»   » കൊമ്പുകോര്‍ക്കുന്നത് ബാവുട്ടിയും തടിയനും തമ്മില്‍

കൊമ്പുകോര്‍ക്കുന്നത് ബാവുട്ടിയും തടിയനും തമ്മില്‍

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് എല്ലാം കൊണ്ടും നല്ലതായിരുന്ന 2012ലെ അവസാന പോരാട്ടത്തില്‍ ബാവൂട്ടിയും തടിയനും ഇഞ്ചോടിഞ്ച് മല്‍സരിക്കുന്നു. മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തില്‍, ശേഖര്‍ മേനോന്‍ എന്ന തടിയന്‍ നായകനായ ടാ തടിയാ എന്നീ ചിത്രങ്ങളാണ് ഇന്നത്തെ റിലീസില്‍ ശ്രദ്ധേയമായത്. മോഹന്‍ലാല്‍ നായകനായ കര്‍മയോദ്ധ, ആസിഫ് അലിയും ഉണ്ണി മുകുന്ദനും നായകനായ ഐ ലവ് മി എന്നിവയെ ബഹുദൂരം പിന്തള്ളിയാണ് ബാവൂട്ടിയും തടിയനും ഓടുന്നത്.

തിരച്ചടികള്‍ മാത്രമായിരുന്നു 2012 മമ്മൂട്ടിക്കു സമ്മാനിച്ചത്. പതിനൊന്നുചിത്രങ്ങള്‍ തുടര്‍ച്ചയായി പൊട്ടിയിട്ടും താരപ്പൊലിമ തീരെ നഷ്ടമായില്ലെന്നാണ് ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രം റിലീസ് ചെയ്ത തിയറ്ററുകളുടെ മുമ്പിലെ തിരക്ക് കാണിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയും രഞ്ജിത്തും ചേരുമ്പോഴുള്ള മികച്ച ചിത്രം കാണാന്‍ വേണ്ടിയാണ് ഈ തിരക്കെന്ന സത്യം മറച്ചുവയ്ക്കാന്‍ പാടില്ല. രഞ്ജിത് തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ബാവൂട്ടി ജി.എസ്. വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത് എന്ന സിനിമാ പ്രവര്‍ത്തകനില്‍ മലയാളി അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ബാവൂട്ടിയുടെ കരുത്ത്.

Bavutty-Thadiya

തൊട്ടുമുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ ഫേസ്ടു ഫേസ് തിയറ്ററില്‍ എത്തും മുമ്പു തന്നെ എന്തായിരിക്കും ചിത്രമെന്ന എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരാഴ്ച കൊണ്ട് ചിത്രം തിയറ്റര്‍ വിട്ടു. എന്നാല്‍ ബാവൂട്ടിയുടെ ചിത്രീകരണം മുതല്‍തന്നെ ആളുകള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് രഞ്ജിത്ത് കഥയെഴുതിയിരിക്കുന്നത്. കാവ്യാ മാധവന്‍, കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍, വിനീത്, സുധീഷ്, മാമുക്കോയ, ഹരിശ്രീ അശോകന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജി.എസ്. വിജയന്‍ സംവിധാനരംഗത്തേക്കുതിരിച്ചുവരുന്നത്. ആ തിരിച്ചുവരവ് വന്‍ഹിറ്റിലൂടെയായത് നല്ലൊരു സംവിധായകനു ലഭിക്കുന്ന ഗംഭീര സ്വീകരണമാണ്.

മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. ഇന്നത്തെ പത്രങ്ങളിലെ പരസ്യങ്ങളെല്ലാം വളരെ വ്യത്യസ്മായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പുകളും വേഷങ്ങളുമാകുമ്പോള്‍ ആളുകളില്‍ കൗതുകമുണ്ടാക്കാനും അവരെ തിയറ്ററിലെത്തിക്കാനും അണിയറക്കാര്‍ക്കു സാധിച്ചു. തിരക്കു കാരണം വളരെ നേരത്തെ തന്നെ മിക്ക തിയറ്ററുകളിലും ഷോ തുടങ്ങിയിരുന്നു. ചെറുപ്പക്കാരാണ് കൂടുതലും ക്യൂ നില്‍ക്കുന്നത്. മമ്മൂട്ടി ചിത്രങ്ങളുടെ സുവര്‍ണകാലത്തെ തിരക്കാണ് ഇപ്പോള്‍കാണുന്നത്. പ്രാഞ്ചിയേട്ടനു ശേഷം മലയാളികള്‍ ആസ്വദിച്ചുകാണുന്ന ചിത്രമായിരിക്കും ബാവൂട്ടി എന്നകാര്യത്തില്‍സ ംശയമൊന്നുമി്ല്ല.

ആഷിക് അബു എന്ന വ്യത്യസ്ത ചിന്തയുള്ള സംവിധായകന്റെ ധൈര്യത്തിന്റെ വിജയമാണ് ടാ തടിയാ എന്ന ചിത്രം. ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തില്‍ ശേഖര്‍ മേനോന്‍ എന്ന തടിയന്റെ പ്രണയമാണ് ആഷിഖ് അബു അവതരിപ്പിക്കുന്നത്. ആരും ചിന്തിക്കാത്തിടത്തേക്കാണ് അഭിലാഷ് നായര്‍, ശ്യാം പുഷ്‌കര്‍, ദിലീഷ് നായര്‍ എന്നിവര്‍ പേന ചലിപ്പിക്കുന്നത്. ആന്‍ അഗസ്റ്റിന്‍ ആണ് നായിക. നിവിന്‍ പോളി, ശ്രീനാഥ് ഭാസി, മണിയന്‍പിള്ളരാജു, ഇടവേള രാജു, എന്‍.എല്‍. ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ചെയ്ത ചിത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു ആഷിക് അബുവിന്. സാള്‍ട്ട് പെപ്പര്‍, 22 എഫ്‌കെ എന്നിവയില്‍ കാണിച്ച ധൈര്യം ഒരുപടി കൂടി കടന്നിട്ടാണ് ടാ തടിയാ ഒരുങ്ങുന്നത്. താരമൂല്യമൊന്നുമില്ലാത്ത ഒരാളെ നായകനാക്കി ചിത്രമൊരുക്കുക എന്നത് അങ്ങനെ ചിന്തിക്കുന്ന ആള്‍ക്കേ സാധിക്കൂ. ഈ വര്‍ഷം ചെയ്ത രണ്ടുചിത്രങ്ങളും വിജയമാക്കാന്‍ ആഷിക് അബുവിനുസാധിച്ചു.
ചിത്ത്രതിന്റെ പേരു തന്നെയാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. മലയാളത്തില്‍ ആരും ഇടാന്‍ ധൈര്യപ്പെടാത്തൊരു പേരായിരുന്നു അത്. ചിത്രീകരണം തുടങ്ങിയതുമുതല്‍ ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നു. സിനിമ റിലീസ് ചെയ്യുമ്പോള്‍ 100 കിലോയ്ക്കു മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് സൗജന്യമെന്ന പരസ്യവും ആളെ ആകര്‍ഷിച്ചു.

മേജര്‍രവി സംവിധാനം ചെയ്ത കര്‍മയോദ്ധ പ്രതീക്ഷിച്ച വിജയം നേടില്ലെന്നാണ് സൂചന. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മുകേഷ്, ബിനീഷ് കോടിയേരി, നന്ദു എന്നിവരാണ് മറ്റുതാരങ്ങള്‍. സിനിമയുടെ കഥ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ വന്ന കോടതിവിധിയും സിനിമയ്ക്കുതിരിച്ചടിയായി. ഫാന്‍സുകാരെ രസിപ്പിക്കാന്‍ പറ്റിയ രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിനെതിരെയുള്ള മാഡ് ഡാഡിന്റെ പോരാട്ടമാണ് കര്‍മയോദ്ധ. ബാവൂട്ടിയുടെയും ടാ തടിയന്റെയും തിരക്കൊന്നും കര്‍മയോദ്ധയ്ക്കില്ല.

ബി. ഉണ്ണികൃഷ്ണന്റെ യുവാക്കളെ അണിനിരത്തിയുള്ള ഐ ലവ് മിയാണ് ഈ പോരാട്ടത്തില്‍ കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വരില്ല. ഈ മൂന്നു ചിത്രങ്ങള്‍ കഴിഞ്ഞ ശേഷമേ ആളുകള്‍ ഐലവ് മി കാണാന്‍ ശ്രമിക്കുകയുള്ളൂ. ആസിഫ് അലി, ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, ഇഷാ തല്‍വാര്‍ എന്നിവരാണ് താരങ്ങള്‍. സേതുവിന്റെതാണ് തിരക്കഥ. അവനവനെസ്‌നേഹിക്കുന്ന നാലുപേരുടെ കഥയാണിത്. പൂര്‍ണമായും വിദേശത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റിലീസ് ചെയ്ത മാറ്റിനി, ചാപ്‌റ്റേഴ്‌സ് എന്നിവയും പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

English summary
Major Ravi's Karmayodha, G S Vijayan's Bavuttiyude Namathil, Aashiq Abu's Da Thadiya and B Unnikrishnan's I Love Me are the four films to hit the screens December 21 onwards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X