»   » 'എസ്‌കേപ്പ് ഫ്രം ഉഗാണ്ട'യില് റിമയുടെ സ്റ്റണ്ട്

'എസ്‌കേപ്പ് ഫ്രം ഉഗാണ്ട'യില് റിമയുടെ സ്റ്റണ്ട്

Posted By: Super
Subscribe to Filmibeat Malayalam
സംസ്ഥാന പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് നടി റിമ കല്ലിങ്കല്‍. മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ റിമ ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു. ഇപ്പോള്‍ പല നല്ല ചിത്രങ്ങളിലൂടെയും മികച്ച നടിയെന്ന പേരുനേടിയെടുത്ത റിമയ്ക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്. ഏത് വേഷവും വളരെ സ്വാഭാവികമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കുന്ന റിമ ഏറ്റെടുത്തിരിക്കുന്ന പുതിയ വെല്ലുവിളി ഒരു ആക്ഷന്‍ റോളാണ്.

രാജേഷ് നായരുടെ എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിലാണ് റിമ ആക്ഷനുമായി എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രത്തില്‍ റിമയുടെ സ്റ്റണ്ട് സീനുകള്‍ കാണാം. റിമയെ സംബന്ധിച്ച് ഈ ആക്ഷന്‍ ചിത്രത്തനായി വലിയ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ല. കളരിപ്പയറ്റും മണിപ്പൂരി ആയോധനകലയായ ചൗവും പഠിച്ചിട്ടുള്ള റിമ സ്റ്റണ്ട് സീനുകള്‍ മികച്ചതാക്കുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം.

ഉഗാണ്ടയില്‍ ജീവിക്കുന്ന ഒരു മലയാളിക്കുടുംബം അവിടെ ഒരു കെണിയില്‍ അകപ്പെട്ടുപോകുന്നതാണ് കഥാതന്തു. ഈ ചിത്രത്തിലെ റിമയുടെ വേഷത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്, ഒരു മൂന്നുവയസ്സുകാരിയുടെ അമ്മയായിട്ടാണ് റിമ ഇതില്‍ അഭിനയിക്കുന്നത്. അകപ്പെട്ടുപോയ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ റിമയുടെ കഥാപാത്രം ശ്രമം നടത്തുകയാണ്. ചിത്രത്തില്‍ തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇതാദ്യമായിട്ടാണ് ഒരു മലയാളചിത്രം പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ഉഗാണ്ടയിലെ ലുസിറ മാക്‌സിമം സെക്യൂരിറ്റി ജയിലില്‍ വച്ചാണ്. നൈല്‍ നദിയുടെ ഉത്ഭവസ്ഥാനത്തു വച്ചും ചുടുനീരുറവള്‍ക്കും, സജീവമായ അഗ്നിപര്‍വ്വതങ്ങളുടെ സമീപം വച്ചുമെല്ലാം ചിത്രം ഷൂട്ട് ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ രാജേഷ് നായര്‍ പറയുന്നു.

പുതിയ വേഷം ലഭിച്ചതില്‍ ഏറെ ത്രില്ലിലാണെന്നാണ് റിമ പറയുന്നത്. നൃത്തപരിശീലനത്തിന്റെ ഭാഗമായി ആയോധനകലകള്‍ പരിശീലിച്ചതിനാല്‍ സ്റ്റണ്ട് സീനുകളെക്കുറിച്ച് പേടിയില്ലെന്നും ചിത്രം മികച്ചതാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും റിമ പറയുന്നു.

സാധാരണ നടിമാര്‍ ചെയ്യുന്ന ആക്ഷന്‍ ചിത്രങ്ങള്‍ പോലെ ഇതൊരു പക്കാ ആക്ഷന്‍ പടമല്ലെന്നും നിലനില്‍പ്പിനായി തന്റെ കഥാപാത്രത്തിന് പോരാടേണ്ടിവരുകയാണെന്നും താരം പറയുന്നു. അതിനാല്‍ത്തന്നെ ഈ ചിത്രത്തിന് ജീവിതവുമായി കൂടുതല്‍ ബന്ധമുള്ളതായി തോന്നുമെന്നും റിമ ഉറപ്പുനല്‍കുന്നു.

English summary
Actress Rima Kallingal will do some daredevil stunts in Rajesh Nair's upcoming film Escape from Uganda.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam