെത്തേടി എത്തിയിരുന്നു. സംസ്ഥാന തലത്തിന് പിന്നാലെ ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധ നേടിയിരിക്കുകയാണ്.

എആര്‍ റഹ്മാന് രണ്ട് പുരസ്‌കാരം

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സംഗീതഞ്ജന്‍ എആര്‍ റഹ്മാന് ഇത്തവണ രണ്ട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട. മികച്ച സംഗീതസംവിധായകന് പുറമേ പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരമാണ് എആര്‍ റഹ്മാന് ലഭിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമായ കാട്ര് വെളിയിടെ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

മികച്ച നടിയായി ശ്രീദേവി

സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വേദനിപ്പിച്ചൊരു മരണമായിരുന്നു ശ്രീദേവിയുടേത്. ദുബായില്‍ വെച്ചായിരുന്നു താരം അന്തരിച്ചത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീദേവിയെയാണ് ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി അഭിനയിച്ച മോം എന്ന ചിത്രത്തിലൂടെയാണ് താരം പുരസ്‌കാരത്തിന് അര്‍ഹയായത്.

മികച്ച സഹനടനായി ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ അഭിനയിച്ച സിനിമയായ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് മുന്‍പ് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണമെന്ന കാര്യത്തില്‍ പ്രത്യേക നിബന്ധനയുള്ള താരമാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഈ വ്യത്യസ്തത പ്രകടമാണ്. സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനാവാനുള്ള മത്സരത്തില്‍ അവസാനം വരെ ഫഹദുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഇന്ദ്രന്‍സിന് മുന്നില്‍ ഫഹദ് കീഴടങ്ങുകയായിരുന്നു. ഇത്തവണത്തെ ദേശീയ അവാര്‍ഡില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം ഫഹദിനെത്തേടിയെത്തിയിരിക്കുകയാണ്.

മികച്ച സംവിധായകനായി ജയരാജ്

കളിയാട്ടത്തിന് ശേഷം ജയരാജിനെത്തേടി വീണ്ടും മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഭയാനകം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിലൂടെ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിന് ലഭിച്ചിട്ടുണ്ട്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ജയരാജ് സ്വന്തമാക്കിയിട്ടുണ്ട്.

സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി ആളൊരുക്കം

ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയ ആളൊരുക്കത്തിന് സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നവാഗതനായ വിഎസ് അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തത്.

മികച്ച ഗായകനായി യേശുദാസ്

വിശ്വാസപൂര്‍വ്വം മന്‍സൂറിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള പുരസ്‌കാരം ഗാനഗന്ധര്‍വ്വനെ തേടിയെത്തിയിരിക്കുകയാണ്. എട്ടാമത്തെ തവണയാണ് അദ്ദേഹത്തിനെത്തേടി ദേശീയ പുരസ്‌കാരമെത്തിയത്. രമേഷ് നാരായണനാണ് ചിത്രത്തിന്‍രെ സംഗീതസംവിധായകന്‍.

മികച്ച നടന്‍

ബംഗാളി താരമായ റിഥി സെന്നിനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മയൂരക്ഷിയാണ് മികച്ച ബംഗാളി സിനിമ, ടു ലൈറ്റാണ് മികച്ച തമിഴ് ചിത്രം. ന്യൂട്ടണാണ് ഹിന്ദിയിലെ മികച്ച ചിത്രം. മികച്ച വിഎഫ്എക്‌സിനുള്ള അവാര്‍ഡ് രാജമൗലിയുടെ ബാഹുബലിയെയാണ് തിരഞ്ഞെടുത്തത്. മലയാള സിനിമ തിളങ്ങി നിന്നൊരു പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. പത്ത് പുരസ്‌കാരമാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. മലയാള സിനിമയിലെ താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് വാചാലനായതിന് ശേഷമാണ് ശേഖര്‍ കപൂര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

English summary
National Award 2018 delared

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X