twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല സിനിമ ഒരിക്കലും തോറ്റുകൂടാ, മാമാങ്കത്തെ തളര്‍ത്താനാവില്ലെന്ന് ഒടിയന്‍റെ തിരക്കഥാകൃത്ത്

    By Midhun Raj
    |

    മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മാമാങ്ക മഹോത്സവുമായി ബന്ധപ്പെട്ട് കഥ പറയുന്ന സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ മാമാങ്കം എം പദ്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തികൊണ്ട് ഒരുക്കിയ സിനിമയാണ് മാമാങ്കമെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു.

    അതേസമയം ബ്രഹ്മാണ്ഡ ചിത്രം വലിയ രീതിയിലുളള ഡീഗ്രേഡിംഗും നേരിടുന്നുണ്ട്. സിനിമ മോശമാണെന്നും കാണരുതെന്നും കുറ്റം പറഞ്ഞുകൊണ്ടാണ് ചിലര്‍ രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചിത്രം ഒടിയനും ഇതുപോലെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. വലിയ ഹൈപ്പുമായി എത്തിയ സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെയായിരുന്നു അധികപേരുടെയും അഭിപ്രായം. അതേസമയം ഒടിയന്റെ ഒന്നാം വാര്‍ഷികത്തില്‍ തിരക്കഥാകൃത്ത് ഹരികൃഷ്ണന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഒടിയന്റെ അനുഭവങ്ങള്‍ വെച്ച് മാമാങ്കത്തെ ആര്‍ക്കും തളര്‍ത്താനാവില്ലെന്ന് തിരക്കഥാകൃത്ത് പറയുന്നു.

    ഓര്‍മയുണ്ട് , കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസം

    ഓര്‍മയുണ്ട്, കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസം. ഇതേ സമയം. കോട്ടയത്ത്, അതിരാവിലത്തെ 'ഒടിയന്റെ' ആദ്യ പ്രദര്‍ശനം കഴിഞ്ഞ് ഓഫിസില്‍ തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ. സിനിമ കണ്ട പരിചയക്കാരുടെ നല്ല വാക്കുകള്‍ പറഞ്ഞുള്ള വിളികളും മെസേജുകളും കിട്ടിത്തുടങ്ങി. പക്ഷേ, അപ്പോഴേക്കും ഡീ ഗ്രേഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ഓപ്പനിങ്ങും ഫസ്റ്റ് ഡേ കലക്ഷനും നേടിയ സിനിമയ്‌ക്കെതിരെ, സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ആക്രമണവും അതുവരെ മലയാള സിനിമ പരിചയിക്കാത്തതായിരുന്നു.

    തിന്മയുടെ

    തിന്മയുടെ സകല കരുത്തോടെയും, ഏറ്റവും നീചമായ ആരോപണങ്ങള്‍ ഉന്നയിച്ചുപോലും നടന്ന സൈബര്‍ ആക്രമണം അവരിലേറെയും സിനിമ കാണാത്തവരായിരുന്നു എന്നതായിരുന്നു കൗതുകകരം. ആ സിനിമയുടെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിനുമുന്‍പേ സിനിമയെ സമൂലം വിമര്‍ശിക്കുന്ന, കാശിനു കൊള്ളില്ലെന്ന മട്ടിലുള്ള പോസ്റ്റുകള്‍ പ്രവഹിച്ചു. ഏതു സിനിമയെയും പോലെ, പല കുറവുകളുമുള്ള സിനിമതന്നെയായിരുന്നു ഒടിയനും.

    പക്ഷേ, അതിലേറെ ഗുണാംശങ്ങള്‍

    പക്ഷേ, അതിലേറെ ഗുണാംശങ്ങള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. ഈ തിരിച്ചറിവു കൊണ്ടുതന്നെയാണ് ഈ സൈബര്‍ ആക്രമണം സംഘടിതമാണെന്നും അതില്‍ ആരുടെയൊക്കെയോ ഗൂഢോദ്ദേശങ്ങളുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കിയത്. പക്ഷേ, അതിജീവനത്തിന്റെ സിനിമ കൂടിയായിരുന്നു ഒടിയന്‍. രണ്ടു ദിവസം കൊണ്ടുതന്നെ ഡീഗ്രേഡിങ്ങിനെ സിനിമയുടെ നന്മകൊണ്ട് അതിജീവിക്കാന്‍ അതിനു കഴിഞ്ഞു.

    തിയറ്ററുകളിലേക്കു

    തിയറ്ററുകളിലേക്കു കുടുംബങ്ങള്‍ ഒഴുകിയെത്തി. നൂറു കോടി കലക്ഷനും ചില തിയറ്ററുകളില്‍ നൂറു ദിവസവും ആ സിനിമയ്ക്കു നേടാനായി. വെറുതെയല്ല ഈ കഥ ഓര്‍മിച്ചത്. മറ്റൊരു വലിയ, നല്ല സിനിമയും സംഘടിതമായ ഡീഗ്രേഡിങ്ങിനെ നേരിടുകയാണ് ഇപ്പോള്‍: മാമാങ്കം. മലയാളം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ചിത്രം.

    മമ്മൂട്ടി എന്ന അപാര പ്രതിഭാശാലിയായ

    മമ്മൂട്ടി എന്ന അപാര പ്രതിഭാശാലിയായ നടന്റെ അതുല്യമായ വേഷപ്പകര്‍ച്ചകള്‍, അമ്മക്കിളിക്കൂട് മുതല്‍ ജോസഫ് വരെ അതീവശ്രദ്ധേയമായ കയ്യൊപ്പുകളിട്ട എം. പത്മകുമാര്‍ എന്ന സംവിധായകന്റെ സൂക്ഷ്മസൗന്ദര്യമുള്ള സംവിധാനം, ഇനിയും എത്രയോ പേരുടെ സമര്‍പ്പണം, എത്രയോ രാപ്പകലുകളുടെ ക്‌ളേശം...അതെ, ചങ്ങാതി, മാമാങ്കം എന്ന സിനിമ ഈ ഡീഗ്രേഡിങ്ങില്‍ തളരില്ല.

    ഇതിലുമേറെ പ്രതിസന്ധികളെ

    ഇതിലുമേറെ പ്രതിസന്ധികളെ അതിജീവിച്ചാണല്ലോ ഈ സിനിമ സ്‌ക്രീനിലെത്തിയതുതന്നെ! ചരിത്രത്തിന്റെ സൗന്ദര്യം അതിന്റെ വേറിട്ട കഥനത്തിലുമാണ്. വടക്കന്‍ വീരഗാഥയോ പഴശ്ശിരാജയോ അല്ല മാമാങ്കം. അതു ചരിത്രത്തില്‍ ചാവേറുകള്‍ വീരംകൊണ്ടും ചോര കൊണ്ടും കണ്ണീരു കൊണ്ടും എഴുതിയ ഒരു വലിയ കഥയുടെ പുതിയ കാലത്തിനു ചേര്‍ന്ന സിനിമാവിഷ്‌കാരമാണ്.

    ചരിത്രം ജയത്തിന്റെയും

    ചരിത്രം ജയത്തിന്റെയും തോല്‍വിയുടെയും സ്വപ്നത്തിന്റെയും ഇച്ഛയുടെയുമൊക്കെ മനുഷ്യകഥയാണെന്നു കൂടി തിരിച്ചറിയുന്നവര്‍ യാഥാര്‍ഥ്യമാക്കിയ സിനിമ. നേരത്തെ, ഒടിയനെപ്പറ്റി എഴുതിയതുപോലെ, തീര്‍ച്ചയായും ചില കുറവുകള്‍ ഈ സിനിമയില്‍നിന്നും കണ്ടെടുക്കാം. പക്ഷേ, അതിനൊക്കെയപ്പുറത്താണ് ഇതിഹാസമാനങ്ങളോടെ എങ്കിലും, ഭൂമി തൊട്ട് കഥ പറയുന്ന ഈ നല്ല സിനിമ. സിനിമ നല്ലതല്ലെന്നു പറയാന്‍, നല്ലതാണെന്നു പറയാനുള്ളതുപോലെ പ്രേക്ഷകനു തീര്‍ച്ചയായും അവകാശമുണ്ട്.

    രണ്ട് അവകാശങ്ങളെയും

    രണ്ട് അവകാശങ്ങളെയും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ: ഗൂഢമായ താല്‍പര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരെ മലയാള പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ വേണം. മാമാങ്കം തീര്‍ച്ചയായും നാം കാണേണ്ട സിനിമയാണ്. ദുഷ്ടലാക്കോടെ ആരൊക്കെയോ ചേര്‍ന്ന്, ആദ്യ നാളുകളില്‍ ഒടിയന്‍ എന്ന സിനിമയിലേല്‍പ്പിച്ച ദുരനുഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കരുത്. നല്ല സിനിമ ഒരിക്കലും തോറ്റുകൂടാ. തോല്‍ക്കുകയുമില്ല, തീര്‍ച്ച. ഹരികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    Read more about: mammootty mamangam odiyan
    English summary
    Odiyan Script Writer Harikrishnan's Post About Mamangam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X